From the print
അടുത്ത വര്‍ഷത്തെ ഹജ്ജ് നയത്തിന് അംഗീകാരം
മുന്‍ വര്‍ഷത്തെ പോലെ തന്നെയായിരിക്കും ഇത്തവണയും ഹജ്ജ് സംബന്ധമായ നിബന്ധനകള്‍.

കൊണ്ടോട്ടി | 2024ലെ ഹജ്ജ് നയത്തിന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം അംഗീകാരം നല്‍കി. മുന്‍ വര്‍ഷത്തെ പോലെ തന്നെയായിരിക്കും ഇത്തവണയും ഹജ്ജ് സംബന്ധമായ നിബന്ധനകള്‍. സഊദി ഭരണകൂടം ഇന്ത്യക്ക് അനുവദിക്കുന്ന സീറ്റുകളില്‍ 80 ശതമാനം ഹജ്ജ് കമ്മിറ്റികള്‍ക്കും 20 ശതമാനം സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്കുമായി വീതിച്ചുനല്‍കും.
ഈ വര്‍ഷവും 70 വയസ്സിനു മുകളിലുള്ളവര്‍ക്കും മഹ്‌റം ഇല്ലാത്ത സ്ത്രീ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും നറുക്കെടുപ്പില്ലാതെ ഹജ്ജിന് അവസരം നല്‍കും. മറ്റ് അപേക്ഷകര്‍ ജനറല്‍ കാറ്റഗറിയില്‍ ആയിരിക്കും ഉള്‍പ്പെടുക. നേരത്തേ ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കര്‍മം നിര്‍വഹിച്ചവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല.
70 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സഹായിയായി നേരത്തേ ഹജ്ജ് കര്‍മം നിര്‍വഹിക്കാത്ത ആള്‍ ഇല്ലാത്ത അവസ്ഥയില്‍ മുഴുവന്‍ ചെലവുകളും വഹിച്ച് ഒരാളെ സഹായിയായി കൊണ്ടുപോകാം. മഹ്‌റമില്ലാത്ത നാല് സ്ത്രീകള്‍ ഒരു കവറില്‍ അപേക്ഷകരായി ഉണ്ടെങ്കില്‍ മാത്രമേ അനുമതി ലഭിക്കൂ. ഒരു കവറില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്കും പുറമെ രണ്ട് ചെറിയ കുട്ടികള്‍ക്കും അപേക്ഷിക്കാം.
രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് വിമാന നിരക്കിന്റെ പത്ത് ശതമാനം അടക്കണം. രണ്ട് വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് മുഴുവന്‍ നിരക്കും ബാധകമാണ്. 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ കൂടെ മാതാപിതാക്കളോ അംഗീകൃത രക്ഷിതാവോ ഉണ്ടായിരിക്കല്‍ നിര്‍ബന്ധമാണ്. ഗര്‍ഭാവസ്ഥയിലുള്ള സ്ത്രീകള്‍ അന്താരാഷ്ട്ര വിമാനയാത്രാ ചട്ടം പാലിക്കണം. തീര്‍ഥാടകരുടെ പാസ്സ്‌പോര്‍ട്ടിന്റെ കാലാവധി പ്രഖ്യാപിച്ചിട്ടില്ല.
അപേക്ഷകര്‍ നേരത്തേ ഹജ്ജ് ചെയ്തിട്ടില്ലെന്ന സത്യപ്രസ്താവനയും അപേക്ഷയോടൊപ്പം നല്‍കണം. കേരളത്തിന് കരിപ്പൂര്‍, കണ്ണൂര്‍, കൊച്ചി എന്നീ പുറപ്പെടല്‍ കേന്ദ്രങ്ങള്‍ അനുവദിച്ചിട്ടുണ്ട്. ഇന്ത്യയില്‍ 25 പുറപ്പെടല്‍ കേന്ദ്രങ്ങളാണുള്ളത്.