Connect with us

National

മറാത്താ സംവരണം: മനോജ് ജരാംഗെ പാട്ടീലിന് ബോംബെ ഹൈക്കോടതിയുടെ അന്ത്യശാസനം

ഉച്ചയ്ക്ക് 3 മണിയോടെ ആസാദ് മൈതാനം ഒഴിയണമെന്നും, അല്ലാത്തപക്ഷം കർശന നടപടികൾ നേരിടേണ്ടി വരുമെന്നും കോടതി നിർദേശിച്ചു.

Published

|

Last Updated

മുംബൈ | മറാത്താ സംവരണ പ്രക്ഷോഭ നേതാവ് മനോജ് ജരാംഗെ-പാട്ടീലിനും അദ്ദേഹത്തിന്റെ അനുയായികൾക്കും ബോംബെ ഹൈക്കോടതിയുടെ കർശന മുന്നറിയിപ്പ്. ഉച്ചയ്ക്ക് 3 മണിയോടെ ആസാദ് മൈതാനം ഒഴിയണമെന്നും, അല്ലാത്തപക്ഷം കർശന നടപടികൾ നേരിടേണ്ടി വരുമെന്നും കോടതി നിർദേശിച്ചു.

ഓഗസ്റ്റ് 29 മുതൽ ആസാദ് മൈതാനത്ത് നടത്തിവരുന്ന നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ, ജരാംഗെ-പാട്ടീലിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. ഒ ബി സി ക്വാട്ടയിൽ ഉൾപ്പെടുത്തി മറാത്താ സമൂഹത്തിന് സംവരണം നൽകണമെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആവശ്യം.

നിയമം ലംഘിച്ച പ്രക്ഷോഭകർക്ക് ആസാദ് മൈതാനത്ത് തുടരാൻ യാതൊരു അവകാശവുമില്ലെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് ശ്രീ ചന്ദ്രശേഖറും ജസ്റ്റിസ് ആരതി സാഠേയും ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. തിങ്കളാഴ്ച കോടതിക്ക് ചുറ്റും തമ്പടിച്ച പ്രക്ഷോഭകർ ജഡ്ജിമാർക്ക് വരെ ബുദ്ധിമുട്ടുണ്ടാക്കിയെന്നും കോടതി ചൂണ്ടിക്കാട്ടി.

സംസ്ഥാന സർക്കാരിന്റെ ഭാഗത്തും വീഴ്ചയുണ്ടായെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. അതേസമയം, പ്രക്ഷോഭകർ നഗരത്തിലുണ്ടാക്കിയ ബുദ്ധിമുട്ടുകൾക്ക് ജരാംഗെയുടെ അഭിഭാഷകൻ സതീഷ് മനേഷിന്ദേ കോടതിയിൽ ഖേദം പ്രകടിപ്പിച്ചു.

എന്താണ് മറാത്താ സംവരണ പ്രക്ഷോഭം?

മറാത്താ സമുദായത്തിന് നിലവിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള (EWS) 10% സംവരണം ലഭിക്കുന്നുണ്ട്. എന്നാൽ ഇത് ഒ.ബി.സി ക്വാട്ടയിൽ ഉൾപ്പെടുത്തണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. അതേസമയം, മറാത്താ വിഭാഗത്തെക്കൂടി ഉൾപ്പെടുത്തിയാൽ നിലവിലുള്ള 27% ഒ.ബി.സി സംവരണം ദുർബലമാകുമെന്നും ഇത് അനുവദിക്കില്ലെന്നും ഒ.ബി.സി സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് മഹാരാഷ്ട്രയിലെ മഹാ യുതി സർക്കാരിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.

---- facebook comment plugin here -----

Latest