Ongoing News
ഏഷ്യാ കപ്പ്: മഴ തടസ്സപ്പെടുത്തിയ മത്സരത്തില്‍ വിജയം കൊയ്ത് ഇന്ത്യന്‍ വനിതകള്‍, മലേഷ്യയെ തകര്‍ത്തത് 30 റണ്‍സിന്
ഇതോടെ കളിച്ച രണ്ട് മത്സരങ്ങളും വിജയിക്കാന്‍ ഇന്ത്യക്കായി.

സില്‍ഹെട്ട് | മഴ തടസ്സപ്പെടുത്തിയ മത്സരത്തില്‍ വിജയം കൊയ്ത് ഇന്ത്യന്‍ വനിതകള്‍. വനിതകളുടെ ഏഷ്യാ കപ്പില്‍ മലേഷ്യക്കെതിരെയാണ് ഇന്ത്യ 30 റണ്‍സിന്റെ ജയം സ്വന്തമാക്കിയത്. ഇതോടെ കളിച്ച രണ്ട് മത്സരങ്ങളും വിജയിക്കാന്‍ ഇന്ത്യക്കായി.
മഴ നിയമപ്രകാരമായിരുന്നു വിജയം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 181 റണ്‍സെടുത്തു. 5.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മലേഷ്യ 16 റണ്‍സെടുത്തു നില്‍ക്കെയാണ് മഴയെത്തിയത്. മഴ നിയമപ്രകാരം വിജയലക്ഷ്യം പുനര്‍നിര്‍ണയിച്ചപ്പോള്‍ മലേഷ്യ ഈ ഘട്ടത്തില്‍ 46 റണ്‍സ് എടുക്കേണ്ടിയിരുന്നു.
സബ്ബിനേനി മേഘനയുടെയും ഷഫാലി വര്‍മയുടെയും ആദ്യ വിക്കറ്റ് കൂട്ടുകെട്ട് 116 റണ്‍സ് അടിച്ചെടുത്തു. 38 പന്തുകളില്‍ അര്‍ധ ശതകം നേടിയ സബ്ബിനേനി 69ല്‍ നില്‍ക്കെയാണ് പുറത്തായത്. 53 പന്തിലായിരുന്നു സബ്ബിനേനി ഇത്രയും റണ്‍സ് അടിച്ചുകൂട്ടിയത്.
റിച്ച ഘോഷിന്റെ ഊഴമായിരുന്നു പിന്നീട്. തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവച്ച റിച്ച 19 പന്തില്‍ പുറത്താകാതെ നേടിയത് 31 റണ്‍സാണ്. 42 റണ്‍സാണ് ഷഫാലി-റിച്ച കൂട്ടുകെട്ടില്‍ പിറന്നത്. 19ാം ഓവറിലെ ആദ്യ പന്തില്‍ ഷഫാലിയും (39 പന്തില്‍ 46) രണ്ടാം പന്തില്‍ നവ്ഗിരെയും (0) വീണു.
സ്പിന്നര്‍മാരായ ദീപ്തി ശര്‍മയും രാജേശ്വരി ഗെയ്ക്വാദും ചേര്‍ന്നാണ് ഇന്ത്യന്‍ ബൗളിംഗ് ഓപ്പണ്‍ ചെയ്തത്. മറുപടി ബാറ്റിങില്‍ മലേഷ്യന്‍ ക്യാപ്റ്റന്‍ വിനിഫ്രെഡ് ദുരൈസിംഗവും (0) വാന്‍ ജൂലിയയും (1) പെട്ടെന്ന് പുറത്തായി. യഥാക്രമം ദീപ്തി, രാജേശ്വരി എന്നിവര്‍ക്കായിരുന്നു വിക്കറ്റ്.
വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന ഇല്ലാതെയാണ് ഇന്ത്യ കളത്തിലിറങ്ങിയത്. സ്മൃതിക്ക് വിശ്രമം നല്‍കുകയായിരുന്നു. പകരം സബ്ബിനേനി മേഘനയെയാണ് ടീമിലുള്‍പ്പെടുത്തിയിരുന്നത്. സ്‌നേഹ് റാണക്ക് പകരം കിരണ്‍ നവ്ഗിരെയും ടീമില്‍ ഇടം നേടി.