articles
അനന്തരവന്‍ ഖന്നക്ക് ബിഗ് സല്യൂട്ട്
ദൈനംദിന കോടതി വ്യവഹാരങ്ങള്‍ക്കപ്പുറത്ത് നിര്‍ണായക കേസുകളിലാണ് ഒരു ന്യായാധിപന്‍ വിലയിരുത്തപ്പെടുന്നത്. ആറ് മാസക്കാലം മാത്രമാണ് സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസ് പദവിയില്‍ ഇരുന്നതെങ്കിലും ന്യായാധിപന്റെ ഭരണഘടനാ പ്രതിബദ്ധതയും സ്ഥൈര്യവും പ്രകടമാകേണ്ട വേളകളില്‍ ജനാധിപത്യ, മതനിരപേക്ഷ ഇന്ത്യക്ക് അത് കാണാനായി എന്നതാണ് സഞ്ജീവ് ഖന്നയെ തന്റെ മുന്‍ഗാമികളില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നത്.

2014ന് ശേഷം ഇന്ത്യ കണ്ട ഏറ്റവും പ്രഗത്ഭനും നിര്‍ഭയനുമായ ന്യായാധിപന്‍ ആരാണെന്ന ചോദ്യത്തിന് വ്യക്തിപരമായി നല്‍കാനുള്ള ഉത്തരം സഞ്ജീവ് ഖന്ന എന്നാണ്. അദ്ദേഹത്തെ പോലെ ഭരണഘടനയോടുള്ള പ്രതിബദ്ധതയും ശരിയായ തീരുമാനമെടുക്കാനുള്ള ധൈര്യവും ഒന്നും ഒളിച്ചുവെക്കാത്ത പ്രകൃതവും സമ്മേളിച്ച ഒരു ന്യായാധിപനെ സമീപകാലത്ത് രാജ്യം കണ്ടിട്ടില്ല.
ഭരണകൂട ശക്തിദുര്‍ഗത്തെ നീതിബോധം കൊണ്ട് വെല്ലുവിളിച്ച, ഇന്ത്യാ ചരിത്രത്തിലെ ഉന്നതരായ ന്യായാധിപരുടെ കൂട്ടത്തിലെണ്ണുന്ന ഹന്‍സ് രാജ് ഖന്നയുടെ യഥാര്‍ഥ പിന്‍ഗാമി തന്നെയാണ് ഇന്നലെ സുപ്രീം കോടതി മുഖ്യ ന്യായാധിപ പദവിയില്‍ നിന്ന് വിരമിച്ച സഞ്ജീവ് ഖന്ന. 1976ലെ ചരിത്രപ്രസിദ്ധമായ ഹേബിയസ് കോര്‍പസ് കേസിലെ ഏക വിസമ്മത വിധിയിലൂടെ അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളില്‍ നീതിയുടെ വെളിച്ചമായി കത്തിയ ഹന്‍സ് രാജ് ഖന്നക്ക് അദ്ദേഹം പ്രകടിപ്പിച്ച അസാമാന്യ നിശ്ചയദാര്‍ഢ്യത്തിന്റെ പേരില്‍ അര്‍ഹിച്ച ചീഫ് ജസ്റ്റിസ് പദവി തന്നെ ബലി നല്‍കേണ്ടി വന്നു. ഒരു ദിവസം പതിനാറ് ഹൈക്കോടതി ന്യായാധിപരെ വരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റിയ അന്ധകാരം നിറഞ്ഞ നാളുകളില്‍ ഹേബിയസ് കോര്‍പസ് കേസ് കേട്ട അഞ്ചംഗ ഭരണഘടനാ ബഞ്ചിലെ എച്ച് ആര്‍ ഖന്നയല്ലാത്ത നാല് ന്യായാധിപരും ചീഫ് ജസ്റ്റിസായത് ചരിത്രം.
