International
അൽ അഹ്‌ലി ആശുപത്രിയിൽ ബോംബാക്രമണം;ഏഴ് പേർ കൊല്ലപ്പെട്ടു
തിരിച്ചടിച്ച് ഹമാസും ഹൂതികളും

ഗസ്സ | ഗസ്സാ നഗരത്തിലെ അൽ അഹ്‌ലി ആശുപത്രിക്ക് നേരെ ഇസ്‌റാഈൽ സൈന്യം നടത്തിയ ബോംബാക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. ഇന്നലെ രാവിലെ മുതൽ സഹായം കാത്തുനിൽക്കുകയായിരുന്ന ഫലസ്തീനികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടതായി അൽ നാസ്സർ മെഡിക്കൽ കോംപ്ലക്‌സ് അധികൃതർ പറഞ്ഞു.
ഗസ്സ നഗരത്തിന് സമീപം അര ലക്ഷത്തിലേറെ ഫലസ്തീനികൾ കഴിയുന്ന സൈത്തൂനിൽ ഇസ്‌റാഈൽ സൈന്യം പുതിയ ഒഴിപ്പിക്കൽ ഉത്തരവ് പുറപ്പെടുവിച്ചു.
അതിനിടെ, തെക്കൻ ഗസ്സയിൽ വിന്യസിച്ച ഇസ്‌റാഈൽ സൈനിക വാഹനങ്ങൾ ഹമാസിന്റെ സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ് റോക്കറ്റ് പ്രൊപ്പല്ലഡ് ഗ്രനേഡുകൾ ഉപയോഗിച്ച് ആക്രമിച്ചു.
തെൽ അവീവിന് നേർക്ക് ഹൂതികളുടെ മിസൈൽ ആക്രമണത്തിൽ ബെൻ ഗുരിയോൺ വിമാനത്താവളത്തിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു. തെൽ അവീവിലും ജറൂസലമിലും മറ്റു ഇസ്‌റാഈൽ നഗരങ്ങളിലും അപായ സൈറണുകൾ മുഴങ്ങി. ആംസ്റ്റർഡാം, മ്യൂണിക്, ബെർലിൻ, ബോസ്റ്റൺ, വിയന്ന, ന്യൂയോർക്ക്, ഏഥൻസ്, അബൂദബി തുടങ്ങി നിരവധി നഗരങ്ങളിൽ നിന്ന് തെൽ അവീവിലേക്ക് പോയ വിമാനങ്ങൾ ഏറെ നേരം മെഡിറ്ററേനിയൻ സമുദ്രത്തിന് മുകളിൽ വട്ടമിട്ട് പറന്നു.
പ്രതിഷേധം, അറസ്റ്റ്
ആക്രമണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇസ്‌റാഈൽ ഭരണകൂടത്തിനെതിരെ തെൽ അവീവിൽ കൂറ്റൻ റാലി. പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് യേർ ലാപിഡ് പങ്കെടുത്തു. രാജ്യവ്യാപക പ്രതിഷേധത്തിനിടെ 38 പേരെ അറസ്റ്റ് ചെയ്തതായി ഇസ്‌റാഈൽ പോലീസ് അറിയിച്ചു.
ഗസ്സയിൽ ബന്ദികളാക്കപ്പെട്ടവരെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ ഹമാസുമായി സമാധാന കരാറിലെത്തണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
പ്രതിഷേധക്കാരെ പിരിച്ചുവിടാൻ യമനിൽ നിന്ന് ഹൂതികൾ മിസൈൽ തൊടുത്തിട്ടുണ്ടെന്ന മുന്നറിയിപ്പും നൽകി. ഇതിന് പിന്നാലെ വ്യാപക സൈറണുകൾ മുഴങ്ങി. എന്നാൽ മിസൈൽ തകർത്തതായി ഇസ്റാഈൽ സൈന്യം അവകാശപ്പെട്ടു.