bihar election 2025
ബിഹാർ തിരഞ്ഞെടുപ്പ്: ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി ബിജെപി; മഹാസഖ്യത്തിൽ അനിശ്ചിതത്വം
ആദ്യഘട്ട പോളിംഗിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയായ ഒക്ടോബർ 17 അടുത്തെത്തിയെങ്കിലും സ്ഥാനാർഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ സാധിക്കാത്തത് മുന്നണികളെ വലയ്ക്കുകയാണ്.

ചിരാഗ് പാസ്വാൻ
പാറ്റ്ന | ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, മുന്നണികളിൽ സീറ്റ് വിഭജന ചർച്ചകൾ അന്തിമ ഘട്ടത്തിലേക്ക്. സ്ഥാനാർഥികളും അണികളും സംസ്ഥാന തലസ്ഥാനമായ പട്‌നയിൽ തമ്പടിച്ച് അവസാന വട്ട ചർച്ചകളിലാണ്. ആദ്യഘട്ട പോളിംഗിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയായ ഒക്ടോബർ 17 അടുത്തെത്തിയെങ്കിലും സ്ഥാനാർഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ സാധിക്കാത്തത് മുന്നണികളെ വലയ്ക്കുകയാണ്. ഇതിനിടെ, ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി ബിജെപി ഒരു പടി മുന്നോട്ട് നീങ്ങി.
ബിജെപിയുടെ ആദ്യ പട്ടികയിൽ 71 പേർ
ദേശീയ ജനാധിപത്യ സഖ്യം (എൻ ഡി എ) ഘടകക്ഷികൾ തമ്മിലുള്ള അവസാനവട്ട ചർച്ചകൾ തുടരുന്നതിനിടെ, ബിജെപി തങ്ങളുടെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടികയിലെ 71 പേരുടെ പേരുകൾ പ്രഖ്യാപിച്ചു. ബിജെപിയും ജെ ഡി യുവും 101 സീറ്റുകളിൽ വീതവും, എൽ ജെ പി (റാം വിലാസ്) 29 സീറ്റുകളിലും, എച്ച് എ എം, ആർ എൽ എം എന്നീ പാർട്ടികൾ ആറ് സീറ്റുകളിലും മത്സരിക്കാനാണ് ധാരണ. എന്നാൽ ചില നിർണായക സീറ്റുകളിൽ തർക്കം തുടരുന്നതിനാൽ ചർച്ചകൾ ഇപ്പോഴും പൂർണമായിട്ടില്ല.
ഈ സീറ്റ് വിഭജനത്തിൽ ഏറ്റവും നേട്ടമുണ്ടാക്കിയത് ചിരാഗ് പാസ്വാന്റെ പാർട്ടിയാണ്. ആദ്യമായാണ് അവർ എൻ ഡി എ ഘടകകക്ഷിയായി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. മുന്നണിയിലെ മൂന്നാമത്തെ വലിയ കക്ഷിയായ എൽ ജെ പി ലോക്സഭാ തിരഞ്ഞെടുപ്പിലെ പോലെ ഈ സീറ്റുകളിൽ വിജയം നേടിയാൽ സംസ്ഥാന രാഷ്ട്രീയത്തിൽ അവരുടെ സ്വാധീനം വർധിപ്പിക്കാൻ സാധ്യതയുണ്ട്.
ബിജെപിയുടെ ആദ്യ പട്ടികയിൽ ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി, വിജയ് കുമാർ സിൻഹ, മുൻ സംസ്ഥാന അധ്യക്ഷൻ മംഗൾ പാണ്ഡെ, മുൻ ഉപമുഖ്യമന്ത്രിമാരായ തർകിഷോർ പ്രസാദ്, രേണു ദേവി തുടങ്ങി പ്രമുഖരെല്ലാം ഇടം നേടി. സിറ്റിങ് എം എൽ എ മാരെയും മന്ത്രിമാരെയും നിലനിർത്തിക്കൊണ്ടുള്ള പട്ടികയിൽ ചില പുതുമുഖങ്ങളുമുണ്ട്.
