Connect with us

Travelogue

ഒരു തിക്താനുഭവം

മഷിക്കുപ്പി പിടിച്ച്, സദാ പഠന സപര്യയിൽ മുഴുകിയിരിക്കുന്ന ഇമാമിനോട് ഒരാൾ പറഞ്ഞു. "അബൂ അബ്ദുല്ലാ, വിശ്വാസികളുടെ നേതാവായിട്ടും അങ്ങ്, ഇതര വിദ്യാർഥികൾക്കിടയിൽ ഇരിക്കുകയാണല്ലോ'. ഇത് കേട്ടപ്പോൾ അവിടുത്തെ പ്രതികരണം ഇപ്രകാരമായിരുന്നു. "ഈ മഷിക്കുപ്പി പിടിച്ചു തന്നെയായിരിക്കും ഞാനെന്റെ ഖബറിടത്തിലേക്ക് പോവുക'. 10 ലക്ഷത്തോളം ഹദീസുകൾ മനഃപാഠമായിരുന്നു ഇമാം അഹ്മദിന്.

Published

|

Last Updated

മാനം ഇരുണ്ട് തുടങ്ങിയിട്ടുണ്ട്. ഞങ്ങൾ അഅ്ളമിയ്യ നഗരത്തിന്റെ മറ്റൊരു ഭാഗത്തേക്ക് പ്രയാണം ആരംഭിച്ചു. പ്രശ്‌ന കലുഷിത മേഖലയാണ്. ഞങ്ങൾക്ക് അതേക്കുറിച്ചു വലിയ ധാരണയൊന്നും ഉണ്ടായിരുന്നില്ല. ബഗ്ദാദിൽ തന്നെയാണെങ്കിലും വേണ്ടത്ര മെച്ചപ്പെടാത്ത പ്രദേശമാണ്. വൈകുന്നേരമായപ്പോഴേക്കും കടകൾ അടഞ്ഞു തുടങ്ങിയിട്ടുണ്ട്. തെരുവുകൾ വിജനമാണ്. പുറത്ത് ആളുകൾ നന്നേ കുറവ്.

അഹ്മദ് ബ്നു ഹൻബൽ(റ)ന്റെ ചാരത്തേക്കാണ് ഞങ്ങൾക്ക് പോകാനുള്ളത്. പാതയിൽ കൂറ്റൻ ബിൽഡിംഗുകൾ. ചത്വരങ്ങൾ. പ്രതാപത്തിന്റെ പോയകാല സ്മാരകം പോലെ തലയുയർത്തി നിൽക്കുന്ന ഉസ്ബെക് മസ്ജിദ്. അതിനു ചുറ്റും പരന്നു കിടക്കുന്ന പൗരാണിക കെട്ടിടങ്ങൾ. തെരുവ് കാഴ്ചകൾ… എന്തുകൊണ്ടും മനോഹരം. പക്ഷേ, മഗ്‌രിബ് ബാങ്ക് കൊടുത്തപ്പോഴേക്കും തെരുവ് നിശ്ചലമായിട്ടുണ്ട്. ആളും ആരവവുമില്ല. ബസിറങ്ങി ഞങ്ങൾ നടത്തമാരംഭിച്ചു. താപനില പത്ത് ഡിഗ്രി സെൽഷ്യസിനും താഴെയാണ്. ലക്ഷ്യസ്ഥാനത്തെത്തി. പള്ളിയിൽ ഒരാളേയുള്ളൂ.