പക്ഷേ ഹന്‍സ് രാജ് ഖന്നയെ ഓര്‍ക്കുന്നത് പോലെ അവരെയൊന്നും പിന്നെയൊരിക്കലും രാജ്യം ഓര്‍ക്കുന്നില്ല. ഇന്നിപ്പോള്‍ ചരിത്രത്തിന്റെ മറ്റൊരു ദശാസന്ധിയില്‍ എച്ച് ആര്‍ ഖന്നയുടെ അനന്തരവനായ സഞ്ജീവ് ഖന്നയിലൂടെ അടിയന്തരാവസ്ഥക്കാലത്തെ നീതിയുടെ പോരാളി വീണ്ടും ഓര്‍മയിലെത്തുന്നു. ഭരണകൂടം ഖന്നയുടെ ചീഫ് ജസ്റ്റിസ് പദവി തട്ടിത്തെറിപ്പിച്ച കാലത്തു നിന്ന് ചീഫ് ജസ്റ്റിസായി വിരമിച്ച അനന്തരവന്‍ ഖന്നയുടെ കാലത്തെത്തുമ്പോള്‍ രണ്ട് പേരും നിര്‍വഹിച്ചത് ഭരണഘടനാപരതയും ധീരതയും സമംചേര്‍ന്ന നീതിന്യായ ദൗത്യമായിരുന്നെന്ന് രാജ്യം തിരിച്ചറിയുന്നു. ബന്ധുത്വ നിയമനമാണ് ഇന്ത്യന്‍ ഹയര്‍ ജുഡീഷ്യറിയിലെന്ന ആക്ഷേപം നിലനില്‍ക്കുന്നിടത്താണ് നീതിബോധമടയാളപ്പെടുത്തി “രണ്ട് ബന്ധുക്കള്‍’ കടന്നു പോയത്. അതും അമ്മാവന്‍ ഖന്നക്ക് നിഷേധിക്കപ്പെട്ട മുഖ്യ ന്യായാധിപ പദവിയും സ്വീകരിച്ച് കാലത്തിന്റെ കാവ്യനീതി നടപ്പായതും കണ്ടാണ് സഞ്ജീവ് ഖന്ന കഴിഞ്ഞ ദിവസം പരമോന്നത കോടതിയുടെ പടിയിറങ്ങിയത്.
നീതിബോധമുണ്ടെങ്കില്‍ ഒരു ദിനം മതി
ദൈനംദിന കോടതി വ്യവഹാരങ്ങള്‍ക്കപ്പുറത്ത് നിര്‍ണായക കേസുകളിലാണ് ഒരു ന്യായാധിപന്‍ വിലയിരുത്തപ്പെടുന്നത്. ആറ് മാസക്കാലം മാത്രമാണ് സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസ് പദവിയില്‍ ഇരുന്നതെങ്കിലും ന്യായാധിപന്റെ ഭരണഘടനാ പ്രതിബദ്ധതയും സ്ഥൈര്യവും പ്രകടമാകേണ്ട വേളകളില്‍ ജനാധിപത്യ, മതനിരപേക്ഷ ഇന്ത്യക്ക് അത് കാണാനായി എന്നതാണ് സഞ്ജീവ് ഖന്നയെ തന്റെ മുന്‍ഗാമികളില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നത്. അദ്ദേഹം മുഖ്യ ന്യായാധിപ പദവിയിലെത്തിയ ശേഷം പരിഗണനക്ക് വന്ന പ്രധാന ഹരജികളിലൊന്ന് 1976ലെ ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്തു കൊണ്ടുള്ളതായിരുന്നു. ഭരണഘടനയുടെ ആമുഖത്തില്‍ സെക്യുലര്‍, സോഷ്യലിസ്റ്റ് എന്നീ പദങ്ങള്‍ കൂട്ടിച്ചേര്‍ത്ത ഭേദഗതിയെ പ്രശ്‌നവത്കരിക്കുന്ന ഹരജികളുടെ പിന്നാമ്പുറത്തുണ്ടായിരുന്നത് രാജ്യത്തെ തീവ്ര വലതുപക്ഷമായിരുന്നു. തൊട്ടാല്‍ കൈ പൊള്ളുന്ന നിര്‍ണായക നിയമ വ്യവഹാരവും മറികടന്ന് പോകാന്‍ ചീഫ് ജസ്റ്റിസ് പദവിയില്‍ കേവലം ആറ് മാസം മാത്രമുള്ള മുഖ്യ ന്യായാധിപന് കൂടുതല്‍ ആലോചിക്കേണ്ടതില്ല. മുന്‍ മുഖ്യ ന്യായാധിപര്‍ അതിന് “ഉദാത്ത മാതൃകകളു’മാണ്. പൗരത്വ ഭേദഗതി നിയമത്തിലും ഹിജാബ് നിരോധനത്തിലും ഒരു പരിധി വരെ ജമ്മു കശ്മീരിന്റെ സവിശേഷ പദവി റദ്ദാക്കിയതിലുമെല്ലാം നാം അത് കണ്ടതാണ്.
