Kerala
കൊടിയായാലും വടിയായാലും തടവുകാര്‍ അച്ചടക്കം ലംഘിച്ചാല്‍ നടപടി ഉണ്ടാകും: പി ജയരാജന്‍
ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിയും സംഘവും പോലീസ് സാന്നിധ്യത്തില്‍ മദ്യപിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു

കണ്ണൂര്‍ | തടവ് അനുഭവിക്കുന്നവര്‍ അകത്തും പുറത്തും അച്ചടക്കം പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും കൊടിയായാലും വടിയായാലും അച്ചടക്കം ലംഘിച്ചാല്‍ നടപടി ഉണ്ടാകുമെന്നും സി പി എം നേതാവും ജയില്‍ ഉപദേശക സമിതി അംഗവുമായ പി ജയരാജന്‍.
ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിയും സംഘവും പോലീസ് സാന്നിധ്യത്തില്‍ മദ്യപിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് തടവ് ശിക്ഷ അനുഭവിക്കുന്നവര്‍ ജയിലിനകത്തും പുറത്ത് വരുമ്പോഴും എല്ലാം അച്ചടക്കം പാലിക്കാന്‍ ബാധ്യസ്ഥരാണെന്ന ജയരാജന്റെ പ്രതികരണം. സര്‍ക്കാരിന്റെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയിട്ടാണ് സര്‍ക്കാര്‍ നടപടിയെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോടതിയില്‍നിന്ന് മടങ്ങുമ്പോഴാണ് കുറ്റവാളികള്‍ മദ്യപിച്ചത്. സംഘത്തില്‍ ടി പി കേസിലെ പ്രതികളായ മുഹമ്മദ് ഷാഫിയും ഷിനോജുമുണ്ടായിരുന്നു. മദ്യപാനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രതികള്‍ക്ക് അകമ്പടി പോയ എ ആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെ സസ്പെന്‍ഡ് ചെയ്തിരുന്നു.