International
ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച് ബ്രിട്ടൺ; കെയ്ർ സ്റ്റാർമർ ഇന്ന് പ്രഖ്യാപനം നടത്തും
ഗസ്സയിൽ വെടിനിർത്തൽ ഉൾപ്പെടെയുള്ള ചില നിബന്ധനകൾ അംഗീകരിക്കാത്തപക്ഷം ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ജൂലൈയിൽ ബ്രിട്ടൺ വ്യക്തമാക്കിയിരുന്നു.

ലണ്ടൻ | ഫലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കുന്നതായി ബ്രിട്ടൻ ഇന്ന് പ്രഖ്യാപിച്ചേക്കും. പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ യുഎസ് സമയം ഞായറാഴ്ച ഉച്ചതിരിഞ്ഞ് ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയേക്കുമെന്നാണ് സൂചന.
ഗസ്സയിൽ വെടിനിർത്തൽ ഉൾപ്പെടെയുള്ള ചില നിബന്ധനകൾ അംഗീകരിക്കാത്തപക്ഷം ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ജൂലൈയിൽ ബ്രിട്ടൺ വ്യക്തമാക്കിയിരുന്നു. സമാധാനപരമായ ദ്വിരാഷ്ട്ര പരിഹാരത്തിന് ഇസ്റാഈൽ പ്രതിജ്ഞാബദ്ധമായിരിക്കണമെന്നും ബ്രിട്ടൻ ആവശ്യപ്പെട്ടിരുന്നു. വർഷങ്ങളായി ബ്രിട്ടൻ തുടർന്നുപോരുന്ന വിദേശ നയത്തിൽ നിന്നുള്ള വലിയൊരു മാറ്റമാണിത്. സമാധാന പ്രക്രിയയുടെ ഭാഗമായി മാത്രമേ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കൂ എന്നായിരുന്നു മുൻ സർക്കാരുകളുടെ നിലപാട്.
ബ്രിട്ടന്റെ ഈ നീക്കത്തിനെതിരെ ഇസ്റാഈൽ സർക്കാർ, ബന്ദികളുടെ കുടുംബങ്ങൾ, ചില കൺസർവേറ്റീവ് നേതാക്കൾ എന്നിവർ രംഗത്തെത്തി. ഭീകരവാദത്തിന് ലഭിക്കുന്ന പ്രതിഫലമാണിതെന്ന് ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരത്തെ പ്രതികരിച്ചിരുന്നു. എന്നാൽ, ദീർഘകാല സമാധാനത്തിനുള്ള പ്രതീക്ഷ നിലനിർത്താൻ ധാർമ്മികമായ ഉത്തരവാദിത്വം ഉണ്ടെന്നാണ് ബ്രിട്ടീഷ് മന്ത്രിമാരുടെ വാദം.