Kerala
കോഴിക്കോട് പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു; പ്രതികള്‍ പിടിയില്‍
സംഭവത്തില്‍ കാസര്‍കോട് സ്വദേശികളായ രണ്ടുപേരാണ് പിടിയിലായത്.
കോഴിക്കോട്| കോഴിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച പ്രതികള്‍ പിടിയില്‍. പെരിന്തല്‍മണ്ണ സ്വദേശിയായ കുട്ടിയെ ആണ് പീഡിപ്പിച്ചത്. ഒരു പകല്‍ മുഴുവന്‍ ശാരീരിക ഉപദ്രവം നടത്തിയ ശേഷം കുട്ടിയെ നാലായിരം രൂപ നല്‍കി ബീച്ചില്‍ ഇറക്കി വിടുകയായിരുന്നു. സംഭവത്തില്‍ കാസര്‍കോട് സ്വദേശികളായ രണ്ടുപേരാണ് പിടിയിലായത്.
ഈ മാസം 20നാണ് സംഭവം. ബസില്‍ യാത്ര ചെയ്ത് കോഴിക്കോട് ബീച്ചിലെത്തിയ കുട്ടിക്ക് താമസവും ഭക്ഷണവും നല്‍കാമെന്ന് പറഞ്ഞ് പ്രതികള്‍ ഫ്‌ളാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇവിടെവച്ച് മൂക്കിലൂടെ വലിക്കാന്‍ കഴിയുന്ന ലഹരി വസ്‌കതുക്കള്‍ നല്‍കി കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു. പുലര്‍ച്ചെ മുതല്‍ ഉച്ചവരെ ഉപദ്രവിച്ച ശേഷം പ്രതികള്‍ 4000 രൂപ നല്‍കി പെണ്‍കുട്ടിയെ കോഴിക്കോട് ബീച്ചില്‍ ഇറക്കി വിടുകയായിരുന്നു.
തുടര്‍ന്ന് പെരിന്തല്‍മണ്ണ പോലീസ് പെണ്‍കുട്ടിയെ കണ്ടെത്തി വീട്ടിലെത്തിക്കുകയായിരുന്നു. കുട്ടിയുടെ മൊഴി പ്രകാരം പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.




