Connect with us

International

റഫയിൽ വ്യോമാക്രണം തുടരുന്നു; 18 കുട്ടികളടക്കം 22 പേർ കൊല്ലപ്പെട്ടു

ഗസ്സയിലെ 23 ലക്ഷം വരുന്ന ജനങ്ങളിൽ പകുതിയിലധികവും അഭയം തേടിയ റഫയിലേക്ക് കടുത്ത ആക്രമണമാണ് ഇസ്‌റാഈൽ നടത്തുന്നത്.

Published

|

Last Updated

ഗസ്സാസിറ്റി | തെക്കൻ ഗസ്സ നഗരമായ റഫയിൽ ഇസ്‌റാഈൽ വ്യോമാക്രമണത്തിൽ 18 കുട്ടികളടക്കം 22 പേർ കൊല്ലപ്പെട്ടതായി ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു. ആറ് കുട്ടികളടക്കം പത്ത് പേരുടെ മരണം ശനിയാഴ്ച റിപോർട്ട് ചെയ്തിരുന്നു. ഗസ്സയിലെ 23 ലക്ഷം വരുന്ന ജനങ്ങളിൽ പകുതിയിലധികവും അഭയം തേടിയ റഫയിലേക്ക് കടുത്ത ആക്രമണമാണ് ഇസ്‌റാഈൽ നടത്തുന്നത്. ഇപ്പോൾ വ്യോമാക്രമമാണ് നടക്കുന്നതെന്നും ഉടൻ കരയാക്രമണത്തിലേക്ക് നീങ്ങുമെന്നും പ്രതിരോധ വിദഗ്ധർ പറയുന്നു. റഫയിൽ കരയാക്രമണം നടത്തിയാൽ വൻ മാനുഷിക ദുരന്തമാകും ഉണ്ടാകുകയെന്നും അത്തരമൊരു കൊടും ക്രൂരതക്ക് മുതിരരുതെന്നും ഇസ്‌റാഈലിനോട് അന്താരാഷ്ട്ര ഏജൻസികളും അറബ് രാജ്യങ്ങളടക്കമുള്ളവയും നിരന്തരം ആവശ്യപ്പെടുന്നുണ്ട്. ഇറാനുമായി പുതിയ സംഘർഷത്തിന് തുടക്കമിട്ട ഇസ്‌റാഈലിന്റെ അടുത്ത നീക്കം ഈജിപ്ത് അതിർത്തി നഗരമായ റഫയിലേക്കുള്ള കരയാക്രമണമായിരുക്കുമെന്നാണ് വിലയിരുത്തൽ.

അമേരിക്കൻ പാക്കേജ്
റഫയിലെ ക്രൂരതക്കിടയിലും ഇസ്‌റാഈലിന് കൂടുതൽ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്ക. 26 ബില്യൺ ഡോളറിന്റെ പാക്കേജിനാണ് യു എസ് പ്രതിനിധി സഭ അംഗീകാരം നൽകിയിരിക്കുന്നത്. ഇതിൽ ഒമ്പത് ബില്യൺ ഗസ്സക്കുള്ള മാനുഷിക സഹായമാണെന്ന് റിപോർട്ടുണ്ട്.

റഫയിലേക്കുള്ള ആദ്യ ആക്രമണത്തിൽ ഒരു പുരുഷനും ഭാര്യയും അവരുടെ മൂന്ന് വയസ്സുള്ള കുട്ടിയും കൊല്ലപ്പെട്ടുവെന്നാണ് കുവൈത്തി ആശുപത്രി വൃത്തങ്ങൾ അറിയിച്ചിരുന്നത്. രണ്ടാമത്തെ ആക്രമണത്തിൽ ഒരു കുടുംബത്തിലെ 13 കുട്ടികളും രണ്ട് സ്ത്രീകളും മരിച്ചതായി ആശുപത്രി രേഖകൾ പറയുന്നു. തലേദിവസം രാത്രി റഫയിൽ നടന്ന വ്യോമാക്രമണത്തിൽ ആറ് കുട്ടികളടക്കം പത്ത് പേർ കൊല്ലപ്പെട്ടിരുന്നു. ഒക്‌ടോബർ ഏഴിന് ശേഷം ആരംഭിച്ച ഇസ്‌റാഈലിന്റെ വംശഹത്യാ ആക്രണത്തിൽ 34,000ത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്.

Latest