Connect with us

Articles

പ്രതിസ്വരങ്ങളെ അവര്‍ വേട്ടയാടുകയാണെന്നതിനാല്‍

ഭരണകൂടം ആഗ്രഹിക്കാത്ത ലൈനില്‍ സംസാരിക്കുന്നവര്‍ക്ക് കൈയാമം വെക്കുന്ന സങ്കുചിത രാഷ്ട്രീയത്തിന്റെ തുടര്‍ച്ച തന്നെയാണ് അലിഖാന്‍ മഹ്്മൂദാബാദിനെതിരായ നടപടി. രാജ്യം ഭരിക്കാന്‍ ബി ജെ പിക്ക് ഒറ്റക്ക് ഭൂരിപക്ഷമുണ്ടായിരുന്ന പതിറ്റാണ്ടിന് ശേഷം ഘടകകക്ഷികളെ ആശ്രയിച്ച് ഭരണം മുന്നോട്ടുപോയി ഒരാണ്ട് പിന്നിടുമ്പോഴും ന്യൂനപക്ഷ വേട്ടക്കും ഭരണഘടനയോടുള്ള വിപ്രതിപത്തി പ്രകടനത്തിനും കുറവില്ലെന്ന് വേണം മനസ്സിലാക്കാന്‍

Published

|

Last Updated

മഹിളാ സംരക്ഷണത്തിന്റെ പേരില്‍ തങ്ങളുടെ സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ ഭരണകൂട പിണിയാളുകള്‍ക്കുള്ള മിടുക്ക് ഒന്നു വേറെയാണ്. മുസ്‌ലിം നാരികളുടെ കാര്യത്തിലാകുമ്പോള്‍ അതിന് മൂല്യമേറുന്നു. യോഗി ആതിദ്യനാഥ് ആദ്യ തവണ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായ 2017ല്‍ കേന്ദ്ര സര്‍ക്കാറിന്റെ മുത്വലാഖ്്വിരുദ്ധ നിലപാടിന് യു പിയിലെ മുസ്‌ലിം സ്ത്രീകള്‍ സമ്മാനിച്ച വിജയമാണ് അദ്ദേഹത്തിന്റേതെന്ന ഒരു നരേഷന്‍ സംഘ്പരിവാറിനെ കേന്ദ്രീകരിച്ചുണ്ടായിരുന്നു. ഭരണഘടനക്ക് നിരക്കാത്ത മതപരിവര്‍ത്തന നിരോധന നിയമത്തെ ഹിന്ദു പെണ്‍കുട്ടികളെ ലവ് ജിഹാദില്‍ നിന്ന് സംരക്ഷിക്കാനുള്ള സ്ത്രീപക്ഷ ഇടപെടലായാണ് ഭരണകൂടം അവതരിപ്പിക്കുന്നത്. രണ്ട് പ്രചാരണങ്ങളും ഉള്ള് പൊള്ളയായ ഇണ്ടാസാണെന്നതാണ് സത്യം. മുത്വലാഖ് നിരോധന നിയമത്തില്‍ മുസ്‌ലിം സ്ത്രീയുടെ സ്വാഭിമാനമുയര്‍ത്തിപ്പിടിക്കുന്നതൊന്നും ഇല്ലാത്തത് പോലെ ലവ് ജിഹാദെന്ന സംഘടിത പ്രണയക്കെണി രാജ്യത്ത് നടക്കുന്നില്ലെന്നാണ് ഔദ്യോഗിക രേഖകള്‍. എന്നാല്‍ രാജ്യത്ത് പെണ്ണിന്റെ മാനം വീണുടഞ്ഞ പല വേളകളില്‍ ഒന്നായിരുന്നു മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് രണ്ട് കുകി – സോ സ്ത്രീകളെ നഗ്നരാക്കി ജനമധ്യത്തില്‍ പരേഡ് നടത്തി ലൈംഗികമായി പീഡിപ്പിച്ചത്. അന്നീ സ്വയംപ്രഖ്യാപിത സ്ത്രീ സംരക്ഷണ വണിക്കുകള്‍ മാളത്തിലൊളിക്കുകയായിരുന്നു. അശോക യൂനിവേഴ്‌സിറ്റിയിലെ രാഷ്ട്രമീമാംസ വിഭാഗം പ്രൊഫസറും വകുപ്പ് മേധാവിയുമായ അലിഖാന്‍ മഹ്്മൂദാബാദിനെതിരെ ഹരിയാന വനിതാ കമ്മീഷന്‍ അധ്യക്ഷ പരാതിയുമായി രംഗത്തെത്തിയതിലും കപട നാരീസ്‌നേഹത്തിന്റെ പ്രഘോഷണമാണുള്ളത്.

