Connect with us

KM BASHEER MURDER

കുറ്റപത്രത്തില്‍ വാദം ബോധിപ്പിക്കല്‍; കെ എം ബഷീര്‍ കൊലപാതക കേസ് കോടതി ഇന്ന് പരിഗണിക്കും

കേസില്‍ വിചാരണാ നടപടികള്‍ ആരംഭിക്കുന്നതിനിടെയാണ് കേസ് പരിഗണിക്കുന്നതിന് പുതിയ ജഡ്ജിയും പബ്ലിക് പ്രോസിക്യൂട്ടറുമെത്തുന്നത്.

Published

|

Last Updated

തിരുവനന്തപുരം | സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫായിരുന്ന കെ എം ബഷീറിനെ ഐ എ എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ നരഹത്യ കേസ് തിരുവനന്തപുരം ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ജഡ്ജി കെ സനില്‍ കുമാറാണ് കേസ് പരിഗണിക്കുന്നത്. നേരത്തേ തിരുവനന്തപുരം സി ബി ഐ കോടതി ജഡ്ജിയായിരുന്നു സനില്‍ കുമാര്‍. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ എ എ ഹകീം ഹാജരാകും. കേസില്‍ വിചാരണാ നടപടികള്‍ ആരംഭിക്കുന്നതിനിടെയാണ് കേസ് പരിഗണിക്കുന്നതിന് പുതിയ ജഡ്ജിയും പബ്ലിക് പ്രോസിക്യൂട്ടറുമെത്തുന്നത്.

നേരത്തേ ജൂലൈ ഏഴിന് കേസ് പരിഗണിക്കുന്നതിനിടെ രണ്ടാം പ്രതി വഫ നജീം സമര്‍പ്പിച്ച വിടുതല്‍ ഹരജിയുടെ പകര്‍പ്പ് സര്‍ക്കാറിന് നല്‍കാത്തത് ചൂണ്ടിക്കാട്ടി വഫയെ വിചാരണാ  കോടതി  രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സെഷന്‍സ് കോടതിയിലേക്ക് കൈമാറിയ കേസില്‍, കുറ്റപത്രത്തില്‍ വാദം ബോധിപ്പിക്കുന്നതിന് മുമ്പ് തന്നെ വിടുതല്‍ ഹരജി നല്‍കിയ പ്രതിഭാഗത്തിന്റെ നീക്കത്തിനെതിരായിരുന്നു ജഡ്ജി കെ കെ ബാലകൃഷ്ണന്റെ വിമര്‍ശം. തുടര്‍ന്ന് പ്രോസിക്യൂഷന് പകര്‍പ്പ് നല്‍കിയ ശേഷം കേസ് പരിഗണിക്കാനായി നാളെത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. വഫയെ രൂക്ഷമായി വിമർശിച്ച കോടതി ഇതോടൊപ്പം സെപ്തംബര്‍ രണ്ടിന് ഇരു ഭാഗവും കുറ്റപത്രത്തില്‍ വാദം ബോധിപ്പിക്കാനും ഉത്തരവിടുകയായിരുന്നു.

കേസില്‍ കുറ്റം ചുമത്തലിന് മുന്നോടിയായി കുറ്റപത്രത്തിന്‍മേല്‍ വാദം ബോധിപ്പിക്കാന്‍ ഏപ്രിലില്‍ സെഷന്‍സ് കോടതി ഉത്തരവിട്ട വേളയിലാണ്  പ്രോസിക്യൂഷന് പകര്‍പ്പ് നല്‍കാതെയുള്ള വഫയുടെ രഹസ്യ ഹരജി കോടതിയിലെത്തിയിരുന്നത്. കുറ്റപത്രത്തില്‍ വാദം ബോധിപ്പിക്കാതെ മൂന്നുതവണ സമയം തേടിയ പ്രതികള്‍ കോടതി അന്ത്യശാസനം  നല്‍കുമെന്ന ഘട്ടമെത്തിയപ്പോഴാണ് രഹസ്യ ഹരജി ഫയല്‍ ചെയ്തത്. നിയമപരമായി ഇത് നിലനില്‍ക്കില്ലെങ്കിലും കേസ് നീട്ടിക്കൊണ്ടുപോകാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമായിരുന്നു പ്രതിഭാഗത്തിന്റെ നീക്കം.

2019 ആഗസ്റ്റ് മൂന്ന് പുലര്‍ച്ചെ ഒരു മണിക്കാണ് 2013 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ അമിത വേഗതയിൽ ഓടിച്ച കാറിടിച്ച് കെ എം ബഷീർ കൊല്ലപ്പെട്ടത്. മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു ശ്രീറാം വാഹനമോടിച്ചത്. പെൺസുഹൃത്തായ വഫയും സംഭവസമയം കാറിലുണ്ടായിരുന്നു. സംഭവത്തില്‍ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ തെളിവു നശിപ്പിക്കാന്‍ ബോധപൂര്‍വം നടത്തിയ ശ്രമങ്ങള്‍ അക്കമിട്ട് നിരത്തി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സംഭവം നടന്ന സമയം മുതല്‍ താന്‍ ചെയ്ത കുറ്റങ്ങള്‍ മറച്ചു വെക്കാനുള്ള ശ്രമങ്ങളാണ് ശ്രീറാം വെങ്കിട്ടരാമന്‍ നടത്തിയതെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.