Kerala
കന്യാസ്ത്രീകളുടെ അറസ്റ്റ്; രാജ്യത്തിന്റെ മതേതര സ്വഭാവത്തിനും പൗരസ്വാതന്ത്ര്യത്തിനും എതിരായ വെല്ലുവിളിയെന്ന് ബിഷപ്പ് പാംപ്ലാനി
മത പരിവര്‍ത്തന നിരോധന നിയമം കിരാത നിയമമാണ്. ന്യൂനപക്ഷങ്ങള്‍ ഈ നിയമത്തിന്റെ പേരില്‍ വേട്ടയാടപ്പെടുന്നു

കണ്ണൂര്‍ | രാജ്യത്തിന്റെ മതേതര സ്വഭാവത്തിനും പൗരസ്വാതന്ത്ര്യത്തിനും എതിരായ വെല്ലുവിളിയാണ് ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവമെന്നു തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. ഇതിനെതിരെ സഭയുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധമുണ്ടാകുമെന്നും തെരുവിലേക്കിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്രിസ്ത്യാനികള്‍ മതപരിവര്‍ത്തനം നടത്തുന്നു എന്ന ആരോപണം വസ്തുതാപരമായി ശരിയല്ല. മത പരിവര്‍ത്തന നിരോധന നിയമം കിരാത നിയമമാണ്. ന്യൂനപക്ഷങ്ങള്‍ ഈ നിയമത്തിന്റെ പേരില്‍ വേട്ടയാടപ്പെടുന്നു. ഞങ്ങള്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് മൃദുസമീപനം എടുത്തു എന്നത് ശരിയല്ല. ന്യൂനപക്ഷ പീഡനങ്ങള്‍ മതേതരത്വത്തിന് എതിരാണെന്നും ആര്‍ച്ച് ബിഷപ്പ് പാംപ്ലാനി പ്രതികരിച്ചു.
കാസ പോലുള്ള സംഘടനകള്‍ പുനപ്പരിശോധന നടത്തുമെന്ന് കരുതുന്നു. ആരാണ് ആക്രമിച്ചത് എന്നത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. അതുകൊണ്ട് ഇപ്പോള്‍ ഒന്നും പറയാനില്ല.ആക്രമണം നടത്തിയവര്‍ ഭരണ കൂടത്തിന്റെ ഭാഗമാണോ അല്ലയോ എന്ന് ഇപ്പോള്‍ പറയുക സാധ്യമല്ല. ഭരണകൂടം നീതിപൂര്‍വ്വമായി ഇടപെടുന്നില്ല എന്ന പരാതി ഞങ്ങള്‍ക്കുണ്ട്. ഭരണകൂടത്തിന് വീഴ്ചയുണ്ട്. ആക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ശിക്ഷ നല്‍കണം.
റെയില്‍വേ ഉദ്യോഗസ്ഥര്‍ വിളിച്ച് വരുത്തിയ കുറച്ച് പേരാണ് ആക്രമം അഴിച്ച് വിട്ടത്. ഏതെങ്കിലും സംഘടനയുടെ പേര് തെളിവില്ലാതെ പറയാനാവില്ല. കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ ഇടപെടുന്നുണ്ട്. ആരോടും ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും സഭ പക്ഷപാതം കാണിച്ചിട്ടില്ല.