International
പുതുവര്‍ഷത്തില്‍ ജീവനക്കാര്‍ക്ക് ഒരു കോടിയുടെ ബോണസ് പ്രഖ്യാപിച്ച് ആപ്പിള്‍
ഇതിനു മുമ്പും സമാനമായ ബോണസുകള്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് രഹസ്യമായി നല്‍കിയിട്ടുണ്ട് ആപ്പിള്‍

വാഷിങ്ടണ്‍ ഡിസി| പുതുവര്‍ഷത്തില്‍ തിരഞ്ഞെടുത്ത ചില ജീവനക്കാര്‍ക്ക് ഒരു കോടി രൂപയോളം വരുന്ന തുക ബോണസ് ആയി പ്രഖ്യാപിച്ച് ടെക് ഭീമന്‍ ആപ്പിള്‍. കമ്പനിയിലെ വിദഗ്ധരായ ചില തൊഴിലാളികളെ നിലനിര്‍ത്തുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് ആപ്പിളിന്റെ ഈ നടപടി. 50,000 മുതല്‍ 180,000 രൂപ വരെയാണ് ഇങ്ങനെ ആപ്പിള്‍ പ്രഖ്യാപിച്ചിട്ടുള്ള ബോണസ് തുകകള്‍. ഇതിനു മുമ്പും സമാനമായ ബോണസുകള്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് രഹസ്യമായി നല്‍കിയിട്ടുണ്ട് ആപ്പിള്‍. എന്നാല്‍ അന്നൊന്നും ഇത്ര വലിയ തുകകള്‍ നല്‍കിയിരുന്നില്ല. ജോലിയിലെ പ്രകടനം ഉള്‍പ്പെടെ പലതും കണക്കിലെടുത്താണ് ബോണസിന് അര്‍ഹരായവരെ കമ്പനി തീരുമാനിച്ചിട്ടുള്ളത്.
ഇന്‍സ്റ്റഗ്രാം, വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക് എന്നീ കമ്പനികളുടെ മാതൃസ്ഥാപനമായ മെറ്റയും ആപ്പിളും തമ്മിലുള്ള വിപണിയിലെ മത്സരം കടുക്കുകയാണ്. കഴിഞ്ഞ ആഴ്ചകളില്‍ ആപ്പിളിന്റെ ഓഗ്മെന്റഡ് റിയാലിറ്റി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സോഫ്റ്റ്വെയര്‍, ഹാര്‍ഡ് വെയര്‍ ഡിവിഷനുകളില്‍ നിന്ന് പല പ്രഗത്ഭരായ ജീവനക്കാരെയും മെറ്റ തങ്ങളുടെ കമ്പനിയിലേക്ക് കൊണ്ടുപോയിരുന്നു. ഇതാണ് ബോണസ് നല്‍കി ജീവനക്കാരെ വരുതിയിലാക്കാന്‍ ആപ്പിളിനെ നയിച്ചത്. പ്രലോഭനങ്ങളില്‍ വീഴാതെ കമ്പനിയില്‍ തുടരാന്‍ ജീവനക്കാര്‍ക്ക് പ്രചോദനം പകരുക എന്നതാണ് ബോണസ് പാക്കേജിന്റെ ലക്ഷ്യം.