Ongoing News
കള്ളുഷാപ്പിലെ വാക്കുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ ആക്രമണം; ഒന്നാം പ്രതിയും പിടിയില്‍
കോയിപ്രം കുമ്പനാട് കിഴക്കേ വെള്ളിക്കര കല്ലൂഴത്തില്‍ വീട്ടില്‍ ജിജോ ജെയിംസ് (32) ആണ് പിടിയിലായത്.

പത്തനംതിട്ട | കോയിപ്രം പുറമറ്റം കള്ളുഷാപ്പില്‍ സുഹൃത്തുക്കള്‍ തമ്മില്‍ നടന്ന വാക്കുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ യുവാവിന് ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ ഒന്നാം പ്രതിയെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. കോയിപ്രം കുമ്പനാട് കിഴക്കേ വെള്ളിക്കര കല്ലൂഴത്തില്‍ വീട്ടില്‍ ജിജോ ജെയിംസ് (32) ആണ് പിടിയിലായത്. വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. ഈ മാസം 23 ന് വൈകിട്ട് ആറരയോടെ നടന്ന സംഭവത്തില്‍ കേസിലെ മൂന്നാം പ്രതി കോയിപ്രം കുമ്പനാട് ഊരിയില്‍ വീട്ടില്‍ കൊച്ചുമോന്‍ നൈനാന്റെ മകന്‍ ജയ് എന്നുവിളിക്കുന്ന ഉമ്മന്‍ ക്രിസ്റ്റോ നൈനാന്‍ (42)പിറ്റേന്ന് തന്നെ അറസ്റ്റിലായിരുന്നു. രണ്ടാം പ്രതിക്കായുള്ള തിരച്ചില്‍ നടന്നുവരികയാണ്.
ഇരവിപേരൂര്‍ തേവരക്കാട് ചിറയില്‍ വീട്ടില്‍ ജോജോ ജോണി (30) നാണ് ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റത്. ഇയാളും പ്രതികളായ മൂന്നുപേരും സുഹൃത്തുക്കളാണ്. ഇവര്‍ ഒരുമിച്ചിരുന്ന് മദ്യപിക്കുക പതിവാണ്. കള്ള് കുടിക്കുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കത്തിനിടെ ഒന്നാം പ്രതി മേശപ്പുറത്തിരുന്ന സ്റ്റീല്‍ ജഗ്ഗ് കൊണ്ട് ജോജോയുടെ തലക്കടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തില്‍ ജോജോയുടെ തലയോട്ടിക്ക് സാരമായ പരുക്കേറ്റു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന യുവാവിന് സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ട്, ഇയാളുടെ മാതാവിന്റെ മൊഴി രേഖപ്പെടുത്തിയാണ് പോലീസ് കേസെടുത്തത്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗം, വിരലടയാള വിദഗ്ധര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയിരുന്നു. പിന്നീട് ആശുപത്രിയിലെത്തി ഏറ്റുമാനൂര്‍ മജിസ്ട്രേറ്റ് യുവാവിന്റെ 164 സി ആര്‍ പി സി പ്രകാരമുള്ള മൊഴി രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പോലീസ് ഇന്‍സ്പെക്ടര്‍ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ എസ് ഐ. അനൂപ്, സി പി ഒമാരായ അഭിലാഷ്, ബ്ലെസ്സന്‍, അഖില്‍, ജോബിന്‍ ജോണ്‍ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്.