പക്ഷേ സഞ്ജീവ് ഖന്ന 42ാം ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്തു കൊണ്ടുള്ള ഹരജികളില്‍ നിന്ന് ഒളിച്ചോടിയില്ല. ഹരജികള്‍ മാറ്റിവെക്കുകയോ ഉയര്‍ന്ന ബഞ്ചിന്റെ പരിഗണനക്ക് വിടുകയോ ചെയ്തില്ല. ഹരജികള്‍ കേട്ട അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ബഞ്ച് ഭരണഘടനാപരതയും നിശ്ചയദാര്‍ഢ്യവും കൈവിടാതെ കുറിച്ചത് ഇപ്രകാരമായിരുന്നു, “മതനിരപേക്ഷത എല്ലായിപ്പോഴും ഭരണഘടനയുടെ അവിഭാജ്യ ഘടകമായിരുന്നു. 1976ലെ ഭേദഗതി അന്തര്‍ലീനമായതിനെ സ്പഷ്ടമാക്കുക മാത്രമായിരുന്നു ചെയ്തത്’. ഒരു ക്ഷേമ രാഷ്ട്രമാകാനുള്ള പ്രതിബദ്ധത എന്നുമാത്രമാണ് സോഷ്യലിസം കൊണ്ട് അര്‍ഥമാക്കുന്നത്. അല്ലാതെ ഏതെങ്കിലും സാമ്പത്തിക നയത്തെ അത് പ്രതിഫലിപ്പിച്ചിട്ടില്ലെന്ന് സോഷ്യലിസത്തെ കുറിച്ചും അദ്ദേഹം വിധിയെഴുതി.
രാജ്യത്തെ എക്‌സിക്യൂട്ടീവിന്റെ ഭാഗമായിരിക്കുന്നവര്‍ മതനിരപേക്ഷത എന്ന പദം ഉപയോഗിക്കുക പോലും ചെയ്തിട്ട് ഒരു ദശാബ്ദം പിന്നിട്ടിരിക്കുന്നെന്നോര്‍ക്കണം. അത്രമേല്‍ വര്‍ജ്യമാണവര്‍ക്ക് ആ ആശയം. പക്ഷേ സഞ്ജീവ് ഖന്നയിലെ ഭരണഘടനാ പ്രതിബന്ധതയുള്ള ചീഫ് ജസ്റ്റിസിന് മുമ്പില്‍ അതൊന്നും ഫലം ചെയ്തില്ല. രാജ്യത്തിന്റെ ബഹുസ്വരതയെ ശക്തിപ്പെടുത്തുന്ന വിധിയായിരുന്നു അതെന്ന് പ്രത്യേകം പറയേണ്ടിയിരിക്കുന്നു.