ആ പോസ്റ്റുകള്‍ ആരെയാണ് ചൊടിപ്പിക്കുന്നത്
പഹല്‍ഗാമിലെ ഭീകരാക്രമണാനന്തരം രൂപപ്പെട്ട ഇന്ത്യ – പാക് സംഘര്‍ഷത്തെ മുന്‍നിര്‍ത്തി പ്രൊഫ. അലിഖാന്‍ മേയ് എട്ടിന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ചൂണ്ടിക്കാട്ടിയാണ് ഹരിയാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ ഉള്‍പ്പെടെ പ്രൊഫസര്‍ക്കെതിരെ പരാതി നല്‍കുന്നതും തുടര്‍ന്ന് അദ്ദേഹത്തിന്റെ അറസ്റ്റിലേക്ക് കാര്യങ്ങളെത്തുന്നതും. അറസ്റ്റിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്.
ഭീകരവാദത്തെയും യുദ്ധാസക്തിയെയും എതിര്‍ക്കുകയും മാനവികതയെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നതാണ് അശോക യൂനിവേഴ്‌സിറ്റി പ്രൊഫസറുടെ പ്രസ്താവിത സോഷ്യല്‍ മീഡിയ പോസ്റ്റെന്ന് അത് വായിക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമില്ല. പാകിസ്താന്‍ ഭീകരതക്ക് കടിഞ്ഞാണിടണം. രണ്ട് രാജ്യങ്ങളിലെയും പൗരന്‍മാരുടെ ജീവഹാനി ദുഃഖകരവും എന്തുകൊണ്ട് യുദ്ധം ഒഴിവാക്കണമെന്നതിന്റെ പ്രധാന കാരണവുമാണെന്നതാണ് മഹ്്മൂദാബാദിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ ഒരു ഭാഗം. ഭീകരവാദത്തെ എതിര്‍ക്കുമ്പോള്‍ തന്നെ യുദ്ധം വരുത്തിവെക്കുന്ന തീരാദുരിതത്തെ അടയാളപ്പെടുത്തുന്നതില്‍ ക്രിമിനല്‍ കുറ്റം ചുമത്താന്‍ മാത്രം എന്താണുള്ളത്. അക്കാര്യം പറയുന്ന ആദ്യത്തെ ആളുമല്ല അലിഖാന്‍. ലോക ചരിത്രത്തില്‍ നാളിതുവരെ യുദ്ധങ്ങളുണ്ടായ സന്ദര്‍ഭങ്ങളിലെല്ലാം ചിന്താശേഷിയുള്ള മനുഷ്യര്‍ പറഞ്ഞു കൊണ്ടിരിക്കുന്നത് മാത്രമാണ് അദ്ദേഹവും കുറിച്ചത്. പഹല്‍ഗാമിന് മറുപടിയായി പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തുകൊണ്ട് രാജ്യം ശക്തമായ തിരിച്ചടി നല്‍കിയ ഘട്ടത്തില്‍ യുദ്ധം വേണ്ടതില്ലെന്ന് മുന്‍ ആര്‍മി ചീഫ് ജനറല്‍ മനോജ് എം നരവണെ പറഞ്ഞിരുന്നു. യുദ്ധം കാൽപ്പനികതയല്ല, ബോളിവുഡ് സിനിമയുമല്ല. എല്ലാ സമയത്തും ആദ്യ തിരഞ്ഞെടുപ്പ് നയതന്ത്ര പരിഹാരമായിരിക്കണമെന്ന അഭിപ്രായം രേഖപ്പെടുത്തിയ മുന്‍ ആര്‍മി ചീഫ് യുദ്ധോത്സുകരായി സാമൂഹിക മാധ്യമങ്ങളില്‍ അട്ടഹസിച്ച തീവ്ര വലതുപക്ഷത്തെയും ചാനലിലിരുന്ന് യുദ്ധത്തിനായി തൊണ്ടപൊട്ടിച്ച മാധ്യമങ്ങളെയും ഉത്തരവാദിത്വബോധമുള്ള പൗരന്മാരാക്കാന്‍ ജാഗ്രത കാണിക്കുകയാണ് ചെയ്തത്. അത് ഉള്‍ക്കൊള്ളാനായ ഭരണകൂട അടുപ്പക്കാര്‍ക്ക് പക്ഷേ അത്രതന്നെ പ്രഹരശേഷിയില്ലാത്ത അലിഖാന്‍ മഹ്്മൂദാബാദിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് ക്രിമിനല്‍ കുറ്റമായി തോന്നുന്നത് വെറുപ്പും വംശീയതയും നിറഞ്ഞ സങ്കുചിത രാഷ്ട്രീയത്തിന്റെ പ്രതിഫലനമല്ലാതെ മറ്റൊന്നല്ല.