മർഹബാ. ഹൃദ്യമായ സ്വീകരണം. ഞങ്ങൾ നേരെ മഖാമിനകത്തേക്ക് കയറി. ഇമാം അഹ്മദ് ബ്നു ഹൻബൽ(റ)ന്റെ സവിധം. വിശ്രുതൻ, നാലാം കർമശാസ്ത്ര സരണിയുടെ സ്ഥാപകൻ. അബൂഹനീഫ ഇമാമിന്റെ കർമഭൂമികയിൽ നിന്ന് വ്യത്യസ്തം. പൊലിമയില്ല, പ്രൗഢിയും. ഷീറ്റാണ് മേൽക്കൂരയുടെ പല ഭാഗത്തും. പ്രാർഥന ആരംഭിച്ചതേയുള്ളൂ. പരിചാരകനതാ അലറി വിളിക്കുന്നു. വേഗം സ്ഥലം വിടണമത്രെ. അയാൾ പലയിടത്തും കൊട്ടി ഒച്ചയുണ്ടാക്കുന്നുണ്ട്. എന്തോ പ്രശ്നമുണ്ടായിട്ടുണ്ട്. കാരണം അവ്യക്തം. ഞങ്ങൾ തത്രപ്പാടിൽ പുറത്തിറങ്ങി. അല്ല ഒരുവിധം ഓടി രക്ഷപ്പെടുകയായിരുന്നു എന്ന് വേണം പറയാൻ.
അപ്പോഴേക്കും ഞങ്ങൾക്ക് സുരക്ഷയൊരുക്കാൻ ഒന്ന് രണ്ട് പോലീസുകാർ എത്തിയിട്ടുണ്ട്. അവരും എത്രയും പെട്ടെന്ന് വാഹനത്തിൽ കയറാനാണ് പറയുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. അപ്പോഴതാ ഒരു വീട്ടിനു മുന്നിൽ ഒരു സ്ത്രീ അലറി വിളിക്കുന്നു. ഞങ്ങളെ കണ്ടതും അവളുടെ ശബ്ദം കൂടി. ആരൊക്കൊയോ ചേർന്ന് പിടിച്ചുവെച്ചിട്ടുണ്ട്. കുടുംബ പ്രശ്നമാണെന്ന് തോന്നുന്നു. അവിടെയും ഏതാനും പോലീസുകാരുണ്ട്. സന്ദർശനം മുടങ്ങിയ നിരാശയോടെ, നിഗൂഢതകൾ തളം കെട്ടി നിൽക്കുന്ന അഅ്ളമിയ്യയുടെ പേരറിയാത്ത പ്രാന്ത പ്രദേശങ്ങളിലൂടെ ഞങ്ങൾ യാത്ര തുടർന്നു. ഏതാണ്ട് ഏഴെട്ട് കിലോ മീറ്ററുകൾ പിന്നിട്ട ശേഷമാണ് സമാധാന അന്തരീക്ഷമുള്ള തെരുവുകൾ കാണാനായത്. റസ്വാഫ എന്നാണ് ഹമ്പലി ഇമാമിന്റെ മഖ്ബറ സ്ഥിതി ചെയ്യുന്ന നാടിന്റെ പേര്. ആദ്യമത് കാളിമിയ്യയിലെ ബാബുൽ ഹർബ് ഖബർസ്ഥാനിലായിരുന്നു. ഖതീബുൽ ബഗ്ദാദി താരീഖുൽ ബഗ്ദാദിലും യാഖൂതുൽ ഹമവി മുഅജമുൽ ബുൽദാനിലും ഇബ്നുൽ ജൗസി മുൻതളമിലും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീടത് 1937ൽ ടൈഗ്രീസ് നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് റസ്വാഫയിലേക്ക് മാറ്റുകയായിരുന്നു.
ഹിജ്റ 164 (780 സി ഇ), റബീഉൽ അവ്വലിൽ ബാഗ്ദാദിലെ ബനൂ ശൈബാൻ കുടുംബത്തിലായിരുന്നു ഇമാമിന്റെ ജനനം. പിതാവ് ജന്മത്തിനു മുമ്പേ ഇഹലോകവാസം വെടിഞ്ഞിരുന്നു. മാതൃസംരക്ഷണയിലായിരുന്നു വളർന്നത്. ചെറുപ്രായത്തിൽ തന്നെ ഖുർആൻ ഹൃദിസ്ഥമാക്കിയിരുന്നു. ഇമാം അബൂഹനീഫ(റ)യുടെ പ്രധാന ശിഷ്യനും അബ്ബാസി ഭരണകൂടത്തിന്റെ ചീഫ് ജസ്റ്റിസുമായിരുന്ന ശൈഖ് അബൂ യൂസുഫായിരുന്നു ആദ്യകാല ഗുരു. നാലുവർഷം അദ്ദേഹത്തിനു കീഴിൽ പഠനം തുടർന്നു. ഗുരുവിൽ നിന്ന് കേൾക്കുന്നതെല്ലാം എഴുതി സൂക്ഷിക്കുക അഹ്മദ് ബ്ൻ ഹമ്പലിന്റെ പതിവായിരുന്നു.

