Connect with us

Articles

അല്ലാമാ ശിഹാബുദ്ദീൻ അഹ്മദ് കോയ അശ്ശാലിയാത്തി (റ)

നാല് മദ്ഹബുകളിലുമുള്ള അവഗാഹം ബോധ്യപ്പെട്ട ഹൈദരാബാദിലെ നൈസാം രാജാവ് അവിടുത്തെ മുഫ്തിയായി അവരോധിച്ചു. ഹിജ്‌റ 1374 - മുഹർറം 27 ന് ഈ ലോകത്തോട് വിടപറഞ്ഞു,

Published

|

Last Updated

പുതിയ കാലഘട്ടത്തിലെ ഇമാം നവവിയെന്നും ഇമാം ഗസ്സാലിയെന്നും പണ്ഡിത പ്രമുഖർ വിശേഷിപ്പിച്ച നാല് മദ്ഹബുകളിലെ മുഫ്തിയും ഗ്രന്ഥകാരനും സമസ്തയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനുമാണ് അല്ലാമാ ശിഹാബുദ്ദീൻ അഹ്മദ് കോയ അശ്ശാലിയാത്തി (റ).
വൈജ്ഞാനിക വിപ്ലവത്തിന് കരുത്ത് പകർന്ന ആ മഹാ ഗുരുവിന്റെ വിയോഗം മുഹർറം മാസത്തിലാണ്. അഹ്‌ലുസ്സുന്നയുടെ രാജപാത തെളിയിച്ചു തന്ന മൂന്ന് അഹ്മദുമാരെ ഈ സമുദായത്തിന് പ്രത്യേകിച്ച് ഇന്ത്യൻ മുസ്‌ലിംകൾക്ക് വിസ്മരിക്കുക സാധ്യമല്ല. അശ്ശൈഖ് അഹ്്മദ് സൈനീ ദഹ്മാൻ (മക്ക), എന്നവരുടെ ശിഷ്യൻ ശൈഖ് അഹ്മദ് രിസാഖാൻ ബറേൽവി, അവരിൽ നിന്ന് ഹനഫീ മദ്ഹബിൽ പ്രാവീണ്യം നേടിയ ശൈഖ് ശിഹാബുദ്ദീൻ അഹ്മദ് കോയ ശ്ശാലിയാത്തി (റ).

ബിദ്അത്തിലേക്കും വ്യാജ ത്വരീഖത്തിലേക്കുമുള്ള സാധാരണക്കാരുടെ ഒഴുക്കിനെതിരെ തന്റെ തൂലികയിലൂടെയും ഫത്‌വകളിലൂടെയും അതിശക്തമായി പ്രതിരോധം സൃഷ്ടിച്ച് ഈമാനികമായി സംഭവിച്ചേക്കാമായിരുന്ന ഒരു മഹാ ദുരന്തത്തിൽ നിന്ന് ഈ ഉമ്മത്തിനെ സംരക്ഷിച്ച ശക്തനായ കാവലാളായിരുന്നു മർഹും ശാലിയാത്തി (റ). സമസ്തയുടെ ആറാം വാർഷികത്തിൽ അധ്യക്ഷനായിരുന്ന അദ്ദേഹം അവതരിപ്പിച്ച “തർക്കുൽ മുവാലാത്ത്’ പ്രമേയത്തിന്റെ പ്രധാന്യവും പ്രസക്തിയും ഇന്നും പണ്ഡിത ലോകം സ്മരിക്കുന്നു. ആയിരക്കണക്കായ അത്യപൂർവ പൗരാണിക ഗ്രന്ഥങ്ങളുടെ യഥാർഥ കോപ്പികൾ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് അക്കാലത്ത് സംഘടിപ്പിച്ച് ദാറുൽ ഇഫ്താഇൽ അസ്ഹരിയ്യ എന്ന തന്റെ ഗ്രന്ഥപ്പുര വിവരാന്വേഷികൾക്ക് വേണ്ടി സ്ഥാപിച്ചിരിക്കുകയാണ്.

