Kerala
വ്യക്തിപരമായി ആക്രമിക്കാന്‍ ശ്രമം, ഓഫീസ് മറ്റൊരു പൂട്ടിട്ട് പൂട്ടി; ഡോ ഹാരിസ് ചിറക്കല്‍
ഔദ്യോഗിക രഹസ്യരേഖകളടക്കം ഓഫീസ് മുറിയിലുണ്ട്. എന്തിനാണ് മുറി പൂട്ടിയതെന്ന് അന്വേഷിക്കണമെന്നും ഡോ ഹാരിസ്
തിരുവനന്തപുരം| വ്യക്തിപരമായി തന്നെ ആക്രമിക്കാനുള്ള ശ്രമം നടക്കുന്നതായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം തലവന്‍ ഡോ ഹാരിസ് ചിറക്കല്‍. ഓഫീസ് മറ്റൊരു പൂട്ടിട്ട് പൂട്ടി. ഔദ്യോഗിക രഹസ്യരേഖകളടക്കം ഓഫീസ് മുറിയിലുണ്ട്. വ്യക്തിപരമായി ആക്രമിക്കാനാണ് ശ്രമം. എന്തിനാണ് മുറി പൂട്ടിയതെന്ന് അന്വേഷിക്കണമെന്നും ഡോ ഹാരിസ് പറഞ്ഞു. കെജിഎംസിടിഎ ഭാരവാഹികള്‍ക്ക് നല്‍കിയ കുറിപ്പിലായിരുന്നു ഹാരിസിന്റെ ആരോപണം. കാണാതായെന്ന് പറയുന്ന ഉപകരണം ആശുപത്രിയില്‍ തന്നെയുണ്ട്. അധികൃതരുടെ ലക്ഷ്യം വേറെയാണ്. തന്നെ കുടുക്കാന്‍ കൃത്രിമം കാണിക്കാനാണോ മുറിപൂട്ടിയതെന്ന് സംശയമുണ്ടെന്നും ഡോ ഹാരിസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ഉപകരണം കാണാതായെന്ന ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ ആരോപണം തെറ്റാണെന്ന് കണ്ടെത്തി. ടിഷ്യൂ മോസിലേറ്റര്‍ എന്ന ഉപകരണം ഓപ്പറേഷന്‍ തിയേറ്ററില്‍ തന്നെയുണ്ടെന്ന് കണ്ടെത്തി. പ്രിന്‍സിപ്പലിന്റെ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗത്തില്‍ എംപി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഉപകരണത്തിന്റെ ഒരുഭാഗം കാണുന്നില്ലെന്ന് അന്വേഷണ സമിതി കണ്ടെത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയിരുന്നു. ഇക്കാര്യം മുന്‍പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലെന്നും സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്തുമെന്നും മോഷണം പോയെന്നാണ് സംശയമെന്നും മന്ത്രി പറഞ്ഞിരുന്നു. വകുപ്പുതല അന്വേഷണത്തിന് ശേഷം ആവശ്യമെങ്കില്‍ പോലീസില്‍ പരാതി നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞിരുന്നു.