വിഭജന രാഷ്ട്രീയത്തിന് ചെക്ക്
2024ന്റെ ഒടുവിലെ മാസങ്ങളില്‍ രാജ്യത്തെ സാമൂഹിക, രാഷ്ട്രീയാന്തരീക്ഷം കലുഷിതമായിരുന്നു. മസ്ജിദുകളില്‍ സര്‍വേ നടത്താനുള്ള ഉത്തരവുകള്‍ തുടരെ വന്നു കൊണ്ടിരുന്നു. സംഭല്‍ ജുമുഅ മസ്ജിദില്‍ കാര്യങ്ങള്‍ സംഘര്‍ഷത്തിലേക്കെത്തുകയും പ്രതിഷേധക്കാര്‍ കൊല്ലപ്പെടുന്ന സാഹചര്യമുണ്ടാകുകയും ചെയ്തു. സംഘ്പരിവാര്‍ ശൂന്യതയില്‍ നിന്ന് ഉയര്‍ത്തിക്കൊണ്ടുവന്ന പൊള്ളയായ അവകാശവാദങ്ങള്‍ പ്രസിദ്ധമായ അജ്മീര്‍ ദര്‍ഗക്ക് നേരെ പോലും ഉയര്‍ന്നു. 1991ലെ ആരാധനാലയ നിയമത്തെ നോക്കുകുത്തിയാക്കി പൊള്ളയായ ഹരജികളൊക്കെയും വിചാരണാ കോടതികള്‍ വാങ്ങിവെച്ചു. എതിര്‍ കക്ഷികളെ കേള്‍ക്കുക പോലും ചെയ്യാതെയായിരുന്നു പല ഹരജികളിലും സര്‍വേ ഉത്തരവുകള്‍ വിചാരണാ കോടതികള്‍ പുറപ്പെടുവിച്ചത്. രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷം കൂടുതല്‍ അരക്ഷിതത്വത്തിലേക്ക് ഒരിടവേളക്ക് ശേഷം വീണ്ടും എടുത്തെറിയപ്പെട്ടു. പക്ഷേ ന്യായാസനം ഒന്നുമറിയാത്ത ഭാവം നടിച്ചില്ല.
ഡിസംബര്‍ 12ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ചിന്റെ സുപ്രധാന ഇടപെടല്‍ ഉണ്ടായതോടെയാണ് രാജ്യത്തെ തീവ്ര വലതുപക്ഷം അടങ്ങിയത്. ആരാധനാലയങ്ങള്‍ക്കെതിരായ പുതിയ ഒരു ഹരജിയും രാജ്യത്തൊരിടത്തും രജിസ്റ്റര്‍ ചെയ്യരുതെന്ന് ഉത്തരവിട്ട നീതിപീഠം വിചാരണാ കോടതികള്‍ സര്‍വേ ഉത്തരവുകളും മറ്റു ഇടക്കാല, അന്തിമ വിധികളും പുറപ്പെടുവിക്കുന്നത് വിലക്കുകയും ചെയ്തു.
വിവാദ വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയിലേക്ക് ഹരജികളുടെ പ്രവാഹമുണ്ടായപ്പോള്‍ മുഖ്യ ന്യായാധിപ പദവിയില്‍ നിന്ന് വിരമിക്കാന്‍ സഞ്ജീവ് ഖന്നക്ക് ശേഷിക്കുന്നത് ഒരു മാസം മാത്രം. ഒറ്റത്തവണ മാറ്റിവെച്ചാല്‍ തടിയെടുക്കാമായിരുന്നിട്ടും അതിന് തുനിഞ്ഞില്ല ഹന്‍സ് രാജ് ഖന്നയുടെ അനന്തരവന്‍. ഹരജികള്‍ കേട്ട ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ച് ഏപ്രില്‍ 16ന് വിശദമായ വിചാരണ നടത്തി. കേന്ദ്ര സര്‍ക്കാറിനെ നിര്‍ഭയം ചോദ്യം ചെയ്തു ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന. വഖ്ഫ് ബൈ യൂസര്‍ ഒഴിവാക്കിയതിലെയും വഖ്ഫ് തര്‍ക്കവുമായി ബന്ധപ്പെട്ട് നിയമ വ്യവഹാരമുയര്‍ന്നാല്‍ തന്നെ വഖ്ഫിന്റെ പരിരക്ഷ നഷ്ടപ്പെടുന്നതിലെയും അനീതിയെ തുറന്നുകാട്ടിയ സുപ്രീം കോടതി സെന്‍ട്രല്‍ വഖ്ഫ് കൗണ്‍സിലിലും സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡുകളിലും മുസ്‌ലിം ഇതര അംഗങ്ങളെ ഉള്‍പ്പെടുത്തുന്നതിലെ യുക്തിയെ ചോദ്യം ചെയ്യുക കൂടി ചെയ്തപ്പോള്‍ കോടതി മുറിയില്‍ കേന്ദ്ര സര്‍ക്കാര്‍ വിയര്‍ത്തു.
