Connect with us

local body election 2025

വോട്ടോട്ടത്തില്‍ സ്ഥാനാര്‍ഥികള്‍

വോട്ടുറപ്പിക്കുന്നതിനുള്ള ഓട്ടത്തിലാണ് തിരഞ്ഞെടുപ്പ് കളത്തിലുള്ളവർ

Published

|

Last Updated

മലപ്പുറം | തദ്ദേശ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഓരോ വോട്ടർമാരെയും നേരിൽ കണ്ട് വോട്ടുറപ്പിക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് സ്ഥാനാർഥികളും പാർട്ടി പ്രവർത്തകരും. ബൂത്ത്, വാർഡ് തല കൺവെൻഷനുകൾ പൂർത്തിയാക്കി വീടുകൾ കയറിയിറങ്ങിയുള്ള വോട്ടഭ്യർഥനയിലാണ് സ്ഥാനാർഥികളും പരിവാരങ്ങളും. പാർട്ടി വോട്ടുകൾ ഉറപ്പിച്ചും ചാഞ്ചാട്ടമുള്ള വോട്ടർമാരുടെ വിവരങ്ങൾ ശേഖരിച്ചും

വോട്ടുറപ്പിക്കുന്നതിനുള്ള ഓട്ടത്തിലാണ് തിരഞ്ഞെടുപ്പ് കളത്തിലുള്ളവർ. പാർട്ടി വോട്ടുകൾ, എതിർ വോട്ടുകൾ, ലഭിക്കാൻ സാധ്യതയുള്ള വോട്ടുകൾ എന്നിങ്ങനെ കണക്കുകൾ തയ്യാറാക്കിയാണ് പ്രവർത്തകരുടെ മുന്നേറ്റം. അടുത്ത ദിവസങ്ങളിലായി വാഹന പ്രചാരണങ്ങളും റാലികളുമായി പോർക്കളം സജീവമാകും. സ്ഥാനാർഥികൾ പ്രചാരണരംഗത്ത് അരയും തലയും മുറുക്കിയിറങ്ങിയിട്ട് ഒരാഴ്ച കഴിഞ്ഞു. പോസ്റ്റർ, ബാനർ എന്നിവ കവലകളിലെങ്ങും ഉറപ്പിക്കുന്നതിനായിരുന്നു ആദ്യ മുൻഗണന. ഇതിനുപിന്നാലെ സംഘങ്ങളായി തിരിഞ്ഞ് പ്രവർത്തകർ വീട് കയറിത്തുടങ്ങി. അടുത്ത ഘട്ടത്തിൽ വോട്ടർമാർക്കു നൽകാനുള്ള സ്ലിപ് വിതരണം ചെയ്യാനായി ഒരിക്കൽകൂടി വീടുകൾ കയറും. ഭൂരിഭാഗം സ്ഥലങ്ങളിലും ബൂത്ത് അടിസ്ഥാനത്തിൽതന്നെ മുന്നണികളുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകൾ സജ്ജമാണ്.

 കളം ചൂടാകും

അടുത്താഴ്ചയോടെ പ്രചാരണ കളം ചൂടാകും. മൂന്ന് മുന്നണികളുടെയും പ്രമുഖ നേതാക്കൾ പ്രചാരണത്തിനായി അടുത്ത ദിവസങ്ങളിലായി ജില്ലയിലെത്തും. തെക്കൻ കേരളത്തിൽ ഒമ്പതിനാണ് വോട്ടെടുപ്പ്.
പ്രമുഖ നേതാക്കളെല്ലാം ഇപ്പോൾ അവിടങ്ങളിൽ സജീവ പ്രചാരണത്തിലാണ്. പരസ്യ പ്രചാരണം അവസാനിക്കുന്നതോടെ നേതാക്കളെല്ലാം രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന വടക്കൻ കേരളത്തിലെ വിവിധ ജില്ലകളിലെത്തും. ഇതോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം അലതല്ലും. ക്ഷേമ പെൻഷൻ വർധന ഉൾപ്പെടെ സംസ്ഥാന സർക്കാറിന്റെ നേട്ടങ്ങൾ തന്നെയാണ് ഇടതുപക്ഷത്തിന്റെ പ്രധാന പ്രചാരണ വിഷയം.

