Connect with us

Kozhikode

ജുവനൈൽ ഹോമിൽ കുട്ടികളെ പാർപ്പിക്കുന്നത് മാനദണ്ഡങ്ങൾ ലംഘിച്ച്

മർദനമേറ്റ് ആറ് വയസ്സുകാരൻ മരിച്ചിട്ട് ഒരു വർഷം

Published

|

Last Updated

കോഴിക്കോട് | മാനസികമായി വെല്ലുവിളി നേരിടുന്ന കുട്ടികളെ പാർപ്പിക്കുന്നതിനായി കേരളത്തിലുള്ള ഏക സ്ഥാപനത്തിൽ കുട്ടികളെ താമസിപ്പിക്കുന്നത് മാനദണ്ഡങ്ങൾ ലംഘിച്ച്. കോഴിക്കോട് വെള്ളിമാട്കുന്നിലെ ഹോം ഫോർ മെന്റലി ഡിഫിഷ്യന്റ് ചിൽഡ്രൻ എന്ന സ്ഥാപനത്തിൽ 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മാത്രമാണ് സൗകര്യം.

എന്നാൽ, ഇവിടെ നിലവിലുള്ള മൊത്തം 28 അന്തേവാസികളിൽ 18 പേരും 18 വയസ്സിന് മുകളിലുള്ളവരാണ്. കഴിഞ്ഞ വർഷം മുതിർന്ന കുട്ടികളുടെ മർദനമേറ്റ് ആറ് വയസ്സുകാരൻ ഈ സ്ഥാപനത്തിൽ മരണപ്പെട്ടിരുന്നു. മാനസികവെല്ലുവിളി നേരിടുന്നവരായതുകൊണ്ടാണ് ചെറിയ കുട്ടികൾക്ക് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി 18 വയസ്സിന് മുകളിലുള്ളവരെ മാറ്റിപ്പാർപ്പിക്കണമെന്ന നിബന്ധനയുള്ളത്. മുതിർന്നവരെ താമസിപ്പിക്കുന്നതിനായി മലപ്പുറം തവനൂർ പ്രതീക്ഷാ ഭവനിലാണ് സൗകര്യമുള്ളത്. 50 പേരെ പാർപ്പിക്കാൻ മാത്രം സൗകര്യമുള്ള ഇവിടെ നൂറിലധികം കുട്ടികളാണുള്ളത്.

കഴിഞ്ഞ വർഷം ജനുവരി 25നായിരുന്നു താമരശ്ശേരി കൈതപ്പൊയിൽ സ്വദേശി കോട്ടമുറിക്കൽ വീട്ടിൽ നിത്യയുടെയും ജിഷോയുടെയും മകനായ അജിനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നത്. രാത്രിയിൽ പുതപ്പിന്റെ പേരിൽ കുട്ടികൾ തമ്മിൽ തർക്കമുണ്ടായിരുന്നുവെന്നും രണ്ട് കുട്ടികൾ ചേർന്ന് ആറ് വയസ്സുകാരനെ മർദിക്കുകയായിരുന്നുവെന്നുമാണ് പോലീസിന്റെ നിഗമനം. തലക്ക് ക്ഷതമേറ്റതിന്റേയും നഖം കൊണ്ടതിന്റേയും പാടുകൾ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
മൊത്തം പത്ത് റൂമുകളുള്ള സ്ഥാപനത്തിൽ ഓരോന്നിലും നാല് വീതം കുട്ടികളെ മാത്രമേ പാർപ്പിക്കാൻ പാടുള്ളൂവെന്നാണ് നിബന്ധന. മർദനം നടന്ന ദിവസം ആറ് വയസ്സുകാരൻ ഉറങ്ങാൻ കിടന്ന മുറിയിൽ ആറ് പേരുണ്ടായിരുന്നുവെന്നും അന്വേഷണ റിപോർട്ടിലുണ്ട്.

എന്നാൽ, സംഭവത്തിന് ഒരു വർഷം മുമ്പ് ശിശു ക്ഷേമ സമിതി നൽകിയ റിപോർട്ടിൽ ഹോം ഫോർ മെന്റലി ഡിഫിഷ്യന്റ് ചിൽഡ്രനിൽ അന്തേവാസികളായ കുട്ടികളെ പാർപ്പിക്കുന്നത് അപകടകരമായ രീതിയിലാണെന്നും ഏത് സമയവും അപായം സംഭവിക്കാമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് ആറ് വയസ്സുകാരൻ മരണപ്പെട്ട ശേഷം ഏതാനും ദിവസങ്ങൾ ത്വരിതഗതിയിലുള്ള അന്വേഷണങ്ങളും മറ്റും നടന്നെങ്കിലും പിന്നീട് നടപടികളൊന്നുമുണ്ടായില്ല.

കുട്ടികളെ മാറ്റിപ്പാർപ്പിക്കണമെന്നാവശ്യപ്പെട്ട് ശിശുക്ഷേമസമിതി സർക്കാറിനെയും ജുവനൈൽ ഹോമിനെയും വീണ്ടും സമീപിച്ചെങ്കിലും നടപടിയായില്ല. വെള്ളിമാട്കുന്നിൽ സാമൂഹിക നീതി വകുപ്പിന് കീഴിൽ ഏകദേശം 32 ഏക്കറോളം ഭൂമിയുണ്ട്. അനുയോജ്യമായ കെട്ടിടം നിർമിച്ച് ആവശ്യമായ സംവിധാനങ്ങളൊരുക്കിയാൽ ഇത്തരം അന്തേവാസികളുടെ അപകടാവസ്ഥ പരിഹരിക്കാനാകും.

---- facebook comment plugin here -----

Latest