വഖ്ഫില്‍ തത് സ്ഥിതി നിലനിര്‍ത്തണമെന്ന ഇടക്കാല ഉത്തരവ് അടുത്ത ദിവസമുണ്ടാകുമെന്നായപ്പോള്‍ സുപ്രീം കോടതി പ്രശ്‌നവത്കരിച്ച വകുപ്പുകളില്‍ ഭരണകൂടം പതിവിന് വിപരീതമായി വഴങ്ങുന്നതും രാജ്യം കണ്ടു. അടുത്ത ദിവസം പൂഴിക്കടകനുമായിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ പരമോന്നത കോടതിയിലെത്തിയത്. മുസ്‌ലിം ഇതരര്‍ വഖ്ഫ് ബോര്‍ഡുകളില്‍ സ്വീകാര്യമല്ലെങ്കില്‍ മുസ്‌ലിമേതര ന്യായാധിപര്‍ ഈ കേസ് കേള്‍ക്കരുതെന്ന് പച്ചക്ക് പറയാന്‍ മടിയുണ്ടായില്ല ഭരണകൂടത്തിന്. ഇവിടെ ഇരിക്കുമ്പോള്‍ ഞങ്ങളുടെ മതം ഞങ്ങള്‍ക്ക് നഷ്ടമാകുന്നു. ഞങ്ങള്‍ മതേതരാണെന്ന മനോഹര മറുപടി ചീഫ് ജസ്റ്റിസ് നല്‍കിയപ്പോള്‍ ഭരണകൂടം പൂര്‍ണ നിരായുധരാകുകയായിരുന്നു.
വഖ്ഫില്‍ ഭരണഘടനാ മൂല്യങ്ങളില്‍ അടിയുറച്ച നിലപാട് സ്വീകരിച്ച ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ വ്യക്തിപരമായി ഉന്നംവെക്കുന്ന വിമര്‍ശനങ്ങളുമായി ബി ജെ പി. എം പി നിഷികാന്ത് ദുബെ രംഗത്തെത്തിയത് സുപ്രീം കോടതി ഇടപെടല്‍ ഭരണകൂടത്തെ അക്ഷരാര്‍ഥത്തില്‍ ഉലച്ചുകളഞ്ഞതിന്റെ തെളിവാണ്. ദുബെക്കെതിരെ സ്വമേധയാ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ ചീഫ് ജസ്റ്റിസ് നേതൃത്വം നല്‍കിയ ബഞ്ച് നിരസിച്ചത് ശ്രദ്ധേയമാണ്. ബി ജെ പി. എം പി തന്നെ വ്യക്തിപരമായി ലക്ഷ്യം വെച്ചതാണ്. നിഷികാന്ത് ദുബെയുടെ പ്രസ്താവനയെ നിരുത്തരവാദപരവും വിവരമില്ലായ്മയെന്നും വിമര്‍ശിച്ചപ്പോള്‍ തന്നെ അത് ജുഡീഷ്യറിയിലുള്ള പൊതുജന വിശ്വാസത്തെ ബാധിച്ചിട്ടില്ലെന്ന സഞ്ജീവ് ഖന്നയുടെ നിലപാടിന്റെ അടിത്തറയും ഭരണഘടന തന്നെയായിരുന്നു.
