Kerala
തൃശൂരില്‍ സി പി എം ഓഫീസിലേക്ക് ബി ജെ പി മാര്‍ച്ച്; സംഘര്‍ഷം
വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് സി പി എം മാര്‍ച്ചും അക്രമവും നടത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു ബി ജെ പി പ്രകടനം.

തൃശൂര്‍ | തൃശൂരില്‍ സി പി എം ഓഫീസിലേക്കുള്ള ബി ജെ പി പ്രതിഷേധ പ്രകടനത്തിനിടെ സംഘര്‍ഷം. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് സി പി എം മാര്‍ച്ചും അക്രമവും നടത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു ബി ജെ പി പ്രകടനം. സി പി എം ഓഫീസിനു മുന്നിലെത്തിയ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. പ്രവര്‍ത്തകര്‍ പോലീസിനെ തള്ളിമാറ്റാന്‍ ശ്രമിച്ചതോടെ പോലീസ് ലാത്തിവീശി.
ഇതിനിടെ ഇവിടെയെത്തിയ സി പി എം പ്രവര്‍ത്തകരും ബി ജെ പിക്കാര്‍ക്കെതിരെ പ്രകടനം നടത്തി. തുടര്‍ന്ന് ഇരു പാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ തമ്മില്‍ കൈയേറ്റവും കൈയാങ്കളിയും നടന്നു.
വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണവുമായി ബന്ധപ്പെട്ടാണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ തൃശൂരിലെ എം പി ക്യാമ്പ് ഓഫീസിലേക്ക് സി പി എം മാര്‍ച്ച് സംഘടിപ്പിച്ചത്. സിപിഎം പ്രവര്‍ത്തകരിലൊരാള്‍ എം പിയുടെ ക്യാമ്പ് ഓഫീസിലേക്കുള്ള ബോര്‍ഡില്‍ കരി ഓയില്‍ ഒഴിക്കുകയും ബോര്‍ഡില്‍ ചെരുപ്പുമാല അണിയിക്കുകയും ചെയ്തിരുന്നു.