യുദ്ധം ആഘോഷിക്കുന്നവരെ മാനവികതയിലേക്ക് ഉണര്‍ത്തി വിടുന്നതാണ് മഹ്്മൂദാബാദിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ രണ്ടാം ഭാഗം. യുദ്ധത്തിന് മുറവിളി കൂട്ടുന്നവര്‍ ഒരിക്കലും ഒരു യുദ്ധമുഖം കാണുകയോ സന്ദര്‍ശിക്കുകയോ ചെയ്തിട്ടില്ല. യുദ്ധം ക്രൂരമാണ്. പാവങ്ങള്‍ യാതനകള്‍ അനുഭവിക്കുന്ന യുദ്ധം കൊണ്ട് ഗുണം ലഭിക്കുന്നത് രാഷ്ട്രീയക്കാര്‍ക്കും പ്രതിരോധ കമ്പനികള്‍ക്കും മാത്രമാണെന്ന് പറയുന്ന പ്രൊഫ. അലിഖാന്റെ കുറിപ്പില്‍ യുദ്ധാസക്തിയെയാണ് പ്രശ്‌നവത്കരിക്കുന്നത്. മാനവികതയുടെയും ഇരകളോടുള്ള ഐക്യസന്നദ്ധതയുടെയും പേരില്‍ ഇന്ത്യയെ ലോകത്തിന് മുമ്പില്‍ തെളിയിച്ചു കാട്ടിയ മഹാത്മാ ഗാന്ധിയുടെയും നെഹ്‌റുവിന്റെയും അംബേദ്കറുടെയും രാജ്യത്തെ ഒരു പൗരനില്‍ നിന്ന് സ്വാഭാവികമായി പ്രതീക്ഷിക്കാവുന്ന നിലപാട് മാത്രമല്ലേ അത്. വിദ്വേഷത്തിന്റെയും വംശീയ വെറിയുടെയും പാഠങ്ങള്‍ ഒരു കാലത്തും വാങ്ങിവെച്ചവരല്ലല്ലോ നമ്മള്‍. പഹല്‍ഗാമിന് പകരം പാകിസ്താനിലെ ഭീകര കേന്ദ്രങ്ങള്‍ മാത്രം ലക്ഷ്യം വെക്കുന്നു എന്ന് വിളംബരപ്പെടുത്തി എത്രമേല്‍ കുലീനവും അതേസമയം ശത്രുവിന് ഓര്‍ക്കാനാകാത്ത വിധവുമുള്ള തിരിച്ചടി നല്‍കിയാണ് രാജ്യം പ്രതികരിച്ചത്. എന്നിരിക്കെ മുന്‍ ആര്‍മി ചീഫും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും വെടിനിര്‍ത്തലിനെ പിന്തുണച്ച് പ്രതികരിച്ച വഴിയില്‍ സമാന അഭിപ്രായപ്രകടനം നടത്തുക മാത്രമാണ് അശോക യൂനിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ചെയ്തത്.
സോഫിയ ഖുറൈശിയെ ആഘോഷിച്ച മാധ്യമങ്ങള്‍ക്ക് ഇന്ത്യയിലെ സാധാരണ മുസ്‌ലിംകള്‍ക്കെതിരായ ആക്രമണങ്ങളെയും വിദ്വേഷ പ്രസംഗങ്ങളെയും ചോദ്യം ചെയ്യേണ്ട ബാധ്യത കൂടിയുണ്ടെന്നാണ് അലിഖാന്‍ മഹ്മൂദാബാദിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ മൂന്നാം ഭാഗം. രണ്ട് വനിതാ സൈനികര്‍ അവരുടെ കണ്ടെത്തലുകള്‍ അവതരിപ്പിക്കുന്ന ചിത്രങ്ങള്‍ പ്രധാനമാണ്. പക്ഷേ ആ ചിത്രങ്ങളെ അടിത്തട്ടിലെ യാഥാര്‍ഥ്യങ്ങളിലേക്ക് പരാവര്‍ത്തനം ചെയ്യുന്നില്ലെങ്കില്‍ അത് കാപട്യമാണ്. ബുള്‍ഡോസര്‍ രാജിലൂടെയും മറ്റും രാജ്യത്തെ മുസ്‌ലിംകളുടെ ജീവനും സ്വത്തിനും നേരെ നിരന്തര കൈയേറ്റം നടത്തുന്നു ഭരണകൂടവും സംഘ്പരിവാര്‍ സംഘടനകളുമെന്നത് പരമോന്നത കോടതി പോലും പലവുരു അംഗീകരിച്ച വസ്തുതയാണെന്നിരിക്കെ അത് വിളിച്ചു പറയുന്നത് അപരാധമാകുന്നതെങ്ങനെയാണ്.