ഷോ കാണിക്കാത്ത നീതിബോധം
സുപ്രീം കോടതിയിലെ മുഖ്യ ന്യായാധിപനായിരിക്കെ കോടതിക്ക് പുറത്ത് സഞ്ജീവ് ഖന്ന സംസാരിച്ചത് അപൂര്‍വമായി മാത്രമാണ്. നീതിപീഠത്തിലിരുന്ന് തന്നെ പറയാനുള്ളത് പറയുകയും ചെയ്യാനുള്ളത് ചെയ്യുകയും ചെയ്തു അദ്ദേഹം. എന്നാല്‍ അദ്ദേഹത്തിന്റെ മുന്‍മാതൃക അവ്വിധമായിരുന്നില്ല. രണ്ട് വര്‍ഷക്കാലം ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന ഡി വൈ ചന്ദ്രചൂഡിന്റെ ലൈന്‍ ഭരണകൂടത്തോട് മുട്ടാപ്പോക്ക് എന്നതായിരുന്നു ഏറെക്കുറെ. വാരാന്തങ്ങളില്‍ രാജ്യത്തും വിദേശത്തും ഭരണഘടനാ മൂല്യങ്ങളെക്കുറിച്ച് വാതോരാതെ പ്രസംഗിച്ച് നടന്ന അദ്ദേഹം പക്ഷേ രാജ്യത്തിന്റെ എക്‌സിക്യൂട്ടീവിന്റെ തലവനെ മതപരമായ ചടങ്ങിന് സ്വന്തം വീട്ടില്‍ ക്ഷണിച്ചു വരുത്തി പടമെടുത്ത് രാജ്യത്തെയും ലോകത്തെയും കാണിക്കുക മാത്രമല്ല ചെയ്തത്. അതിനെ നിര്‍ലജ്ജം ന്യായീകരിക്കുകയും ചെയ്തു. വാക്കിനൊരു വഴിയും പോക്കിന് മറ്റൊരു വഴിയും കണ്ടെത്തിയ അദ്ദേഹം ദൃശ്യതക്ക് പിറകെ പോയെന്ന ആക്ഷേപം ഉയര്‍ന്നിരുന്നതും നമുക്ക് മുമ്പിലുണ്ട്.
സഞ്ജീവ് ഖന്ന നിരാക്ഷേപം പൂര്‍ണ ശരിയായിരുന്നെന്ന അഭിപ്രായമില്ല. വിദ്വേഷ പ്രസംഗം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവിനെതിരെ ഉണ്ടായ നടപടി പേരിലൊതുങ്ങിയത് തെറ്റായ സന്ദേശമാണ് നല്‍കിയത്. സുപ്രീം കോടതി കൊളീജിയം വിവാദ ന്യായാധിപനെ വിളിച്ചു വരുത്തി താക്കീത് ചെയ്യുകയായിരുന്നു. അദ്ദേഹം അര്‍ഹിച്ചതില്‍ കുറഞ്ഞ നടപടി മാത്രമായിരുന്നത്. മതനിരപേക്ഷതയും വ്യക്തി സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്നതിലും നീതിന്യായ വ്യവസ്ഥിതിയിലെ പൊതുജന വിശ്വാസം കാത്തുസൂക്ഷിക്കുന്നതിലും ഭരണഘടന തന്നിലര്‍പ്പിച്ച വിശ്വാസത്തോട് കൂറുപുലര്‍ത്തിയെന്ന ചാരിതാര്‍ഥ്യത്തോടെ സഞ്ജീവ് ഖന്നക്ക് മടങ്ങാം. ചീഫ് ജസ്റ്റിസാകാത്ത ഖന്നയെ ഓര്‍ക്കുന്ന രാജ്യം ചീഫ് ജസ്റ്റിസായ ഖന്നയെയും ഓര്‍ക്കും, തീര്‍ച്ച.