National
ഭാര്യയെ കൊലപ്പെടുത്തി; ബി ജെ പി നേതാവ് അറസ്റ്റില്‍
കാമുകിക്കൊപ്പം ചേര്‍ന്നായിരുന്നു കൊലപാതകം. സംഭവത്തില്‍ കാമുകിയെയും പോലീസ് അറസ്റ്റ് ചെയ്തു.

അറസ്റ്റിലായ ബി ജെ പി നേതാവ് രോഹിത് സെയ്‌നിയും കാമുകി റിതുവും
അജ്മീര്‍ | ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ബി ജെ പി നേതാവിനെയും കാമുകിയെയും പോലീസ് അറസ്റ്റ് ചെയ്തു. രോഹിത് സെയ്‌നി, കാമുകി റിതു എന്നിവരാണ് പോലീസ് പിടിയിലായത്. രാജസ്ഥാനിലെ അജ്മീറില്‍ ആഗസ്റ്റ് 10നായിരുന്നു കൊലപാതകം.
രോഹിത് സെയ്‌നിയുടെ ഭാര്യ സഞ്ജുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. മോഷണത്തിനിടെ നടന്ന കൊലപാതകം എന്നായിരുന്നു രോഹിത് സെയ്‌നി പോലീസിനോട് പറഞ്ഞിരുന്നത്. വീട്ടില്‍ നിന്ന് പണവും വിലപ്പിടിപ്പുള്ള മോഷ്ടിക്കപ്പെട്ടതായും ഇയാള്‍ മൊഴി നല്‍കിയിരുന്നു.
എന്നാല്‍, സമീപപ്രദേശത്തെ സിസിടിവിയും മറ്റും കേന്ദ്രീകരിച്ച് പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും മോഷണവുമായി ബന്ധപ്പെട്ടതൊന്നും കണ്ടെത്താന്‍ സാധിച്ചില്ല. രോഹിത് പലപ്പോഴായി നല്‍കിയ മൊഴിയില്‍ വൈരുധ്യം തോന്നിയ പോലീസ് ഇയാളെ പിന്നീട് വിശദമായ ചോദ്യംചെയ്യലിന് വിധേയനാക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ കുറ്റം സമ്മതിക്കുകയും കാമുകിയുടെ താത്പര്യപ്രകാരമാണ് കൃത്യം നടത്തിയതെന്ന് പോലീസിനോട് പറയുകയും ചെയ്തു. തങ്ങളുടെ പ്രണയത്തിന് ഭാര്യ സഞ്ജു തടസ്സമാകുമെന്ന് മനസ്സിലായതോടെയായിരുന്നു കൊലപാതകം. സഞ്ജുവിനെ എങ്ങനെയെങ്കിലും ഒഴിവാക്കണമെന്ന് റിതു നിരന്തരം രോഹിതിനോട് ആവശ്യപ്പെട്ടിരുന്നുവത്രെ.