Kerala
ആറന്മുള ക്ഷേത്രത്തിലെ ആചാരലംഘന വിവാദം: ഉദ്യോഗസ്ഥരോട് വിശദീകരണം തേടി ദേവസ്വം ബോര്‍ഡ്
ആചാരലംഘനം ഉണ്ടായിട്ടില്ലെന്ന മുന്‍ നിലപാട് തിരുത്തിപ്പറഞ്ഞ പള്ളിയോട സേവാ സംഘം സംഭവത്തില്‍ ഗൂഢാലോചന നടന്നതായി ആരോപിച്ചു.

പത്തനംതിട്ട | ആറന്മുള ക്ഷേത്രത്തിലെ ആചാരലംഘന വിവാദത്തില്‍ മലക്കം മറിഞ്ഞ് പള്ളിയോട സേവാ സംഘം. ആചാരലംഘനം ഉണ്ടായിട്ടില്ലെന്ന മുന്‍ നിലപാട് തിരുത്തിപ്പറഞ്ഞ പള്ളിയോട സേവാ സംഘം സംഭവത്തില്‍ ഗൂഢാലോചന നടന്നതായി ആരോപിച്ചു.
സെപ്തംബര്‍ 14ന് ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയുമായി ബന്ധപ്പെട്ടാണ് ആരോപണമുയര്‍ന്നത്. ദേവന് നിവേദിക്കും മുമ്പ് ദേവസ്വം മന്ത്രിക്ക് സദ്യ വിളമ്പിയതിലാണ് വിവാദം. ആചാരലംഘനമുണ്ടായതായി ആരോപിച്ച് ദേവസ്വം ബോര്‍ഡിന് തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് കത്ത് നല്‍കി. ആചാരലംഘനത്തിന് പരിഹാരക്രിയ ചെയ്യണമെന്നും കത്തില്‍ നിര്‍ദേശിച്ചു. എന്നാല്‍, പിഴവുകള്‍ രേഖാമൂലം പിന്നീട് അറിയിച്ചത് ആറന്മുളയിലെ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ തന്നെയാണെന്ന് തന്ത്രി തുറന്നു പറഞ്ഞു.
ഇതോടെ മന്ത്രിയെ വെട്ടിലാക്കിയ ഉദ്യോഗസ്ഥരോട് ദേവസ്വം ബോര്‍ഡ് വിശദീകരണം തേടി. ആറന്മുള അസിസ്റ്റന്റ് കമ്മീഷണര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എന്നിവര്‍ മറുപടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
അതിനിടെ, വള്ളസദ്യ നടത്തിപ്പ് പൂര്‍ണമായി ഏറ്റെടുക്കാനുള്ള ഉപദേശക സമിതിയുടെയും ദേവസ്വം ബോര്‍ഡിന്റെ ഗൂഢാലോചനയാണ് വിവാദത്തിന് പിന്നിലെന്ന് പള്ളിയോട സേവാ സംഘം പ്രസിഡന്റ് ആരോപിച്ചു.
അഷ്ടമിരോഹിണി വള്ളസദ്യയുടെ നടത്തിപ്പുകാരായ പള്ളിയോട സേവാ സംഘത്തിലെ മുഴുവന്‍ പേരും ക്ഷേത്രോപദേശക സമിതി അംഗങ്ങളും ഭരണ ചുമതലയിലുള്ള ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറും ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും ഉള്‍പ്പെടെ പരിഹാരക്രിയ ചെയ്യണമെന്നായിരുന്നു തന്ത്രിയുടെ നിര്‍ദേശം. ദേവനു മുന്നില്‍ ഉരുളി വച്ച് എണ്ണപ്പണം സമര്‍പ്പിക്കണം. ഇത് പരസ്യമായി തന്നെ ചെയ്യണം. 11 പറ അരിയുടെ സദ്യ വെക്കണം. തിടപ്പള്ളിയില്‍ ഒരു പറ അരിയുടെ നേദ്യവും നാലു കറിയും പാകം ചെയ്യണം. സദ്യ ദേവനു സമര്‍പ്പിച്ച ശേഷം എല്ലാവര്‍ക്കും വിളമ്പണം. ഇത്തരം അബദ്ധം ഇനി ഉണ്ടാവില്ലെന്ന് സത്യം ചെയ്യണമെന്നും തന്ത്രി നിര്‍ദേശിച്ചിരുന്നു.