Connect with us

fir against adrissery faizy

ഹക്കീം ഫൈസി ആദൃശ്ശേരിക്കെതിരെ കേസ്

ഉമ്മര്‍കോയയുടെ പോസ്റ്റിന് ലൈക്കടിച്ചും ഷെയര്‍ ചെയ്തും അനുനായികള്‍ക്കിടയില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നും എഫ് ഐ ആറിലുണ്ട്.

Published

|

Last Updated

മലപ്പുറം | സാമൂഹികമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയില്‍, ഇ കെ വിഭാഗം സമസ്തയില്‍ നിന്ന് പുറത്താക്കിയ സി ഐ സി ജനറല്‍ സെക്രട്ടറി ഹക്കീം ഫൈസി അടക്കം 12 പേര്‍ക്കെതിരെ തേഞ്ഞിപ്പലം പോലീസ് കേസെടുത്തു. ഹക്കീം ഫൈസിക്കെതിരെ പ്രേരണാകുറ്റത്തിനാണ് കേസെടുത്തത്. ഉമ്മര്‍കോയ എന്ന പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി വസ്തുതാവിരുദ്ധമായ പ്രചാരണം നടത്തിയെന്ന അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവിയുടെ പരാതിയിലാണ് പോലീസിന്റെ നടപടി.

സമൂഹത്തില്‍ കുഴപ്പങ്ങള്‍ക്കും കലാപത്തിനും ശ്രമിച്ചതിന് ഐ പി സി 153ാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഉമര്‍കോയ, ഹക്കീം ഫൈസി ആദൃശ്ശേരി, യാസര്‍ അരാഫത്ത് പാലത്തിങ്കല്‍, എ എച്ച് കെ തൂത, അലി ഹുസൈന്‍ വാഫി, സുബൈര്‍ വാഫി വള്ളിക്കാപ്പെറ്റ, മുഹമ്മദ് ഇക്ബാല്‍, ഷെജില്‍ ഷെജി, അക്തര്‍ ഷാ നിശാനി, നിശാല്‍ പരപ്പനങ്ങാടി, മസ്റൂര്‍ മുഹമ്മദ്, ലുക്മാന്‍ വാഫി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

ജൂലൈ 16-ാം തിയതി മുതല്‍ ഒന്നാം പ്രതിയായ ഉമര്‍കോയ വ്യാജ ഫേസ്ബുക്ക് ഐ ഡി ഉപയോഗിച്ച് സംഘടനയെയും നേതാക്കളെയും പണ്ഡിതന്മാരെയും സംബന്ധിച്ച് സമസ്ത(ഇ കെ)യുടെ പേരില്‍ തെറ്റും വ്യാജവുമായ വാര്‍ത്തകള്‍ നല്‍കിയെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. രണ്ടാം പ്രതിയായ ഹക്കീം ഫൈസി ആദൃശ്ശേരി ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ചെയ്യാന്‍ പ്രേരിപ്പിച്ചെന്നും പ്രതിപ്പട്ടികയിലെ മൂന്ന് മുതല്‍ 12 വരെയുള്ളവര്‍ ഉമ്മര്‍കോയയുടെ പോസ്റ്റിന് ലൈക്കടിച്ചും ഷെയര്‍ ചെയ്തും അനുനായികള്‍ക്കിടയില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നും എഫ് ഐ ആറിലുണ്ട്.