ശബരിമല സ്വർണക്കൊള്ളയും ജില്ലയോടുള്ള അവഗണനയും യു ഡി എഫ് ഉയർത്തിക്കാട്ടുന്നു. മാറ്റത്തിനൊരു വോട്ട് എന്ന മുദ്രാവാക്യമുയർത്തിയാണ് എൻ ഡി എയുടെ പ്രചാരണം. ചില സ്ഥലങ്ങളിൽ വിമതർ പണി തരുമോയെന്ന ആശങ്കയും മുന്നണികൾക്കുണ്ട്.

ശബരിമലയും രാഹുൽ മാങ്കൂട്ടത്തിലുമൊക്കെയാണ് പ്രചാരണരംഗത്തെ പൊതുവിഷയങ്ങൾ. യു ഡി എഫ്, വെൽഫെയർ കൂട്ടുകെട്ട് ചർച്ചകളിൽ നിറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പായതിനാൽ ഓരോ വാർഡിലും ഓരോ വിഷയമാണ്. അടുത്തഘട്ടത്തിൽ തിരഞ്ഞെടുപ്പിനെ തന്നെ സ്വാധീനിക്കാവുന്ന പുതിയ വിഷയങ്ങൾ ഉയർന്നുവന്നേക്കാം.

ഓരോ വോട്ടും വിലയേറിയത്

തദ്ദേശ തിരഞ്ഞെടുപ്പിൽ ഓരോ വോട്ടും വിലപ്പെട്ടതാണ്. അത് മുന്നിൽ കണ്ടാണ് വോട്ട് പിടുത്തം.
നേരത്തെ നേരിയ വോട്ടുകൾക്ക് തോൽവി നേരിട്ട വാർഡുകളിൽ ഇത്തവണ വിജയമുറപ്പിക്കാൻ ജില്ലക്കും പുറത്തും സംസ്ഥാനത്തിന് പുറത്തും ജോലി ചെയ്യുന്നവരെയും പഠനം നടത്തുന്നവരെയും ഏതുവിധേനയും നാട്ടിലെത്തിക്കാനാണ് മുന്നണികളുടെ ശ്രമം.

ഇവർക്കായി യാത്രാചെലവ് വരെ നൽകാമെന്ന വാഗ്ദാനം ചെയ്താണ് രാഷ്ട്രീയ നേതൃത്വം വോട്ടുറപ്പിക്കാൻ ശ്രമം നടത്തുന്നത്. ഇങ്ങനെ ദൂരദിക്കുകളിലുള്ള വോട്ടർമാരെ ഫോൺ മുഖേന ബന്ധപ്പെട്ട് വോട്ട് ഉറപ്പിക്കുകയും അവർക്ക് വേണ്ട യാത്രാസഹായങ്ങളും ചെയ്ത തുടങ്ങി. ബസ് ടിക്കറ്റോ ട്രെയിൻ ടിക്കറ്റോ നൽകിയാണ് വോട്ടുറപ്പിക്കൽ.

 ആവേശം കടൽ കടന്നെത്തുന്നു

വോട്ടെടുപ്പിന്റെ ആവേശമയി നിരവധി പ്രവാസികളാണ് ജില്ലയിലെത്തുന്നത്. തദ്ദേശ തിരഞ്ഞെടുപ്പാകുമ്പോൾ ബന്ധുക്കളോ, അടുത്ത സുഹൃത്തുക്കളോ മത്സരക്കളത്തിലുണ്ടാകും. അവർക്ക് വേണ്ടി പ്രചാരണത്തിനിറങ്ങാനും വോട്ട് ചെയ്യാനും കൂടിയാണ് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവരുടെ വരവ്. വോട്ടില്ലാത്ത പ്രവാസികളും ആവേശത്തിൽ പങ്ക് ചേരാൻ നാടണയുന്നുണ്ട്. ഇത് കാരണം വിമാന ടിക്കറ്റിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് പ്രവാസികൾ പറയുന്നു. നാടണയുന്നവരുടെ എണ്ണം കൂടിയതോടെ ഇരട്ടിയോളം തുകയാണ് വിമാനടിക്കറ്റിന് വർധനവ് വന്നിരിക്കുന്നത്. അഞ്ച് വർഷത്തിൽ ഒരിക്കലല്ലേ, എത്ര വില കൊടുത്താലും വേണ്ടിയില്ലെന്ന നിലപാടിലാണ് വോട്ടെടുപ്പ് ആവേശവുമായി നാട്ടിലെത്തുന്ന പ്രവാസികളുടെ നിലപാട്.

 

 

---- facebook comment plugin here -----

Latest