From the print
ക്യാന്‍സര്‍ മരുന്ന് മാറിനല്‍കിയിട്ടില്ല; ആശങ്ക വേണ്ടെന്ന് ആര്‍ സി സി
പാക്കിംഗിലെ പിഴവെന്ന് വിശദീകരണം. മരുന്ന് കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തി.

തിരുവനന്തപുരം | റീജ്യനല്‍ ക്യാന്‍സര്‍ സെന്ററില്‍ മരുന്ന് മാറിയ വിഷയത്തില്‍ വിശദീകരണം നല്‍കി ആര്‍ സി സി അധികൃതര്‍. തലച്ചോറിലെ ക്യാന്‍സറിനുള്ള മരുന്ന് ശ്വാസകോശ ക്യാന്‍സറിനുള്ള കീമോതെറാപ്പി ഗുളികയുടെ പായ്ക്കില്‍ ലഭിച്ചതുമായി ബന്ധപ്പെട്ടാണ് വിശദീകരണം. സംഭവം കമ്പനിയുടെ പാക്കിംഗിലെ പിഴവിനെ തുടര്‍ന്നാണെന്നും ആര്‍ക്കും മരുന്ന് നല്‍കിയിട്ടില്ലെന്നും വ്യക്തമാക്കിയ സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് തിരുവനന്തപുരം ആര്‍ സി സിക്ക് മരുന്ന് നല്‍കിയ ഗുജറാത്ത് ആസ്ഥാനമായ ഗ്ലോബേല ഫാര്‍മ കമ്പനിക്കെതിരെ കേസ് എടുത്തിട്ടുണ്ട്. പ്രാഥമിക റിപോര്‍ട്ടും തൊണ്ടിയും കോടതിയില്‍ ഹാജരാക്കി.
തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയായിരിക്കും കേസ് പരിഗണിക്കുക. മരുന്നു മാറിയ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
ഒപ്പം ഗ്ലോബേല ഫാര്‍മയെ ആര്‍ സി സി കരിമ്പട്ടികയില്‍പ്പെടുത്തിയിട്ടുണ്ട്. തലച്ചോറിലെ ക്യാന്‍സറിന് ചികിത്സയിലുള്ളവര്‍ക്ക് ശ്വാസകോശ ക്യാന്‍സര്‍ ബാധിതര്‍ക്കുള്ള കീമോതെറാപ്പി ഗുളികകളാണ് മാറി നല്‍കിയത്. മരുന്ന് രോഗികള്‍ക്ക് നല്‍കിയിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആര്‍ സി സി അധികൃതര്‍ ഔദ്യോഗിക വിശദീകരണം നല്‍കി. ടെമോസോളോമൈഡ് 100 എന്ന് പേരുള്ള പേപ്പര്‍ ബോക്സില്‍ എറ്റോപോസൈഡ് ഫിഫ്റ്റി എന്ന ഗുളികയുടെ കുപ്പിയായിരുന്നു. ശ്വാസകോശ ക്യാന്‍സറിനും വൃഷണത്തെ ബാധിക്കുന്ന ക്യാന്‍സറിനുമുള്ള കീമോതെറാപ്പി ഗുളികയാണ് എറ്റോപോസൈഡ്. തലച്ചോറിലെ ക്യാന്‍സറിന് ചികിത്സയിലുള്ളവര്‍ക്ക് നല്‍കുന്ന കീമോതെറാപ്പി മരുന്നാണ് ടെമോസോളോമൈഡ് 100.
ആര്‍ സി സി ജീവനക്കാരാണ് പിഴവ് കണ്ടെത്തി റിപോര്‍ട്ട് ചെയ്തത്. 92 പാക്കറ്റ് മരുന്നുകളാണ് വന്നത്. ആദ്യ പാക്കറ്റ് പൊട്ടിച്ചപ്പോള്‍ തന്നെ ഫാര്‍മസിസ്റ്റ് പിഴവ് കണ്ടെത്തി. വിഷയത്തില്‍ സംസ്ഥാന ഡ്രഗ് കണ്‍ട്രോള്‍ വകുപ്പ് കമ്പനിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്.