Connect with us

Uae

ദുബൈയിലെ പള്ളികളുടെയും ഈദ് ഗാഹുകളുടെയും സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ കരാർ

പൈതൃക പള്ളികളുടെ പുനരുദ്ധാരണവും പരിപാലനവും ദുബൈ മുനിസിപ്പാലിറ്റിയുടെ മേൽനോട്ടത്തിലായിരിക്കും.

Published

|

Last Updated

ദുബൈ|ദുബൈയിലെ പള്ളികളുടെയും പ്രാർഥനാ സ്ഥലങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ദുബൈ മുനിസിപ്പാലിറ്റിയും ഇസ്്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപ്പാർട്ട്മെന്റും പുതിയ കരാർ ഒപ്പുവെച്ചു. മതപരമായ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുക, പൈതൃക പള്ളികൾ സംരക്ഷിക്കുക, ഈദ് ഗാഹുകളുടെ രൂപകൽപ്പന മെച്ചപ്പെടുത്തുക, മരണാനന്തര ചടങ്ങുകൾ, സേവനങ്ങൾ എന്നിവയുടെ മാനേജ്‌മെന്റ്മെച്ചപ്പെടുത്തുക എന്നിവയാണ് കരാറിലെ പ്രധാന ലക്ഷ്യങ്ങൾ.
കരാർ അനുസരിച്ച്, പള്ളികളുടെ രൂപകൽപ്പനയിലും നിർമാണത്തിലും ഒരു ഏകീകൃത കാഴ്ചപ്പാട് സ്ഥാപിക്കും. ദുബൈയുടെ സാംസ്‌കാരിക, മതപരവും വാസ്തുവിദ്യാപരവുമായ പൈതൃകം സംരക്ഷിച്ചു കൊണ്ടായിരിക്കും ഇത്.

പൈതൃക പള്ളികളുടെ പുനരുദ്ധാരണവും പരിപാലനവും ദുബൈ മുനിസിപ്പാലിറ്റിയുടെ മേൽനോട്ടത്തിലായിരിക്കും. അതേസമയം, ഇമാമുമാർ, മുഅദ്ദിനുമാർ, പ്രഭാഷകർ, മതപരമായ പരിപാടികൾ, ദൈനംദിന ശുചീകരണ സേവനങ്ങൾ എന്നിവ നൽകുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഇസ്്ലാമിക് ദുബൈ കൈകാര്യം ചെയ്യും. നവീകരണത്തിന് മുനിസിപ്പാലിറ്റി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ലളിതമാക്കുകയും പെർമിറ്റ് അംഗീകാരങ്ങൾ വേഗത്തിലാക്കുകയും ചെയ്യും. തൊഴിലാളികൾക്കായി താത്കാലിക പ്രാർഥനാ സൗകര്യങ്ങൾ സ്ഥാപിക്കും. നൂതന ത്രീ ഡി പ്രിന്റിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് പള്ളികളുടെ നിർമാണത്തെ പിന്തുണക്കുന്നവരെ പ്രോത്സാഹിപ്പിക്കും.

മരണാനന്തര ചടങ്ങുകൾക്കും മെച്ചപ്പെട്ട സൗകര്യങ്ങൾ

മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള സൗകര്യങ്ങൾ വികസിപ്പിക്കുകയും നവീകരിക്കുകയും ചെയ്യും. മരണാനന്തര ചടങ്ങുകൾക്ക് ആവശ്യമായ ശറഇയ്യായ എല്ലാ കാര്യങ്ങൾക്കും ഇസ്്ലാമിക് ദുബൈ മേൽനോട്ടം വഹിക്കും. ഈദ് ഗാഹുകളിൽ സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ ദുബൈ മുനിസിപ്പാലിറ്റി ഏറ്റെടുക്കും. വാണിജ്യ സ്ഥാപനങ്ങൾക്കുള്ള സൗകര്യങ്ങൾ ഉൾപ്പെടെയുള്ള മികച്ച മാതൃകയിൽ ഈദ് ഗാഹുകൾ വികസിപ്പിക്കും.

 

Latest