Ongoing News
പിതാവിനെ പരിചരിക്കാനെത്തി വീട്ടമ്മയുടെ സ്വര്‍ണവും പണവും കവര്‍ന്നു; പുരുഷ നഴ്‌സ് അറസ്റ്റില്‍
പ്രദീപും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ നിന്നും കമ്മല്‍ കണ്ടെടുത്തു.

പത്തനംതിട്ട | സുഖമില്ലാതെ കിടപ്പിലായ പിതാവിനെ ശുശ്രൂഷിക്കാന്‍ വീട്ടില്‍ നിര്‍ത്തിയ പുരുഷ നഴ്‌സ് വീട്ടമ്മയുടെ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു. ഇയാൾ അറസ്റ്റിലായിട്ടുണ്ട്. കട്ടപ്പന ഇരുപത് ഏക്കറില്‍ നിന്നും കട്ടപ്പന കുന്തളം പാറ തവളപ്പാറ മാറ്റത്തില്‍ വീട്ടില്‍ പ്രദീപ് കുമാറി(39)നെയാണ് കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തത്. കവിയൂര്‍ പടിഞ്ഞാറ്റുശ്ശേരി ചിറത്തലക്കല്‍ ഷിജിമോള്‍ മാത്യു(40)വിന്റെ പരാതിയിലാണ് അറസ്റ്റ്.
വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ട് പവന്‍ സ്വര്‍ണവളയും രണ്ട് ഗ്രാം ഒരു ജോഡി സ്വര്‍ണക്കമ്മലും രണ്ട് പവന്റെ മോതിരവും പതിനായിരം രൂപയും മോഷ്ടിച്ചുകടന്നു എന്നായിരുന്നു കേസ്. സെപ്തംബര്‍ ഒന്നിന് ഷിജിമോള്‍ മോഷണം സംബന്ധിച്ച് കോയിപ്രം സ്‌റ്റേഷനിലെത്തി മൊഴി നല്‍കിയിരുന്നു. ഇരുപത് ഏക്കറില്‍ പ്രദീപും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ നിന്നും കമ്മല്‍ കണ്ടെടുത്തു.
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പോലീസ് ഇന്‍സ്‌പെക്ടര്‍ സജീഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ് ഐ പ്രകാശ്, എ എസ് ഐ വിനോദ് കുമാര്‍, എസ് സി പി ഓ ജോബിന്‍, സി പി ഓ അഭിലാഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ട്.