തബ്‌ലീഗ് ജമാഅത്തിന്റെ അബദ്ധ ജടിലമായ വിശ്വാസങ്ങളെപ്പറ്റി പഠിക്കാൻ 1984ൽ സമസ്ത നിയോഗിച്ച അഞ്ചംഗ പണ്ഡിത സമിതി ചാലിയത്തെ ഈ കുത്തുബ് ഖാനയെയായിരുന്നു അശ്രയിച്ചത്. അറബിയിലും ഉറുദുവിലുമുള്ള ഒട്ടേറെ അമൂല്യ ഗ്രന്ഥങ്ങൾ പരിശോധിച്ച് മൂശാവറക്ക് റിപ്പോർട്ട് സമർപ്പിക്കുകയും തബ്‌ലീഗ് ജമാഅത്തിന്റെ അപകട വാദങ്ങളെ കുറിച്ച് പൊതുജനങ്ങളെ ബോധ്യപ്പെടുത്തുകയുമുണ്ടായി.

വ്യത്യസ്ത സന്ദർഭങ്ങളിൽ പൊട്ടിപ്പുറപ്പെട്ട പല ത്വരീഖത്തുകളെയും നവീനവാദക്കാരെയും പിടിച്ചു കെട്ടിയത് മഹാനവർകളുടെ ഫത്‌വകളായിരുന്നു. രചനകളിലും ആദർശ പ്രചാരണങ്ങളിലും തസ്വവ്വുഫിലും ശൈലിയിലുമെല്ലാം മുജദിദെ മില്ലത്ത് അഹ്്മദ് രിസാഖാൻ (റ) ന്റെ പ്രിയപ്പെട്ട പ്രതിനിധിയായിരുന്നു മർഹൂം ശാലിയാത്തി (റ). ഹിജ്‌റ 1302 ൽ ആണ് ജനനം. പിതാവ് അശ്ശൈഖ് ഇമാമുദ്ദീൻ അലിയുശ്ശാലിയാത്തിയിൽ നിന്ന് തന്നെ ഏറെക്കുറെ എല്ലാ ഫന്നുകളിലും മികവ് നേടുകയും ഖാദിരിയ്യ ത്വരീഖത് സ്വീകരിക്കുകയും ചെയ്തു. പിന്നീട് വെല്ലൂർ ലത്വീഫിയ്യയിൽ പഠനം തുടർന്നു. അസാധാരണ മികവുകൾ ബോധ്യപ്പെട്ട ഗുരുവര്യന്മാർ പഠനകാലത്ത് തന്നെ അവിടുത്തെ ദാറുൽ ഇഫാഇൽ അംഗമാക്കി. ശേഷം മുദർരിസായും പ്രിൻസിപ്പലായും അവിടെ സേവനം ചെയ്തു. തിരുനൽവേലി, നാഗൂർ തുടങ്ങിയ സ്ഥലങ്ങളിൽ ദർസ് നടത്തി. ആലി മുസ്‌ലിയാർ ഹജ്ജിന് പുറപ്പെടുമ്പോൾ തിരൂരങ്ങാടിയിലെ തന്റെ ദർസ് അല്ലാമാ ശാലിയാത്തിയെ ഏൽപ്പിക്കുകയായിരുന്നു.

