Connect with us

National

സി പി രാധാകൃഷ്ണന്‍ എന്‍ ഡി എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി

2024 ജൂലൈ 31 നാണ് മഹാരാഷ്ട്ര ഗവര്‍ണറായി ചുമതലയേറ്റത്

Published

|

Last Updated

ന്യൂഡല്‍ഹി |  എന്‍ ഡി എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി മഹാരാഷ്ട്ര ഗവര്‍ണര്‍ സി പി രാധാകൃഷ്ണനെ പ്രഖ്യാപിച്ച് ബിജെപി. ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. തമിഴ്‌നാട് സ്വദേശിയാണ് രാധാകൃഷ്ണന്‍. ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതി പദം രാജിവച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ്.പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത്ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ചന്ദ്രപുരം പൊന്നുസ്വാമി രാധാകൃഷ്ണന്‍ എന്ന സി പി രാധാകൃഷ്ണന്‍ 1957 ഒക്ടോബര്‍ 20 ന് തമിഴ്‌നാട്ടിലെ തിരുപ്പൂരിലാണ് ജനിച്ചത്. 2024 ജൂലൈ 31 നാണ് മഹാരാഷ്ട്ര ഗവര്‍ണറായി ചുമതലയേറ്റത്.2023 ഫെബ്രുവരി 18 മുതല്‍ 2024 ജൂലൈ 30 വരെ ജാര്‍ഖണ്ഡ് ഗവര്‍ണറായി സേവനമനുഷ്ഠിച്ചിരുന്നു. 2024 മാര്‍ച്ച് മുതല്‍ ജൂലൈ വരെ തെലങ്കാന ഗവര്‍ണറായും 2024 മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെ പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണറായും അധിക ചുമതല വഹിച്ചു.ബിജെപി തമിഴ്‌നാട് ഘടകം മുന്‍ പ്രസിഡന്റാണ്. കോയമ്പത്തൂരില്‍ നിന്ന് രണ്ടു തവണ ലോക്‌സഭയിലേക്കു തിഞ്ഞെടുക്കപ്പെട്ടിരുന്നു. 2020 മുതല്‍ രണ്ടു വര്‍ഷം കേരളാ ബിജെപിയുടെ ചുമതല വഹിച്ചിട്ടുണ്ട് . കയര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാനാണ്.

ജൂലൈ 21നാണ് ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രാജിവച്ചത്. സെപതംബര്‍ 9 നാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്.

 

Latest