Kerala
കോഴിക്കോട് പക്ഷിപ്പനി: 11000 കോഴികളെ കൊല്ലുമെന്ന് അധികൃതര്‍
ചാത്തമംഗലം റീജിയണല്‍ പൗള്‍ട്രി ഫാമിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

കോഴിക്കോട്| കോഴിക്കോട് ജില്ലാ പഞ്ചായത്തിന് കീഴില്‍ ചാത്തമംഗലം റീജിയണല്‍ പൗള്‍ട്രി ഫാമിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പ്രതിരോധത്തിന്റെ ഭാഗമായി ഫാമിലെ കോഴികളെ കൊന്നൊടുക്കും. 11000 കോഴികളെ കൊല്ലുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 40,000 കോഴിമുട്ടകളും നശിപ്പിക്കും. ഇതുവരെ 2300 കോഴികളെ കൊന്നിട്ടുണ്ട്. കോഴികളെ കൊന്ന ശേഷം ഫാമിന്റെ കോമ്പൗണ്ടില്‍ തയാറാക്കിയ ചൂളയില്‍ ദഹിപ്പിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
പക്ഷിപ്പനി സ്ഥിരീകരിച്ച കോഴി വളര്‍ത്തല്‍ കേന്ദ്രത്തിന്റെ ഒരു കിലോ മീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെയും കൊന്നൊടുക്കും. അവയെയും ഫാമിലെ ചൂളയില്‍ ദഹിപ്പിക്കും. ജില്ലാ ഭരണകൂടവും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട ടാസ്‌ക് ഫോഴ്‌സാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഫാമിലെ 1800 കോഴികള്‍ ചത്തപ്പോള്‍ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. തീവ്രവ്യാപന ശേഷിയുള്ള വൈറസ് വകഭേദമാണ് ഇവിടെ സ്ഥിരീകരിച്ചിരിക്കുന്നത്.