Connect with us

International

ഇമ്രാൻ ഖാന്റെ ആരോഗ്യ സ്ഥിതി ഗുരുതരം; രഹസ്യമായി ആശുപത്രിയിലേക്ക് മാറ്റാൻ ദുരൂഹ നീക്കമെന്ന് പിടിഐ

രഹസ്യനീക്കം ഇമ്രാൻ ഖാന്റെ സുരക്ഷയെ ബാധിക്കുമെന്നും അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നും പാർട്ടി

Published

|

Last Updated

ഇസ്‍ലാമാബാദ് | പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നതിനിടെ, അദ്ദേഹത്തെ ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റാനുള്ള നീക്കങ്ങൾ ദുരൂഹമാണെന്ന ആരോപണവുമായി പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) രംഗത്തെത്തി. അടിയാല ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ വലതുകണ്ണിന്റെ കാഴ്ചശക്തി 85 ശതമാനത്തോളം നഷ്ടപ്പെട്ടതായും അദ്ദേഹത്തിന്റെ ജീവൻ അപകടത്തിലാണെന്നും സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി സൽമാൻ സഫ്ദർ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബാംഗങ്ങളെയോ വ്യക്തിഗത ഡോക്ടർമാരെയോ അറിയിക്കാതെ അദ്ദേഹത്തെ രഹസ്യമായി ആശുപത്രിയിലേക്ക് മാറ്റാൻ അധികൃതർ ശ്രമിക്കുന്നതായി പിടിഐ ആരോപിച്ചത്. ഇത്തരത്തിലുള്ള രഹസ്യനീക്കം ഇമ്രാൻ ഖാന്റെ സുരക്ഷയെ ബാധിക്കുമെന്നും അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നും പാർട്ടി പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നൽകി.

നിലവിൽ റാവൽപിണ്ടിയിലെ അതീവ സുരക്ഷാ ജയിലായ അദിയാലയിൽ കഴിയുന്ന ഇമ്രാൻ ഖാന് നേത്രരോഗ വിദഗ്ധരുടെ വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ പാക് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. കണ്ണിനുള്ളിൽ രക്തം കട്ടപിടിച്ചതിനെത്തുടർന്നാണ് (Central Retinal Vein Occlusion) കാഴ്ചശക്തി വൻതോതിൽ കുറഞ്ഞതെന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ, രാഷ്ട്രീയ താല്പര്യങ്ങൾ മുൻനിർത്തി അദ്ദേഹത്തിന് ചികിത്സ നിഷേധിക്കുകയാണെന്നും ഏകാന്ത തടവ് അദ്ദേഹത്തെ ശാരീരികമായും മാനസികമായും തകർക്കാൻ വേണ്ടിയുള്ളതാണെന്നും ഇമ്രാൻ ഖാന്റെ മകൻ കാസിം ഖാൻ ആരോപിച്ചു. അതേസമയം, ഇസ്‌ലാമാബാദിൽ പുതുതായി നിർമ്മിക്കുന്ന ജയിലിലേക്ക് രണ്ട് മാസത്തിനുള്ളിൽ ഇമ്രാൻ ഖാനെ മാറ്റുമെന്നും അവിടെ മെഡിക്കൽ സൗകര്യങ്ങൾ ലഭ്യമാകുമെന്നുമാണ് പാക് ആഭ്യന്തര മന്ത്രി മുഹ്സിൻ നഖ്‌വി അറിയിച്ചിരിക്കുന്നത്.

Latest