ഇമാം ഹഷീം ഇബ്നു ബഷീർ അസുലമിയായിരുന്നു മറ്റൊരു ഗുരുനാഥൻ. ബഗ്ദാദിലെ ഏറ്റവും മികച്ച ഹദീസ് പണ്ഡിതനായിരുന്നു അദ്ദേഹം. കൂടാതെ, പ്രഗൽഭനായ ഏത് പണ്ഡിതൻ ബഗ്ദാദിലെത്തിയാലും അവരിൽനിന്ന് അറിവ് സമ്പാദിക്കുക ഇമാം അഹ്്മദ് ബ്ൻ ഹമ്പലിന്റെ സവിശേഷതയായിരുന്നു. നഈമു ബ്നു ഹമ്മാദ്, അബ്ദുർറഹ്മാൻ ഇബ്ൻ മഹ്ദി, ഉമൈറുബിനു അബ്ദുല്ല തുടങ്ങിയ പണ്ഡിതന്മാരിൽ നിന്ന് അപ്രകാരം ശിഷ്യത്വം സ്വീകരിച്ചിട്ടുണ്ട്.
ഹദീസ് ശേഖരണാർഥം നിരന്തര യാത്രകൾ നടത്തിയിട്ടുണ്ട് ഇമാം. എല്ലാവിധ പ്രതിസന്ധികളും സാമ്പത്തിക ബാധ്യതകളും അവഗണിച്ചായിരുന്നു അത്. ഹിജ്റ 186ൽ ഇരുപത്തി രണ്ടാം വയസ്സിലായിരുന്നു തുടക്കം. ബസ്വറ, കൂഫ, യമൻ, മക്ക, മദീന തുടങ്ങിയ പ്രദേശങ്ങൾ ഹദീസ് ശേഖരണത്തിന്റെ ഭാഗമായി സന്ദർശിച്ചവയാണ്. കർമശാസ്ത്രത്തിൽ ഇമാം ശാഫിഈ ആയിരുന്നു പ്രധാന ഗുരു. ഹദീസ് മനഃപാഠമാക്കുന്നതിലും മതവിജ്ഞാനീയങ്ങൾ അഭ്യസിക്കുന്നതിലും അഹ്‌മദ് ബ്നു ഹമ്പലിനേക്കാൾ പ്രാവീണ്യമുള്ള മറ്റൊരാൾ ബഗ്ദാദിലില്ലെന്ന് ഇമാം ശാഫിഈ പുകഴ്ത്തി പറഞ്ഞിട്ടുണ്ട്. ഹദീസ് അന്വേഷണങ്ങളോടുള്ള അതീവ താത്പര്യം എല്ലാ പ്രയാസങ്ങളെയും തരണം ചെയ്യാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു.

വിനയാന്വിതനായി ഒരു വിദ്യാർഥിയെ പോലെ ഇമാം മറ്റു പണ്ഡിതന്മാരുടെ ക്ലാസുകളിൽ പങ്കെടുത്തു. മഷിക്കുപ്പി പിടിച്ച്, സദാ പഠന സപര്യയിൽ മുഴുകിയിരിക്കുന്ന ഇമാമിനോട് ഒരാൾ പറഞ്ഞു. “അബൂ അബ്ദുല്ലാ, വിശ്വാസികളുടെ നേതാവായിട്ടും അങ്ങ്, ഇതര വിദ്യാർഥികൾക്കിടയിൽ ഇരിക്കുകയാണല്ലോ’. ഇത് കേട്ടപ്പോൾ അവിടുത്തെ പ്രതികരണം ഇപ്രകാരമായിരുന്നു. “ഈ മഷിക്കുപ്പി പിടിച്ചു തന്നെയായിരിക്കും ഞാനെന്റെ ഖബറിടത്തിലേക്ക് പോവുക’. 10 ലക്ഷത്തോളം ഹദീസുകൾ മനഃപാഠമായിരുന്നു ഇമാം അഹ്മദിന്.

