Connect with us

Ongoing News

ഭീമ കൊറേഗാവ് കേസ്; സ്ഥിരം ജാമ്യം തേടി വരവരറാവു സമര്‍പ്പിച്ച ഹരജി ജൂലൈ 19ലേക്ക് മാറ്റി

പുതിയ ഉത്തരവുണ്ടാകുന്നത് വരെ വരവരറാവുവിന് ഇടക്കാല ജാമ്യത്തില്‍ തുടരാമെന്ന് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബഞ്ച്.

Published

|

Last Updated

ന്യൂഡല്‍ഹി | ഭീമ കൊറേഗാവ് കേസില്‍ സ്ഥിരം ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വരവരറാവു സമര്‍പ്പിച്ച അപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി ജൂലൈ 19 ലേക്ക് മാറ്റി. 83 വയസുള്ള തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് കാട്ടിയാണ് സ്ഥിരം ജാമ്യം തേടി വരവരറാവു ഹരജി സമര്‍പ്പിച്ചത്. അതേസമയം, പുതിയ ഉത്തരവുണ്ടാകുന്നത് വരെ വരവരറാവുവിന് ഇടക്കാല ജാമ്യത്തില്‍ തുടരാമെന്ന് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബഞ്ച് പ്രസ്താവിച്ചു.

കേസ് പരിഗണിക്കുന്നത് നീട്ടിവെക്കണമെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ)ക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു. ഇടക്കാല ജാമ്യം തുടരുന്നതില്‍ എതിര്‍പ്പില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. എന്നാല്‍, ഇടക്കാല ജാമ്യം ജൂലൈ 19 വരെ മാത്രമേ നീട്ടാവൂ എന്നും പുതിയ ഉത്തരവുണ്ടാകുന്നത് വരെ നീട്ടിനല്‍കരുതെന്നുമുള്ള തുഷാര്‍ മെഹ്തയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഇടക്കാല ജാമ്യത്തിലുള്ള വരവരറാവു ഇപ്പോള്‍ ഭാര്യക്കൊപ്പം മുംബൈയിലാണ് താമസിക്കുന്നത്. വിചാരണത്തടവുകാരനായി രണ്ട് വര്‍ഷത്തിലേറെ ജയിലില്‍ കഴിയേണ്ടിവന്നെന്ന് വരവരറാവു ഹരജിയില്‍ പറഞ്ഞു. നേരത്തെ സ്ഥിരം ജാമ്യം തേടി അദ്ദേഹം മുംബൈ കോടതിയെ സമീപിച്ചിരുന്നെങ്കിലും തള്ളുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്.

2018 ജൂണ്‍ 28നാണ് യു എ പി എ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി വരവരറാവുവിനെ അറസ്റ്റ് ചെയ്തത്. ദളിതരും മറാത്തികളും തമ്മിലുണ്ടായ യുദ്ധത്തില്‍ ദളിതുകള്‍ വിജയിച്ചതിന്റെ 200-ാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി 2018 ജനുവരി ഒന്നിന് പൂനെ ജില്ലയിലെ ഭീമാ കൊറെഗാവില്‍ നടന്ന പരിപാടിയില്‍ സംഘര്‍ഷമുണ്ടായെന്ന് ആരോപിച്ചായിരുന്നു വരവരറാവു ഉള്‍പ്പെടെ നിരവധി പേരെ ജയിലിലടച്ചത്.