National
കന്യാസ്ത്രീകളെ സ്വീകരിക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിനെതിരെ ബജ്‌റംഗ്ദള്‍
ബജ്‌റംഗ് ദള്‍ പ്രവര്‍ത്തിക്കുന്നത് ഹിന്ദുക്കള്‍ക്ക് വേണ്ടിയാണെന്ന് ജ്യോതിശര്‍മ

റാഞ്ചി | ജാര്‍ഗണ്ഡില്‍ ജയിലിലടച്ച കന്യാസ്ത്രീകളെ ജയില്‍ മോചന ശേഷം സ്വീകരിക്കാനെത്തിയ ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരനെതിരെ ബജ്‌റംഗ് ദള്‍.
ബജ്‌റംഗ് ദള്‍ പ്രവര്‍ത്തിക്കുന്നത് ഹിന്ദുക്കള്‍ക്ക് വേണ്ടിയാണെന്നും രാജീവ് ചന്ദ്രശേഖര്‍ കന്യാസ്ത്രീകളെ സ്വീകരിക്കാന്‍ എത്തിയത് തെറ്റാണെന്നും ബജ്രംഗ്ദള്‍ നേതാവ് ജ്യോതിശര്‍മ പ്രതികരിച്ചു. ബജ്‌റംഗ് ദള്‍ ബലാത്സംഗ ഭീഷണി മുഴക്കിയെന്ന പെണ്‍കുട്ടികളുടെയും കുടുംബത്തിന്റെയും ആരോപണം തെറ്റാണ്. തങ്ങള്‍ ആരെയും കയ്യേറ്റം ചെയ്തിട്ടില്ല. ഇത്രയും ദിവസം എന്തുകൊണ്ട് പെണ്‍കുട്ടികള്‍ പരാതി പറഞ്ഞില്ല എന്നും ജ്യോതി ശര്‍മ ചോദിച്ചു.
റെയില്‍വേ സ്റ്റേഷനില്‍ നടന്ന കാര്യങ്ങളെല്ലാം സി സി ടി വിയില്‍ പതിഞ്ഞിട്ടുണ്ട്. കോടതി ജാമ്യം നല്‍കി എന്നത് കൊണ്ട് കേസ് അവസാനിക്കുന്നില്ല. ഒരു പെണ്‍കുട്ടിയുടെ മൊഴിയടക്കം കയ്യിലുണ്ട്. പെണ്‍കുട്ടിയുടെ ബാഗില്‍ മറ്റ് ചില പെണ്‍കുട്ടികളുടെ ഫോട്ടോയും ഉണ്ടായിരുന്നു. ഇവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് വന്‍ റാക്കറ്റാണെന്നും ജ്യോതി ശര്‍മ കൂട്ടിച്ചേര്‍ത്തു.