Connect with us

Health

നടുവേദന ഒരു ദിവസം കൊണ്ട് പൂര്‍ണ്ണമായി സുഖപ്പെടുത്താം

പിഇഎല്‍ഡി(പെര്‍ക്യുട്ടേനിയസ് എന്‍ഡോസ്‌കോപിക് ലമ്പാര്‍ ഡിസ്‌കെക്ടമി) എന്നാണ് പുതിയ ടെക്‌നിക്കിന്റെ പേര്.

Published

|

Last Updated

ടുവേദന അനുഭവിക്കാത്ത ആളുകള്‍ വളരെ വിരളമായിരിക്കും. എന്നാല്‍ ചിലര്‍ക്ക് നടുവേദനയുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. അവരുടെ അസുഖം ഭേദമാകാന്‍ ശസ്ത്രക്രിയ ആവശ്യമായി വരാറുമുണ്ട്. പ്രധാനമായും നടുവേദനയോട് അനുബന്ധിച്ച് ഓപ്പറേഷന് വിധേയരാകുന്ന രോഗികള്‍ക്ക് ഡിസ്‌ക് അസുഖങ്ങളാണ് ഉണ്ടാകാറുള്ളത്. ഡിസ്‌ക് പുറത്തേക്ക് തള്ളിവരികയും അത് ഞരമ്പിന്‍മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുമ്പോഴാണ് നടുവേദനയും അതിനോട് അനുബന്ധിച്ചുള്ള കാലുവേദനയും ഉണ്ടാകുന്നത്.

രോഗത്തിന്റെ തീവ്രത കണ്ടെത്തുവാന്‍ എംആര്‍ഐ പോലുള്ള നൂതനമായ സാങ്കേതിക വിദ്യയിലൂടെയാണ് സാധിക്കുക. കൃത്യമായി അസുഖത്തെക്കുറിച്ച് മനസ്സിലാക്കാന്‍ എംആര്‍ഐ ആണ് ആശ്രയിക്കുന്നത്. ഇത് ഡിസ്‌ക്കാണെന്നും അത് എവിടെ നിന്നാണ് തള്ളിവന്നിരിക്കുന്നതെന്നും, എത്രമാത്രം പുറത്തേക്ക് തള്ളിവന്നിട്ടുണ്ടെന്നും അത് ഞരമ്പിനെ എത്രമാത്രം സമ്മര്‍ദം ചെയ്യുന്നു. കൂടാതെ ഞരമ്പിനെ എത്രമാത്രം നശിപ്പിക്കാന്‍ സാധ്യതയുണ്ട് എന്നീ കാര്യങ്ങളെല്ലാം എംആര്‍ഐ സ്‌കാനിങിലൂടെ അറിയാന്‍ കഴിയും. എംആര്‍ഐയുടെ സഹായത്താലാണ് ഏതു രോഗിയ്ക്കാണ് ശസ്ത്രക്രിയ ആവശ്യമാണെന്ന കാര്യം തീരുമാനിക്കാന്‍ സാധിക്കുക.

ഇതുവരെയായി ചെയ്തു വന്നിരുന്ന ഓപ്പറേഷന്‍ നടുവിന് പുറകിലായി ഒരു വലിയ മുറിവുണ്ടാക്കി നട്ടെല്ലിന്റെ കുറച്ചു ഭാഗം കട്ട് ചെയ്ത് കളഞ്ഞ് പുറത്തേക്ക് തള്ളിവന്നിരിക്കുന്ന ഡിസ്‌ക് എടുത്തുകളയുക എന്നതാണ്. പിന്നീട് അത് പുരോഗമിച്ച് മൈക്രോ ഡിസ്‌ക്എക്ട്ടമി എന്ന ചെറിയ മുറിവോടുകൂടി ചെയ്യാവുന്ന ഓപ്പറേഷനായി മാറി. എന്നാല്‍ ഇപ്പോള്‍ പുതിയ ഒരു ടെക്‌നിക്കിലൂടെയാണ് സര്‍ജറി ചെയ്യുന്നത്. പിഇഎല്‍ഡി(പെര്‍ക്യുട്ടേനിയസ് എന്‍ഡോസ്‌കോപിക് ലമ്പാര്‍ ഡിസ്‌കെക്ടമി) എന്നാണ് പുതിയ ടെക്‌നിക്കിന്റെ പേര്.

