Kerala
നെഞ്ചില്‍ ട്യൂബ് കുടുങ്ങിയ സംഭവം; ഡോക്ടര്‍ക്കെതിരെ കേസ്
തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ രാജീവ് കുമാറിനെതിരെയാണ് കേസ്

തിരുവനന്തപുരം| തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ നെഞ്ചില്‍ ട്യൂബ് കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. ചികിത്സാ പിഴവ് കാട്ടി കാട്ടാക്കട മലയിന്‍കീഴ് സ്വദേശിനി സുമയ്യ നൽകിയ പരാതിയില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ രാജീവ് കുമാറിനെതിരെയാണ് കേസെടുത്തത്. ഐ പി സി 336, 338 വകുപ്പുകള്‍ പ്രകാരമാണ് കേസ്. ചികിത്സാ പിഴവില്‍ നടപടിയുണ്ടാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞിരുന്നു.
തൈറോയ്ഡ് ശസ്ത്രക്രിയക്കിടെയായിരുന്നു സുമയ്യയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയത്. ഇതിന് ശേഷം സുമയ്യക്ക് കടുത്ത ശ്വാസ തടസ്സം അനുഭവപ്പെട്ടിരുന്നു. യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്ന് കുടുംബം വ്യക്തമാക്കി.
യുവതിയെ ശസ്ത്രക്രിയ ചെയ്ത ഡോ. രാജീവ് കുമാറിന് ഓപറേഷന് മുമ്പ് പണം നല്‍കിയിരുന്നു. നെടുമങ്ങാട് പ്രൈവറ്റ് ക്ലിനിക്കില്‍ പോയി കണ്ടിരുന്നു. ഒ പിയില്‍ മറ്റൊരു ഡോക്ടറെ കണ്ടപ്പോള്‍ നല്‍കിയ നിര്‍ദേശം അനുസരിച്ചാണ് നെടുമങ്ങാട് ക്ലിനിക്കില്‍ പോയതെന്നും കുടുംബം പറഞ്ഞു. ഡോക്ടറുടെ ഓഡിയോ ക്ലിപ്പ് പുറത്തുവന്ന് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും നടപടിയെടുത്തില്ലെന്നും ആരോഗ്യവകുപ്പില്‍ നിന്ന് ആരും സംസാരിച്ചിട്ടില്ലെന്നും കുടുംബം ആരോപിച്ചു.
ട്യൂബ് നെഞ്ചിലുള്ളതുകൊണ്ട് മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. ശസ്ത്രക്രിയാ പിഴവ് നേരത്തേ അറിയാമായിരുന്നുവെന്നും ആരോഗ്യവകുപ്പ് സമ്മതിക്കുന്നു. പരാതി കിട്ടും മുന്നേ അന്വേഷണം നടത്തിയെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. 2025 ഏപ്രില്‍ മാസം വിദഗ്ധസമിതി രൂപവത്കരിച്ചു. 2025 ഏപ്രിലില്‍ ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ അഭിപ്രായം തേടി. പരാതി ലഭിച്ചാല്‍ വിദഗ്ധസമിതിക്ക് കൈമാറി നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
2023 ല്‍ നടത്തിയ തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യല്‍ ശസ്ത്രക്രിയക്കിടെ നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് ട്യൂബുമായി സുമയ്യ രണ്ട് വര്‍ഷത്തിലധികമാണ് ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടത്. ശ്വാസം മുട്ടല്‍ കടുത്തതോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി എക്സ് റേ എടുത്തപ്പോഴാണ് ട്യൂബ് കുടുങ്ങിയ കാര്യം കണ്ടെത്തുന്നത്. ഡോ.രാജീവ് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം ശ്രീചിത്രയില്‍ നടത്തിയ പരിശോധനയിലാണ് ഗൈഡ് ട്യൂബ് രക്തകുഴലുമായി ഒട്ടിയെന്നും തിരിച്ചെടുക്കുന്നത് ജീവന് തന്നെ അപകടമുണ്ടാക്കുന്ന കാര്യമാണെന്നും ഉറപ്പിക്കുന്നത്.