Kerala
ആലുവയില്‍ മൂന്നു വയസുകാരിയെ മാതാവ് പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ സംഭവം; പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു
കുട്ടിയുടെ മാതാവ് മാത്രമാണ് കേസിലെ പ്രതി.

കൊച്ചി| ആലുവയില്‍ മൂന്ന് വയസുകാരിയെ മാതാവ് മൂഴിക്കുളം പാലത്തിനു മുകളില്‍ നിന്ന് പുഴയിലേക്ക് എറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കുട്ടിയുടെ മാതാവ് മാത്രമാണ് കേസിലെ പ്രതി. കുട്ടിയെ പീഡിപ്പിച്ച ചെറിയച്ഛനെതിരെയും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. കേസ് അന്വേഷിച്ച ചെങ്ങമനാട് പോലീസ് ആലുവ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ 101 സാക്ഷികളാണുള്ളത്. പുത്തന്‍കുരിശ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത് മൂവാറ്റുപുഴ പോക്‌സോ കോടതിയിലാണ്.
2024 മെയ് 19നാണ് മൂഴിക്കുളം പാലത്തിനു മുകളില്‍ നിന്ന് മാതാവ് കുഞ്ഞിനെ പുഴയിലേക്ക് എറിഞ്ഞു കൊലപ്പെടുത്തിയത്. കുട്ടിയോട് പിതാവിന്റെ കുടുംബം കാണിച്ച അമിത വാത്സല്യവും പ്രതി നേരിട്ട ഒറ്റപ്പെടലുമാണ് കൊലപാതകത്തിനുള്ള കാരണമായി കുറ്റപത്രത്തില്‍ പറയുന്നത്. എന്നാല്‍ കളമശേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് കുട്ടി പീഡനത്തിന് ഇരയായിരുന്ന കാര്യം പുറത്തറിയുന്നത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ പിതാവിന്റെ സഹോദരന്‍ കുട്ടിയെ പീഡിപ്പിച്ചതായി തെളിഞ്ഞു.