From the print
ശസ്ത്രക്രിയയ്ക്ക് കൈക്കൂലി ആവശ്യപ്പെട്ട സംഭവം; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
അടൂര്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ വിനീതിനെയാണ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപോര്‍ട്ട് പരിഗണിച്ച് ആരോഗ്യവകുപ്പ് ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തത്.
അടൂര്‍ | ശസ്ത്രക്രിയയ്ക്ക് കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തില്‍ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. അടൂര്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ വിനീതിനെയാണ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപോര്‍ട്ട് പരിഗണിച്ച് ആരോഗ്യവകുപ്പ് ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തത്. ശസ്ത്രക്രിയയ്ക്ക് കൈക്കൂലി ആവശ്യപ്പെട്ടു കൊണ്ടുള്ള ശബ്ദസന്ദേശം പുറത്തു വന്നതിന്റെ അടിസ്ഥാനത്തില്‍ ഡി എം ഒ. എല്‍ അനിത കുമാരി പ്രാഥമിക അന്വേ ഷണം നടത്തി റിപോര്‍ട്ട് നല്‍കുകയായിരുന്നു. സംഭവം വന്‍ വിവാദമായതോടെ വിജിലന്‍സും പ്രാഥമിക അനേഷണം നടത്തി.
അടൂര്‍ കരുവാറ്റ മാധവശേരില്‍ വിജയശ്രീയാണ് പരാതിക്കാരി. സഹോദരി വിജയ ദേവിയുടെ ശസ്ത്രക്രിയ ആവശ്യത്തിലേക്ക് ഡോക്ടര്‍ 12,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു സംസാരിക്കുന്ന ശബ്ദസന്ദേശം ഇവര്‍ തന്നെയാണ് പുറത്തുവിട്ടത്. വിജയദേവിയുടെ പുറത്തെ തടിപ്പുകള്‍ നീക്കം ചെയ്യാന്‍ ശസ്ത്രക്രിയയ്ക്കായാണ് ഡോക്ടര്‍ വിനീതിനെ സമീപിച്ചത്. അപ്പോഴാണ് കൈക്കൂലി ആവശ്യപ്പെട്ടത്.
വിജയശ്രീ ഇതു സംബന്ധിച്ച് ആശുപത്രി സൂപ്രണ്ടിന് രണ്ടു തവണ ശബ്ദരേഖ സഹിതം പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടി ഉണ്ടായില്ല. തുടര്‍ന്നാണ് തെളിവുകള്‍ ഇവര്‍ പുറത്തുവിട്ടത്. ഇതിനെ തുടര്‍ന്ന് ബുധനാഴ്ച ആശുപത്രിയില്‍ സമരങ്ങളുടെ വേലിയേറ്റമായിരുന്നു.
യൂത്ത് കോണ്‍ഗ്രസ്, എ ഐ വൈ എഫ്, യുവമോര്‍ച്ച സംഘടനകള്‍ പ്രതിഷേധവുമായി എത്തുകയും സൂപ്രണ്ടിനെ ഉപരോധിക്കുകയും ചെയ്തു. തുടര്‍ന്ന് മന്ത്രി വീണാ ജോര്‍ജും, സ്ഥലം എം എല്‍ എ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും വിഷയത്തില്‍ ഇടപെടുകയും നടപടികള്‍ വേഗത്തിലാക്കുകയുമായിരുന്നു.