പഴയ നേതാക്കൾക്ക് വിജയം നേടുന്നതിൽ പ്രധാന പങ്ക് വഹിക്കാനുണ്ടെന്ന സന്ദേശമാണ് ബിജെപി നേതൃത്വം നൽകുന്നത്. എം എൽ സിമാരായിരുന്ന സാമ്രാട്ട് ചൗധരി, മംഗൾ പാണ്ഡെ എന്നിവർ ഇത്തവണ നിയമസഭാ സീറ്റുകളിൽ മത്സരിക്കുന്നു എന്നതാണ് ശ്രദ്ധേയമായ മാറ്റം. ആദ്യ പട്ടിക പുറത്തിറങ്ങിയതോടെ ബിജെപി ക്യാമ്പിൽ നേരിയ ആശ്വാസമുണ്ട്. ഡൽഹിയിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള മുതിർന്ന പാർട്ടി നേതാക്കൾ പട്‌നയിൽ എത്തിച്ചേർന്നിട്ടുണ്ട്. അവർ ഉടൻ തന്നെ പ്രചാരണ മേൽനോട്ടത്തിനായി മണ്ഡലങ്ങളിലേക്ക് പോകും.
മഹാസഖ്യത്തിൽ അനിശ്ചിതത്വം; ഒറ്റക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ലാലു
മറുവശത്ത്, മഹാസഖ്യം ഇപ്പോഴും സീറ്റ് വിഭജന ചർച്ചകൾ അന്തിമമാക്കാൻ പാടുപെടുകയാണ്. ഈ കാലതാമസം കാരണം ആർ ജെ ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് സീറ്റ് ധാരണ പൂർത്തിയാക്കുന്നതിനു മുൻപ് തന്നെ നിരവധി ആർ ജെ ഡി സ്ഥാനാർഥികൾക്ക് പാർട്ടി ചിഹ്നം അനുവദിച്ചു. എന്നാൽ സഖ്യചർച്ചകളിൽ കൂടുതൽ സങ്കീർണ്ണതകൾ ഒഴിവാക്കാൻ അദ്ദേഹത്തിന്റെ മകൻ തേജസ്വി യാദവ് ഈ നടപടി തടഞ്ഞു.
കഴിഞ്ഞ തവണ മത്സരിച്ച 70 സീറ്റുകൾ വേണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. എന്നാൽ തിരഞ്ഞെടുപ്പിന് ശേഷവും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി നിലനിൽക്കുകയും സർക്കാർ രൂപീകരിക്കുന്നതിൽ മേധാവിത്വം നിലനിർത്തുകയും ചെയ്യാൻ 135 സീറ്റുകൾ വേണമെന്ന നിലപാടിലാണ് ആർ ജെ ഡി. 2020ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 70 സീറ്റുകളിൽ മത്സരിച്ചതിൽ 19 എണ്ണത്തിൽ മാത്രമേ വിജയിക്കാനായുള്ളൂ. രാഹുൽ ഗാന്ധി അടുത്തിടെ പ്രമുഖ ഇന്ത്യ സഖ്യം നേതാക്കളെ പങ്കെടുപ്പിച്ച് നടത്തിയ ‘വോട്ട് അധികാർ യാത്ര’ കോൺഗ്രസ്സിന് നിർണായകമാണ്. യാത്ര അനുകൂല തരംഗമുണ്ടാക്കിയെന്നും അണികളെ ആവേശം കൊള്ളിച്ചെന്നും കോൺഗ്രസ് അവകാശപ്പെടുന്നു. ഇനി കുറഞ്ഞ സീറ്റുകളിൽ മത്സരിക്കേണ്ടി വന്നാൽ, യാത്ര ഉദ്ദേശിച്ച സ്വാധീനം ചെലുത്തിയില്ലെന്ന വ്യാഖ്യാനത്തിന് ഇട നൽകുമെന്നാണ് പാർട്ടി കേന്ദ്രങ്ങൾ കരുതുന്നത്.