Connect with us

Ongoing News

ഡല്‍ഹി കാപ്പിറ്റല്‍സിനെ മൂന്ന് വിക്കറ്റിന് വീഴ്ത്തി; കൊല്‍ക്കത്ത ഫൈനലില്‍

Published

|

Last Updated

ഷാര്‍ജ | അടിമുടി ആവേശം കത്തിനിന്ന മത്സരത്തില്‍ ഡല്‍ഹി കാപ്പിറ്റല്‍സിനെ മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ച്കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഐ പി എല്‍ ഫൈനലില്‍. ഡല്‍ഹി മുന്നോട്ടുവച്ച 136 റണ്‍സ് എന്ന കുറഞ്ഞ സ്‌കോറിലേക്ക് ബാറ്റ് വീശിയ കൊല്‍ക്കത്ത നിശ്ചിത 20 ഓവര്‍ അവസാനിക്കാന്‍ ഒരു പന്ത് മാത്രം ശേഷിക്കെയാണ് വിജയതീരമണഞ്ഞത്. സ്‌കോര്‍: ഡല്‍ഹി 20 ഓവറില്‍ അഞ്ചിന് 135, കൊല്‍ക്കത്ത 19.5 ഓവറില്‍ ഏഴിന് 136. ചെന്നൈ സൂപ്പര്‍ കിങ്സാണ് കലാശപ്പോരാട്ടത്തില്‍ കൊല്‍ക്കത്തയുടെ എതിരാളി. ഇത് മൂന്നാം തവണയാണ് കൊല്‍ക്കത്ത ഐ പി എല്ലിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്. മുമ്പ് രണ്ട് തവണ ഫൈനലില്‍ പ്രവേശിച്ചപ്പോഴും കൊല്‍ക്കത്ത കിരീടം നേടിയിരുന്നു. മത്സരത്തില്‍ തോറ്റതോടെ ഡല്‍ഹിക്ക് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

ഒരു ഘട്ടത്തില്‍ 14.5 ഓവറില്‍ ഒരു വിക്കറ്റിന് 123 റണ്‍സ് എന്ന ശക്തമായ നിലയിലായിരുന്ന കൊല്‍ക്കത്തക്ക് ഏഴ് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും ആറ് വിക്കറ്റുകള്‍ നഷ്ടമായി. ഏഴ് വിക്കറ്റിന് 130 എന്ന അവിശ്വസനീയമായ തകര്‍ച്ചയിലേക്കാണ് കൊല്‍ക്കത്ത കൂപ്പുകുത്തിയത്. അവസാന ഓവറിലെ അഞ്ചാമത്തെ പന്തില്‍ സിക്സടിച്ച് രാഹുല്‍ ത്രിപാഠിയാണ് കൊല്‍ക്കത്തയെ വിജയത്തിലെത്തിച്ചത്. അര്‍ധ ശതകം നേടിയ വെങ്കിടേഷ് അയ്യരുടെയും ശുഭ്മാന്‍ ഗില്ലിന്റെയും തകര്‍പ്പന്‍ അര്‍ധ ശതകങ്ങളാണ് വിജയത്തില്‍ നിര്‍ണായക ഘടകമായത്. 41 പന്തുകളില്‍ നിന്ന് നാല് ഫോറും മൂന്ന് സിക്സും സഹിതം 55 റണ്‍സാണ് വെങ്കിടേഷ് നേടിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഗില്ലിനൊപ്പം 96 റണ്‍സിന്റെ വന്‍ കൂട്ടുകെട്ടും പടുത്തുയര്‍ത്തി.

അവസാന രണ്ടോവറില്‍ കൊല്‍ക്കത്തയുടെ വിജയലക്ഷ്യം വെറും 10 റണ്‍സായിരുന്നു. 19-ാം ഓവര്‍ എറിഞ്ഞ നോര്‍ക്കെ മൂന്ന് റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയത്. ഓവറിലെ അവസാന പന്തില്‍ മോര്‍ഗന്റെ വിക്കറ്റ് പിഴുതെടുക്കുകയും ചെയ്തു. ഇതോടെ അവസാന ഓവറില്‍ കൊല്‍ക്കത്തയുടെ വിജയലക്ഷ്യം ഏഴ് റണ്‍സായി. അവസാന ഓവര്‍ എറിഞ്ഞ അശ്വിന്‍ ആദ്യ രണ്ട് പന്തുകളില്‍ ഒരു റണ്‍ മാത്രമാണ് വിട്ടുകൊടുത്തത്. മൂന്നാം പന്തില്‍ ഷാക്കിബിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇതോടെ കൊല്‍ക്കത്തക്ക് വിജയിക്കാന്‍ മൂന്ന് പന്തില്‍ നിന്ന് ആറ് റണ്‍സ് വേണമെന്നായി. നാലാം പന്തില്‍ നരെയ്നിനെയും അശ്വിന്‍ മടക്കി. വിജയം എങ്ങോട്ടും തിരിയാമെന്ന നിലയില്‍ നില്‍ക്കേയാണ് അഞ്ചാം പന്തില്‍ രാഹുലിന്റെ സിക്സര്‍ പിറന്നത്. രാഹുല്‍ 12 റണ്‍സെടുത്തു.

ഡല്‍ഹിക്ക് വേണ്ടി ആന്റിച്ച് നോര്‍ക്കെ, അശ്വിന്‍, റബാദ എന്നിവര്‍ രണ്ട് വീതവും ആവേശ് ഖാന്‍ ഒരു വിക്കറ്റും വീഴ്ത്തി. കൊല്‍ക്കത്തയ്ക്കായി വരുണ്‍ ചക്രവര്‍ത്തി നാലോവറില്‍ 26 റണ്‍സ് മാത്രം വിട്ടുനല്‍കി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ശിവം മാവി, ലോക്കി ഫെര്‍ഗൂസന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

 

---- facebook comment plugin here -----

Latest