Uae
യു എ ഇയിൽ മുഴുവൻ വിദ്യാർത്ഥികൾക്കും ക്ലാസുകളിൽ നേരിട്ടെത്തുവാൻ അനുമതി
അധ്യാപകർ ഉൾപ്പടെയുള്ള സ്‌കൂൾ ജീവനക്കാർ, പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾ എന്നീ വിഭാഗങ്ങൾക്ക് പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിക്കുന്ന ദിവസത്തിന് മുൻപ് 96 മണിക്കൂറിനിടയിൽ നേടിയിട്ടുള്ള പി സി ആർ പരിശോധന ഫലം നിർബന്ധമാണ്.

അബുദബി | പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്തെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് യു എ ഇ നാഷണൽ എമെർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി അറിയിപ്പ് നൽകി. മാനദണ്ഡങ്ങൾ പ്രകാരം, രാജ്യത്തെ വിദ്യാലയങ്ങളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും, കോവിഡ് -19 വാക്സിനെടുക്കാത്തവർ ഉൾപ്പടെ, ക്ലാസുകളിൽ നേരിട്ടെത്തുന്നതിന് അനുമതി നൽകിയിട്ടുണ്ട്.
അധ്യാപകർ ഉൾപ്പടെയുള്ള സ്‌കൂൾ ജീവനക്കാർ, പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾ എന്നീ വിഭാഗങ്ങൾക്ക് പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിക്കുന്ന ദിവസത്തിന് മുൻപ് 96 മണിക്കൂറിനിടയിൽ നേടിയിട്ടുള്ള പി സി ആർ പരിശോധന ഫലം നിർബന്ധമാണ്. രാജ്യത്തെ വിദ്യാലയങ്ങളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും, ആരോഗ്യ കാരണങ്ങളാൽ കോവിഡ് -19 വാക്സിനെടുക്കാത്തവർ ഉൾപ്പടെ, ക്ലാസുകളിൽ നേരിട്ടെത്തുന്നതിന് അനുമതി നൽകിയിട്ടുണ്ട്.
ആരോഗ്യ കാരണങ്ങളാൽ വാക്സിനെടുക്കാത്ത യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക് പി സി ആർ പരിശോധന നടത്തി അൽ ഹൊസൻ ആപ്പിലെ ഗ്രീൻ പാസ് ഉപയോഗിച്ച് കൊണ്ട് പ്രവേശിക്കാവുന്നതാണ്. അധ്യാപകർ ഉൾപ്പടെയുള്ള സ്‌കൂൾ ജീവനക്കാർ, വിദ്യാർത്ഥികൾ എന്നീ വിഭാഗങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന ശരീരോഷമാവ് പരിശോധിക്കുന്നതിനുള്ള നടപടികൾ ഒഴിവാക്കിയിട്ടുണ്ട്. പനിയുള്ള വിദ്യാർത്ഥികൾ, ജീവനക്കാർ എന്നിവർ വിദ്യാലയങ്ങളിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് വിട്ട് നിൽക്കേണ്ടതാണ്. സാമൂഹിക അകലം സംബന്ധിച്ച നിബന്ധനകൾ ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ വിദ്യാലായങ്ങൾക്ക് ആവശ്യമെങ്കിൽ സ്‌കൂൾ ബസുകളിൽ ഉൾപ്പടെ ഇത് ഏർപ്പെടുത്താവുന്നതാണ്. വിദ്യാലയങ്ങളിലെ അടച്ചിട്ട ഇടങ്ങളിൽ മാസ്കുകളുടെ ഉപയോഗം നിർബന്ധമാണ്.
ഡ്രൈവർമാർ ഉൾപ്പടെയുള്ള ബസ് ജീവനക്കാർക്ക് മാസ്കുകളുടെ ഉപയോഗം, സാനിറ്റൈസറുകളുടെ ഉപയോഗം എന്നിവ നിർബന്ധമാണ്. കോവിഡ് -19 രോഗബാധിതരാകുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ സംവിധാനങ്ങളിലൂടെ അധ്യയനം നേടാവുന്നതാണ്.