Kerala
കേണല്‍ സോഫിയ ഖുറേഷിക്കെതിരെ ബി ജെ പി മന്ത്രിയുടെ വിദ്വേഷ പരാമര്‍ശം; സുപ്രിം കോടതി അന്വേഷണം പ്രഖ്യാപിച്ചു
കോടതി കടുത്ത പരാമര്‍ശം നടത്തിയതോടെ വിജയ് ഷായുടെ രാജി ആവശ്യപ്പെടാതെ സംരക്ഷിച്ച ബി ജെപി വെട്ടിലായി

ന്യൂഡല്‍ഹി | കേണല്‍ സോഫിയ ഖുറേഷിക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ മധ്യപ്രദേശ് മന്ത്രി വിജയ് ഷായുടെ ഖേദപ്രകടനം തള്ളിയ സുപ്രിംകോടതി സംഭവത്തില്‍ എസ് ഐ ടി അന്വേഷണം പ്രഖ്യാപിച്ചു.
അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കാന്‍ മധ്യപ്രദേശ് ഡിജിപിക്ക് നിര്‍ദേശം നല്‍കി. കോടതി കടുത്ത പരാമര്‍ശം നടത്തിയതോടെ വിജയ് ഷായുടെ രാജി ആവശ്യപ്പെടാതെ സംരക്ഷിച്ച ബി ജെപി വെട്ടിലായി. സംഘത്തില്‍ വനിതയുള്‍പ്പെടെ 3 ഐപിഎസ് ഉദ്യോഗസ്ഥരുണ്ടാകണം. ഇവരാരും മധ്യപ്രദേശ് സ്വദേശികളാകരുത്. ഐ ജി റാങ്കിലുളള ഉദ്യോഗസ്ഥന്‍ അന്വേഷണത്തിന് നേതൃത്വം നല്‍കണം. നാളെ രാവിലെ 10 നുള്ളില്‍ എസ് ഐ ടി അംഗങ്ങളെ നിശ്ചയിക്കണമെന്നും മെയ് 28ന് തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു. അറസ്റ്റ് തത്കാലത്തേക്ക് തടഞ്ഞ കോടതി അന്വേഷണത്തോട് സഹകരിക്കാന്‍ വിജയ് ഷായ്ക്ക് കര്‍ശന നിര്‍ദേശം നല്‍കി. കേസ് മേയ് 28ന് വീണ്ടും പരിഗണിക്കും.
മന്ത്രിയുടെ ഖേദപ്രകടനം തള്ളിയ കോടതി പരാമര്‍ശങ്ങള്‍ നിലവാരമില്ലാത്തതും ലജ്ജാകരവും എന്ന് നിരീക്ഷിച്ചു. നിയമ നടപടികള്‍ ഒഴിവാക്കാനുള്ള മുതലക്കണ്ണീര്‍ ആയിരുന്നോ മാപ്പപേക്ഷയെന്നും കോടതി ചോദിച്ചു. ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തിന് പിന്നാലെ കേണല്‍ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ചുളള മധ്യപ്രദേശ് മന്ത്രി കന്‍വര്‍ വിജയ് ഷായുടെ വിദ്വേഷ പരാമര്‍ശം രാജ്യത്തിനാകെ നാണാക്കേടായിരുന്നു. സോഫിയ ഖുറേഷിയെ ഭീകരരുടെ സഹോദരിയെന്നാണ് അധിക്ഷേപിച്ചത്. വിഷയത്തില്‍ സ്വമേധയ ഇടപെട്ട മധ്യപ്രദേശ് ഹൈക്കോടതി വിജയ് ഷാക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചു.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജിയിലാണ് വിജയ് ഷാക്കെതിരെ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടത്. ഷായുടെ പരാമര്‍ശങ്ങള്‍ നിലവാരമില്ലാത്തതും ലജ്ജാകരവുമാണെന്ന് ജസ്റ്റിസുമാരായ സൂര്യകാന്തും എന്‍ കോടിശ്വര്‍ സിങ്ങും നിരീക്ഷിച്ചു.പൊതുപ്രവര്‍ത്തകനും പരിചയസമ്പന്നനുമായ രാഷ്ട്രീയക്കാരനെന്ന നിലയില്‍ വാക്കുകള്‍ സൂക്ഷിച്ചു പ്രയോഗിക്കണമായിരുന്നു. മന്ത്രിയെന്ന നിലയില്‍ പെരുമാറ്റത്തില്‍ മറ്റുളളവരേക്കാള്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തേണ്ടതായിരുന്നു. നിയമ നടപടികള്‍ ഒഴിവാക്കാനുള്ള മുതലക്കണ്ണീര്‍ ആയിരുന്നോ മാപ്പപേക്ഷയെന്നും ചോദിച്ച കോടതി ഖേദപ്രകടനം സ്വീകാര്യമല്ലെന്നും വ്യക്തമാക്കി. കുറ്റം ചെയ്തവര്‍ പ്രത്യാഘാതം നേരിടേണ്ടി വരും. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും വിഷയത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കി.