Kerala
ജയിലിലാകുന്ന മന്ത്രിമാരെ നീക്കാനുള്ള ബിൽ സംഘ്പരിവാറിന്റെ കുതന്ത്രം: മുഖ്യമന്ത്രി
രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടുള്ള സംഘ്പരിവാറിന്റെ ജനാധിപത്യവിരുദ്ധ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം

തിരുവനന്തപുരം | ജയിലിലാകുന്ന മന്ത്രിമാരെ നീക്കാനുള്ള ബിൽ ബി ജെ പി ഇതര സർക്കാറുകളെ വേട്ടയാടാനുള്ള സംഘ്പരിവാറിന്റെ കുതന്ത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബി ജെ പിയുടെ പകപ്പോക്കൽ വേട്ടയാടൽ രാഷ്ട്രീയത്തിന്റെ തുടർച്ചയാണിത്. ഭരണഘടനാ ഭേദഗതിക്കെതിരെ ഒറ്റക്കെട്ടായി രംഗത്തുവരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടുള്ള സംഘ്പരിവാറിന്റെ ജനാധിപത്യവിരുദ്ധ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ജനാധിപത്യ വിശ്വാസികളിൽ നിന്നാകെ ഉയരണമെന്ന് മുഖ്യമന്ത്രി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ചു നടത്തുന്ന പകപോക്കൽ വേട്ടയാടൽ രാഷ്ട്രീയത്തിൻ്റെ തുടർച്ചയാണ് ബിൽ. കേന്ദ്ര ഏജൻസികളെ ആയുധമാക്കി സംസ്ഥാന സർക്കാറുകളെ അസ്ഥിരപ്പെടുത്താനുള്ള നീക്കം നേരത്തെ തന്നെയുണ്ട്. ഇതിൻ്റെ ഭാഗമായി രാജ്യത്ത് ഭരണഘടനാ ചുമതലകൾ വഹിക്കുന്ന മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും ദീർഘകാലം ജയിലിൽ അടച്ചിരുന്നു. എന്നാൽ അവർ രാജി വെക്കാതെയിരുന്നതിലുള്ള നൈരാശ്യമാണ് തിടുക്കപ്പെട്ട് 130ാം ഭരണഘടന ഭേദഗതി കൊണ്ടുവന്നതിനു പിന്നിലെന്ന് മുഖ്യമന്ത്രി പറഞ്ഞു.