വേട്ടയാടല്‍ മാത്രം
അലിഖാന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ ഉള്ളടക്കം ഹരിയാന വനിതാ കമ്മീഷന്‍ അധ്യക്ഷക്കും പോലീസിനും മനസ്സിലാകാത്തതോ മനസ്സിലാക്കാന്‍ ശ്രമിക്കാത്തതോ ആണ്. അല്ലെങ്കില്‍ പിന്നെയെങ്ങനെയാണ് മാനവികതയെപ്രതി സംസാരിക്കുന്നത് രാജ്യത്ത് കുറ്റകൃത്യമായിത്തീരുന്നത്. ഒരു ഇരയെ കിട്ടിയ പോലെ പ്രൊഫസറെ വേട്ടയാടുകയാണെന്ന ബോധ്യമാണ് കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും പ്രമുഖ ചരിത്രകാരന്മാരും അക്കാദമിസ്റ്റുകളും ഒന്നടങ്കം മഹ്്മൂദാബാദിന്റെ അറസ്റ്റില്‍ പ്രതിഷേധവുമായി രംഗത്തെത്താന്‍ കാരണം.

ഭരണകൂടം ആഗ്രഹിക്കാത്ത ലൈനില്‍ സംസാരിക്കുന്നവര്‍ക്ക് കൈയാമം വെക്കുന്ന സങ്കുചിത രാഷ്ട്രീയത്തിന്റെ തുടര്‍ച്ച തന്നെയാണ് പ്രൊഫ. അലിഖാനെതിരായ നടപടി. രാജ്യം ഭരിക്കാന്‍ ബി ജെ പിക്ക് ഒറ്റക്ക് ഭൂരിപക്ഷമുണ്ടായിരുന്ന പതിറ്റാണ്ടിന് ശേഷം ഘടകകക്ഷികളെ ആശ്രയിച്ച് ഭരണം മുന്നോട്ടുപോയി ഒരാണ്ട് പിന്നിടുമ്പോഴും ന്യൂനപക്ഷ വേട്ടക്കും ഭരണഘടനയോടുള്ള വിപ്രതിപത്തി പ്രകടനത്തിനും കുറവില്ലെന്ന് വേണം മനസ്സിലാക്കാന്‍. വിവിധ സംസ്ഥാനങ്ങളില്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്ന ബുള്‍ഡോസര്‍ രാജും മുസ്‌ലിംകള്‍ക്കെതിരായ ആക്രമണങ്ങളും വഖ്ഫ് ഭേദഗതി നിയമവുമൊക്കെ അതാണ് ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തില്‍ ഇന്ദ്രപ്രസ്ഥത്തിലെ അധികാര ഹുങ്കിനെതിരെ സമീപ കാലത്ത് ഏതെങ്കിലും തരത്തിലുള്ള ചലനമുണ്ടാക്കാനാകുക നടപ്പു വര്‍ഷാവസാനം നടക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മാത്രമായിരിക്കും.