പിഇഎല്‍ഡി ടെക്‌നിക്കിലൂടെ നട്ടെല്ലിന് മുകളിലൂടെയല്ല സര്‍ജറി ചെയ്യുക. വലതുവശത്തെ പ്രശ്‌നമാണെങ്കില്‍ വലതുവശത്തും ഇടതു വശത്താണ് പ്രശ്‌നമെങ്കില്‍ ഇടതുഭാഗത്ത് എന്ന രീതിയിലാണ് ഓപ്പറേഷന്‍. വളരെ ചെറിയ ഒരു എന്‍ഡോസ്‌കോപ്പ് എന്ന ഉപകരണത്തിന്റെ സഹായത്തോടു കൂടി എവിടെയാണോ ഡിസ്‌ക് പുറത്തേക്ക് തള്ളിനില്‍ക്കുന്നത് അതിന്റെ അടുത്തായി എന്‍ഡോസ്‌കോപ്പ് സിടി സ്‌കാനിന്റെയോ എക്‌സറേയുടെയോ സഹായത്താല്‍ ഡിസ്‌കിലേക്ക് എത്തിക്കുകയും അവിടെ നിന്ന് ഈ ഡിസ്‌ക് ഏതു മാര്‍ഗത്തിലൂടെയാണ് പുറത്തേക്ക് തള്ളി വന്നത് ആ മാര്‍ഗം കണ്ടുപിടിച്ച് ആ ഡിസ്‌ക് സാവധാനം പുറത്തേക്ക് കളയുകയുമാണ് ചെയ്യുക.

നൂതനമായ പിഇഎല്‍ഡിയുടെ ഗുണങ്ങള്‍

പിഇഎല്‍ഡിയിലൂടെയുള്ള ശസ്ത്രക്രിയയില്‍ രോഗിയെ അനസ്‌തേഷ്യയ്ക്ക് വിധേയമാക്കുന്നില്ല. തരിപ്പിച്ചാണ് ഓപ്പറേഷന്‍ ചെയ്യുന്നത്. അതുകൊണ്ട് രോഗി ഓപ്പറേഷന്‍ സമയത്ത് ഉണര്‍ന്നിരിക്കും. വേദനയുള്ള ഭാഗത്ത് തൊടുകയോ, വേദനയുള്ള ഭാഗം നീക്കം ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്യുമ്പോള്‍ രോഗിയ്ക്ക് പ്രതികരിക്കാന്‍ സാധിക്കും. അപ്പോള്‍ ആ ഭാഗത്ത് പുതിയതായി എന്തെങ്കിലും അസുഖങ്ങള്‍ ഉണ്ടെങ്കില്‍ അതുകൂടി ഇതോടൊപ്പം പരിഹരിക്കാനും സാധിക്കും.

ഇതുവളരെ നേരിയ എന്‍ഡോസ്‌കോപ്പ് കടത്തിയുള്ള ചികിത്സയായതുകൊണ്ട് ബ്ലഡ് അധികം നഷ്ടപ്പെടുകയില്ല. പഴയ രീതിയിലുള്ള സര്‍ജറി നട്ടെല്ലിന്റെ മധ്യത്തിലൂടെപോയി എല്ലിനെയും ലിഗ്മെന്‍സിനെയും നീക്കം ചെയ്താണ് ഡിസ്‌കിനടുത്തേക്ക് എത്തുന്നത്. അങ്ങനെ പോകുമ്പോള്‍ നട്ടെല്ലിന്റെ കുറച്ചു ഭാഗങ്ങള്‍ നീക്കം ചെയ്യേണ്ടതായി വരാറുണ്ട്.
പുതിയ രീതിയില്‍ എല്ലിനെ ഒന്നും തൊടാതെ പുറത്തേക്ക് തള്ളിക്കിടക്കുന്ന ഡിസ്‌ക് മാത്രമാണ് നീക്കം ചെയ്യുന്നത്. അതുകൊണ്ട് എല്ലിന് ഭാവിയില്‍ സംഭവിക്കാവുന്ന ബലക്കുറവും ഇളക്കവും പരമാവധി കുറയ്ക്കാന്‍ സാധിക്കും. അതുപോലെ വളരെ ചെറിയ ഒരു ഓപ്പറേഷന്‍ ആയതുകൊണ്ടും അനസ്‌തേഷ്യ നല്‍കാത്തതുകൊണ്ടും രോഗിയെ അതേ ദിവസം തന്നെ നടത്തിക്കാനും വീട്ടിലേക്ക് ഡിസ്ചാര്‍ജ് ചെയ്യാനും സാധിക്കും.

 

വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. ഷാജി കെആര്‍
സീനിയര്‍ കണ്‍സള്‍ട്ടന്റ്, ന്യൂറോ സര്‍ജന്‍
ആസ്റ്റര്‍ മിംസ്, കോട്ടക്കല്‍

 

സബ് എഡിറ്റർ, സിറാജ്‍ ലെെവ്