Connect with us

International

കൊല്ലപ്പെട്ടെന്ന കിംവദന്തികള്‍ക്കിടയില്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട് അല്‍ ഖാഇദ നേതാവ് അയ്മന്‍ സവാഹിരി

Published

|

Last Updated

കാബൂള്‍ | ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ അല്‍ ഖാഇദ നേതാവ് അയ്മന്‍ അല്‍-സവാഹിരി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടു. സെപ്റ്റംബര്‍ 11 വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ ഇരുപതാം വാര്‍ഷിക ദിനത്തിലാണ് സവാഹിരിയുടെ വീഡിയോ പുറത്തുവന്നത്.

അല്‍ഖാഇദ ഉള്‍പ്പെടെ തീവ്രാദ സംഘടനകളുടെ വെബ്‌സൈറ്റുകള്‍ നിരീക്ഷിക്കുന്ന സൈറ്റ് ഇന്റലിജന്‍സ് ഗ്രൂപ്പാണ് സവാഹിരിയുടെ വീഡിയോ പുറത്തിറങ്ങിയതായി അറിയിച്ചത്. ജനുവരിയില്‍ സിറിയയില്‍ റഷ്യന്‍ സൈനികരെ ലക്ഷ്യമാക്കിയതുള്‍പ്പെടെ അല്‍-ഖാഇദ ആക്രമണങ്ങളെ പ്രശംസിക്കുന്ന വീഡിയോയില്‍ ‘ജറുസലേം ഒരിക്കലും ജൂതവല്‍ക്കരിക്കപ്പെടില്ല’ എന്ന് സവാഹിരി പറയുന്നു.

20 വര്‍ഷത്തെ യുദ്ധത്തിന് ശേഷം അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സൈന്യം പിന്‍വാങ്ങിയതിനെക്കുറിച്ചും സവാഹിരി സൂചിപ്പിച്ചതായി സൈറ്റ് പറഞ്ഞു. 2020 ഫെബ്രുവരിയില്‍ താലിബാനുമായുള്ള പിന്‍വലിക്കല്‍ കരാര്‍ ഒപ്പുവച്ചതിനാല്‍ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ അടുത്തിടെ റെക്കോര്‍ഡ് ചെയ്തതാണ് എന്ന് ഉറപ്പിക്കാനാകില്ലെന്ന് വെബ്‌സൈറ്റ് പറയുന്നു.

കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാനും തലസ്ഥാനമായ കാബൂളും താലിബാന്‍ ഏറ്റെടുത്തതിനെക്കുറിച്ച് വീഡിയോയില്‍ അല്‍ സവാഹിരി ഒന്നും പറയുന്നില്ലെന്നും സൈറ്റ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വടക്കന്‍ സിറിയന്‍ നഗരമായ റക്കയുടെ അരികില്‍ റഷ്യന്‍ സൈനികരെ ലക്ഷ്യമാക്കി ജനുവരി ഒന്നിന് നടന്ന ആക്രമണത്തെകുറിച്ച് പറയുന്നുമുണ്ട്.

അല്‍-സവാഹ്രി അസുഖം മൂലം മരിച്ചതായി 2020 അവസാനം മുതല്‍ കിംവദന്തികള്‍ പരന്നിരുന്നു. അതിനുശേഷം, ശനിയാഴ്ച വരെ, അദ്ദേഹത്തിന്റെ വീഡിയോകളോ ജീവിച്ചിരിക്കുന്നുവെന്നതിന് മറ്റു തെളിവുകളോ പുറത്തുവന്നിട്ടില്ല.

അല്‍ഖാഇദ ഗ്രൂപ്പിന്റെ അസ്-സാഹബ് മീഡിയ ഫൗണ്ടേഷന്‍ നിര്‍മ്മിച്ച വീഡിയോക്ക് 61 മിനിറ്റ്, 37 സെക്കന്‍ഡ് ദൈര്‍ഘ്യമുണ്ട്.

---- facebook comment plugin here -----

Latest