Connect with us

National

ഉപ തിരഞ്ഞെടുപ്പ്: ഏഴ് നിയമസഭാ മണ്ഡലങ്ങളിലെ ജനഹിതം ഇന്നറിയാം

മഹാരാഷ്ട്ര, തെലങ്കാന, ബിഹാര്‍, ഹരിയാന, ഒഡീഷ, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പിലെ ഫലമാണ് ഇന്ന് അറിയുക.

Published

|

Last Updated

ന്യൂഡല്‍ഹി | ഉപ തിരഞ്ഞെടുപ്പ് നടന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ ഇന്ന് നടക്കും. മഹാരാഷ്ട്ര, തെലങ്കാന, ബിഹാര്‍, ഹരിയാന, ഒഡീഷ, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പിലെ ജനഹിതമാണ് ഇന്ന് അറിയുക.

മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റ്, തെലങ്കാനയിലെ മുനുഗോഡ്, ബിഹാറിലെ മൊകാമ, ഹരിയാനയിലെ ആംപൂര്‍, ഒഡിഷയിലെ ധാംനഗര്‍, ഉത്തര്‍ പ്രദേശിലെ ഗോല ഗോകര്‍നാഥ്, ഗോപാല്‍ഗഞ്ച് എന്നീ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് നടക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഈ മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് നടന്നത്.

എം എല്‍ എമാര്‍ രാജിവച്ചതിനെ തുടര്‍ന്നായിരുന്നു തെലങ്കാനയിലും ഹരിയാനയിലും ഉപ തിരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് എം എല്‍ എ. കോമതി റെഡ്ഡി രാജ്ഗോപാല്‍ റെഡ്ഡി രാജിവച്ച് ബി ജെ പിയിലേക്ക് ചേക്കേറിയതോടെയാണ് തെലങ്കാനയില്‍ ഉപ തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കോണ്‍ഗ്രസ് എം എല്‍ എയായിരുന്ന കുല്‍ദീപ് ബിഷ്ണോയി രാജിവെച്ച് ബി ജെ പിയിലേക്ക് പോയത് ഹരിയാനയില്‍ വോട്ടെടുപ്പിന് കളമൊരുക്കി.