നീതിപീഠത്തിനെന്തു പറ്റി
അലിഖാന്‍ മഹ്്മൂദാബാദിന് സുപ്രീം കോടതി ഇടക്കാല ജാമ്യമനുവദിച്ചു എന്നത് ശരി തന്നെ. പക്ഷേ അദ്ദേഹത്തിനെതിരായ പരാതിയില്‍ കഴമ്പില്ലെന്ന തീര്‍പ്പിലേക്കെത്തിയില്ല പരമോന്നത കോടതിയെന്നത് ദൗര്‍ഭാഗ്യകരമായിപ്പോയി. ഹരിയാന ഡി ജി പി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍ക്കൊള്ളുന്ന പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് മഹ്്മൂദാബാദിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലെ വാക്കുകളുടെ അര്‍ഥം നിര്‍ണയിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട് സുപ്രീം കോടതി. പാസ്സ്‌പോര്‍ട്ട് തിരിച്ചേല്‍പ്പിക്കണമെന്നും ഉപാധി വെച്ചിരിക്കുന്ന നീതിപീഠം സോഷ്യല്‍ മീഡിയ പോസ്റ്റിന് വിലക്കേര്‍പ്പെടുത്തിയിട്ടുമുണ്ട്.
പ്രൊഫസര്‍ക്ക് പോലീസ് കസ്റ്റഡിയില്‍ നിന്ന് ജാമ്യമനുവദിച്ച സുപ്രീം കോടതി അതേ പോലീസിന് വലിയ അധികാരം വകവെച്ചു നല്‍കുന്നുണ്ടെന്നത് അവധാനതയുള്ള നടപടിയായി തോന്നുന്നില്ല. ഭരണഘടന ഉറപ്പുനല്‍കുന്ന പ്രധാന മൗലികാവകാശമായ അഭിപ്രായ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ബലത്തില്‍ അലിഖാന്‍ മഹ്്മൂദാബാദിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കി അദ്ദേഹത്തെ നിരുപാധികം വിട്ടയക്കാന്‍ ഉത്തരവിടുകയായിരുന്നു നീതിപീഠം ചെയ്യേണ്ടിയിരുന്നത്.