നാല് മദ്ഹബുകളിലുമുള്ള അവഗാഹം ബോധ്യപ്പെട്ട ഹൈദരാബാദിലെ നൈസാം രാജാവ് അവിടുത്തെ മുഫ്തിയായി അവരോധിച്ചു. ഇമാം അഹ്്മദ് രിസാഖാൻ ബറേൽവി(റ)യുടെ 92 ഖലീഫമാരെ പ്രതിപാദിക്കുന്ന തജല്ലിയാതെ ഖുലഫായെ അഅ്ല ഹസ്‌റത്ത് എന്ന ഗ്രന്ഥത്തിൽ തന്റെ ഖലീഫയായും 14 ത്വരീഖത്തിൽ ഇജാസത്തും ഖിലാഫതും 45 ഫന്നുകളിൽ ഇജാസത്തും അല്ലാമാ ശാലിയാത്തി കരസ്ഥമാക്കിയതായി വിവരിക്കുന്നു. 20 വാള്യങ്ങളുള്ള ജഹാനെ ഇമാം അഹ്്മദ് രിസാ എന്ന ഗ്രന്ഥത്തിന്റെ നാലാം വാള്യത്തിലും അല്ലാമാ ശാലിയാത്തിയെ പരാമർശിക്കുന്നുണ്ട്. നിത്യ ജീവിതത്തിൽ പതിവാക്കാനും എളുപ്പത്തിൽ മനഃപാഠമാക്കാനും അസ്മാഉൽ ബദ്ർ കോർത്തിണക്കി തരണമെന്ന അക്കാലത്തെ മുഹിബ്ബീങ്ങളുടെ അപേക്ഷ പരിഗണിച്ചാണ് ഇന്ന് മഹ്‌ളറത്തുൽ ബദ്‌രിയ്യ ആത്മീയ മജ്‌ലിസുകളിൽ ചൊല്ലിവരുന്ന ഖസീദത്തുൽ ബദ്‌രിയ്യ രചിക്കപ്പെട്ടത്.

കോഴിക്കോട് കുറ്റിച്ചിറയിൽ അന്ത്യവിശ്രമം കൊള്ളുന്ന മമ്പുറം തങ്ങളുടെ മാതുലൻ ശൈഖ് ജിഫ്‌രി തങ്ങൾ രചിച്ച ഇർശാദാതുൽ ജിഫ്‌രിയ്യ ഫിർറദ്ദി അല ഇളലാലാത്തി ന്നജ്ദിയ്യ എന്ന ഗ്രന്ഥത്തിന് മർഹും ശാലിയാത്തി ശറഹ് എഴുതിയിട്ടുണ്ട്.

വിശ്വാസ കർമങ്ങളിൽ അക്കാലത്ത് കോളിളക്കം സ്യഷ്ടിച്ച വിവിധ പ്രശ്‌നങ്ങൾക്ക് പ്രതിവിധി തേടിയപ്പോൾ ശാലിയാത്തി (റ) നൽകിയ ഫത്‌വകളുടെ സമാഹാരമാണ് അൽഫതാവൽ അസ്ഹരിയ്യ. വിവിധ വിഷയങ്ങളിലായി ഒട്ടേറെ രചനകളുണ്ട്. പലതും അപ്രകാശിതങ്ങളാണ്. ഗോളശാസ്ത്രം, ഭൂമി ശാസ്ത്രം, എൻജിനീയറിംഗ്, ത്വൽസമാത്ത്, തർക്കശാസ്ത്രം തുടങ്ങി എല്ലാ ഫന്നുകളിലും അവഗാഹം നേടിയ മഹാനവർകൾ അജ്മീറിലെ ഖാജ തങ്ങളടക്കം ഒട്ടേറെ മഹത്തുകളുടെ മൗലിദുകളും മർസിയ്യത്തുകളും രചിച്ചു. ഈയടുത്ത് പ്രസിദ്ധീകരിക്കപ്പെട്ട ബദ്‌രിയ്യത്തുൽ ഹംസിയ്യയുടെ ശറഹ് പണ്ഡിത ലോകത്തിന് ശ്രദ്ധേയമായ ഒരു മുതൽ കൂട്ടാണ്.
ഹിജ്‌റ 1374 – മുഹർറം 27 ന് ഈ ലോകത്തോട് വിടപറഞ്ഞു, ചാലിയത്ത് താൻ സ്ഥാപിച്ച ഖുതുബ് ഖാനക്കും പള്ളിക്കും സമീപത്ത് അന്ത്യവിശ്രമം കൊള്ളുന്നു.

Latest