Uae
വിമാനത്താവളങ്ങൾ ഷോപ്പിങ് മാളുകളാകുന്നു
യാത്രക്കാരുടെ എണ്ണം കൂടിയത് മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നു

ദുബൈ|വിമാനത്താവള ടെർമിനലുകൾ ഷോപ്പിംഗ് മാളുകളുടെ സൗകര്യങ്ങൾ കൈവരിക്കുന്നതായി റിപ്പോർട്ട്. ദുബൈ, അബൂദബി അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഇക്കാര്യത്തിൽ ലോകത്ത് മുൻപന്തിയിലാണെന്ന് പുതിയ പഠനം പറയുന്നു. കൊവിഡ് മഹാമാരിക്ക് ശേഷം യാത്രക്കാരുടെ എണ്ണം വർധിച്ചതാണ് ഈ മാറ്റങ്ങൾക്ക് കാരണം. ഈ വർഷം ആഗോള വിമാന ഗതാഗതം 990 കോടി യാത്രക്കാരിലെത്തുമെന്ന് സി എക്‌സ് ജിയുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ദുബൈ ഉൾപ്പെടെയുള്ള വിമാനത്താവളങ്ങൾ യാത്രക്കാരെ ആകർഷിക്കാൻ ആഡംബര സ്പാകൾ, കഫേകൾ, ഹൈ എൻഡ് സ്റ്റോറുകൾ എന്നിവ ഒരുക്കുന്നു. ലണ്ടനിലെ ഹീത്രോവിൽ ലൂയി വിറ്റൺ ബോട്ടിക്കിനോടൊപ്പം ഒരു ആഡംബര കഫേയും ഉണ്ട്. ചില വിമാനത്താവളങ്ങളിൽ എ ഐ അടിസ്ഥാനത്തിലുള്ള ബ്യൂട്ടി കൺസൾട്ടേഷനുകൾ നേടാനും വിപണിയിൽ എത്തുന്നതിനുമുമ്പ് പുതിയ ഉത്പന്നങ്ങൾ പരീക്ഷിക്കാനും സാധിക്കും. സിംഗപ്പൂർ ചാങ്കി വിമാനത്താവളത്തിൽ ബട്ടർഫ്ലൈ ഗാർഡനുകളും ലൈറ്റ് ഷോകളും ഒരുക്കിയിട്ടുണ്ട്.
ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആർട്‌സ് ആൻഡ് വെൽനസ് സെന്ററുകൾ സംയോജിപ്പിച്ചിരിക്കുന്നു. യു എ ഇയിൽ സ്വയം ചെക്ക്ഔട്ട് ബോട്ടിക്കുകൾ, റോബോട്ടിക് കോഫി ബാറുകൾ, തടസ്സമില്ലാത്ത കസ്റ്റംസ് ക്ലിയറൻസ് എന്നിവ വികസിപ്പിച്ചിട്ടുണ്ട്. തിരക്കുള്ള യാത്രക്കാർക്ക് എളുപ്പത്തിൽ ഷോപ്പിംഗ് നടത്താനും പുതിയ ആഡംബര ഉത്പന്നങ്ങൾ കണ്ടെത്താനും ഇത് സഹായിക്കും.
---- facebook comment plugin here -----