Ongoing News
മുംബൈയെ അഞ്ച് റണ്‍സിന് തോല്‍പ്പിച്ചു; പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി ലക്‌നൗ
ഇശാന്‍ കിഷന്‍ (39 പന്തില്‍ 59), രോഹിത് ശര്‍മ (25ല്‍ 37), ടിം ഡേവിഡ് (19ല്‍ 32 നോട്ടൗട്ട്) എന്നിവര്‍ മുംബൈക്കായി മികച്ച ബാറ്റിങ് കാഴ്ചവച്ചു.

ലക്‌നൗ | ഐ പി എലില്‍ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ഇന്ന് നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് റണ്‍സിന് തോല്‍പ്പിച്ചാണ് ലക്‌നൗവിന്റെ മുന്നേറ്റം. അവസാന ഓവര്‍ വരെ ആവേശം കത്തിയ അങ്കത്തിലാണ് എല്‍ എസ് ജി വിജയഗാഥ.
ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 177 റണ്‍സെടുത്തു. മറുപടി ബാറ്റിങില്‍ നിശ്ചിത ഓവര്‍ മുഴുവന്‍ ബാറ്റ് ചെയ്തിട്ടും അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി 172 റണ്‍സെടുക്കാനേ മുംബൈക്ക് കഴിഞ്ഞുള്ളൂ.
ഇശാന്‍ കിഷന്‍ (39 പന്തില്‍ 59), രോഹിത് ശര്‍മ (25ല്‍ 37), ടിം ഡേവിഡ് (19ല്‍ 32 നോട്ടൗട്ട്) എന്നിവര്‍ മുംബൈക്കായി മികച്ച ബാറ്റിങ് കാഴ്ചവച്ചു. എല്‍ എസ് ജിക്കായി രവി ബിഷ്‌ണോയിയും യാഷ് താക്കൂറും രണ്ട് വീതം വിക്കറ്റെടുത്തു. മൊഹ്‌സിന്‍ ഖാന്‍ ഒരു വിക്കറ്റ് വീഴ്ത്തി.
നേരത്തെ, മാര്‍കസ് സ്‌റ്റോയിനിസിന്റെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് ലക്‌നൗവിനെ 177ല്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്. 47 പന്തില്‍ നിന്ന് 89 റണ്‍സാണ് സ്റ്റോയിനിസ് അടിച്ചെടുത്ത്ത. ക്രുണാല്‍ പാണ്ഡ്യ 42 പന്തില്‍ 49ഉം ക്വിന്റണ്‍ ഡി കോക്ക് 15ല്‍ 16ഉം റണ്‍സ് നേടി. ലക്‌നൗവിന്റെ രണ്ട് വിക്കറ്റുകള്‍ ജേസണ്‍ ബെഹ്‌റന്‍ഡോഫ് സ്വന്തമാക്കി. പിയുഷ് ചൗളയും കാമറോണ്‍ ഗ്രീനും ഓരോ വിക്കറ്റ് വീഴ്ത്തി.