ജീവിതത്തിൽ കടുത്ത അഗ്നി പരീക്ഷണങ്ങൾക്ക് വിധേയനാകേണ്ടി വന്നിട്ടുണ്ട് ഇമാം അഹ്മദ് ബ്ൻ ഹമ്പൽ(റ)ന്. ഖുർആൻ അല്ലാഹുവിന്റെ സൃഷ്ടിയാണ് എന്ന മുഅതസിലീ വാദം അംഗീകരിക്കാത്തതിന്റെ പേരിലായിരുന്നു അത്. അബ്ബാസി ഭരണാധികാരി ഖലീഫ അൽ മഅമൂനാണ് ഇമാമിനെ വിചാരണ ചെയ്യാൻ ഉത്തരവിട്ടത്. അങ്ങനെ ബന്ധനസ്ഥനാക്കി ഖലീഫക്ക് മുന്നിലേക്ക് ആനയിക്കപ്പെട്ടു. വിചാരണക്കിടെ സതീർഥ്യനായ മുഹമ്മദ് ബിൻ നൂഹ് പീഡനം സഹിക്കവയ്യാതെ മരണമടഞ്ഞു. “ജനങ്ങൾ റോൾ മോഡൽ ആയി വീക്ഷിക്കുന്ന വ്യക്തിയാണ് അങ്ങ്. വിചാരണക്കിടെ അങ്ങ് എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് വീക്ഷിക്കുകയാണവർ. അതുകൊണ്ട് അല്ലാഹുവിനെ സൂക്ഷിക്കുക, അവനെയോർത്ത് ധീരതയോടെ നിലകൊള്ളുക’. മരണവേളയിൽ മുഹമ്മദ് ബ്ൻ നൂഹ് ഇമാമിന് നൽകിയ നിർദേശമാണിത്.

രണ്ട് വർഷത്തോളമാണ് ഇമാമിന് ജയിൽവാസം അനുഷ്ഠിക്കേണ്ടി വന്നത്. തുടർന്ന് ഖലീഫ മുഅതസിമിന്റെ സന്നിധിയിൽ ഹാജരാക്കി. മഅമൂന്റെ സഹോദരനായിരുന്നു അദ്ദേഹം. തങ്ങളുടെ വാദത്തിന് അനുകൂലമായി ഒരു വാക്ക് ഇമാമിൽ നിന്ന് ലഭിക്കാൻ ഖലീഫയും കൂട്ടരും കിണഞ്ഞ് പരിശ്രമിച്ചു. അവർ പല വശീകരണ തന്ത്രങ്ങളും പ്രയോഗിച്ചു. പക്ഷേ ഫലമുണ്ടായില്ല. ഖുർആൻ സൃഷ്ടിയാണോ എന്ന ആവർത്തിച്ചുള്ള ചോദ്യത്തിന് അത് അല്ലാഹുവിന്റെ വാക്കാണ് എന്നായിരുന്നു പ്രതികരണം. കലിയടങ്ങാതെ അവർ ഇമാമിനെ തല കീഴായി തൂക്കുകയും ശക്തിയായി പ്രഹരിക്കുകയും ചെയ്തു. ഒടുവിൽ ഇമാം ബോധരഹിതനായപ്പോഴാണ് വീട്ടിലേക്ക് പോകാൻ അനുവദിച്ചത്.

ശേഷം അധികാരമേറ്റെടുത്ത ഖലീഫ അൽ വാതിഖിന്റെ കാലത്ത്, ഇമാമിനെ ജനങ്ങളെ അഭിമുഖീകരിക്കുന്നതിൽ നിന്ന് വിലക്കുകയും പ്രാർഥനക്ക് മാത്രമല്ലാതെ പുറത്തിറങ്ങരുതെന്ന് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ഖലീഫ അൽ മുതവക്കിലിന്റെ കാലത്താണ് സാഹചര്യങ്ങൾക്ക് മാറ്റം വന്നത്.
അൽ മുസ്നദാണ് ഇമാമിന്റെ സുപ്രധാന രചന. ഹദീസ് മേഖലയിലെ ഏറ്റവും വലിയ രചനയാണിത്. ഇമാമിന് ലഭിച്ച 75,000 ഹദീസുകളിൽ നിന്ന് തിരഞ്ഞെടുത്ത 40,000 ഹദീസുകളാണ് മുസ്നദിലുള്ളത്. ഹി. 241/855 സി. ഇ. റബീഉൽ അവ്വൽ 12ന് എഴുപത്തേഴാം വയസ്സിലാണ് ഇമാം അഹ്മദ് ബ്ൻ ഹമ്പൽ(റ) വിട പറഞ്ഞത്.

---- facebook comment plugin here -----

Latest