Connect with us

Articles

ജ്ഞാനത്തെ റദ്ദ് ചെയ്യുന്ന അക്കാദമിക് ജാതി

പതിറ്റാണ്ടുകളുടെ പഴക്കമുള്ള ജാതിബോധം ജനങ്ങളെ വിഭാഗീകരിക്കുന്ന സംവിധാനമായി നിലനില്‍ക്കേണ്ടത് ജാതിയാല്‍ സാമൂഹിക പദവികള്‍ നിലനിര്‍ത്തുന്നവരുടെ ആവശ്യകതയാണ്. ഇതിനെതിരെയാണ് ദീപ പി മോഹനന്‍ സമരം നടത്തിയത്. അവര്‍ ഉന്നയിച്ച ആവശ്യങ്ങളിലേക്ക് സര്‍ക്കാറിനെ എത്തിച്ചത് ശക്തമായ നീതി നിഷേധം സംഭവിച്ചു എന്നതിന്റെ തെളിവാണ്. ഇതിനെ കേവലം ഒരു സമരത്തിന്റെ വിജയം എന്നതിലുപരി അക്കാദമിക് തലത്തിലെ ജാതിക്ക് എതിരെയുള്ള സമരമായി തിരിച്ചറിയണം.

Published

|

Last Updated

ബി എക്കാരായ പത്ത് പേരെ സൃഷ്ടിക്കാന്‍ മഹാത്മ അയ്യന്‍കാളി ഇടപെട്ടത് ഒരു നൂറ്റാണ്ട് മുമ്പാണ്. അതിന്റെ രാഷ്ട്രീയ യുക്തിയെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. അതില്‍ ഏറ്റവും പ്രധാനമായ ഘടകം വിദ്യാഭ്യാസം നേടിയ സമൂഹത്തിന് അധികാരത്തിലും സംസ്‌കാരത്തിലും ചരിത്രത്തിലും ഇടപെട്ടുകൊണ്ട് ജനാധിപത്യ സമൂഹത്തിന്റെ ഭാഗമായി വികസിക്കാം എന്നതാണ്. ഇത് അന്നും ഇന്നും ജാതിക്ക് എതിരെയുള്ള സമരത്തിന്റെ ഭാഗമാണ്. ഏറ്റവും പുതിയ കാലത്ത് അക്കാദമിക്ക് ജാതി അവര്‍ണ ജനതയുടെ ജ്ഞാനത്തെ റദ്ദ് ചെയ്യുമ്പോള്‍ തകരുന്നത് അയ്യന്‍കാളിയുടെ സ്വപ്‌നമാണ്. എം ജി സര്‍വകലാശാലയിലെ നാനോ സയന്‍സിലെ ഗവേഷക വിദ്യാര്‍ഥിയായ ദീപ പി മോഹനന്റെ നീതിക്ക് വേണ്ടിയുള്ള സമരം അടിസ്ഥാനപരമായി അക്കാദമിക് രംഗത്തെ ജാതിക്ക് എതിരെയാണ്.

ചലനാത്മക സമൂഹത്തിന്റെ ഭൗതിക പരിസരം വികസിക്കണമെങ്കില്‍ ജ്ഞാന വളര്‍ച്ച തടസ്സമില്ലാതെ നടക്കണം. അതിനെ സാധ്യമാക്കുന്ന രാഷ്ട്രീയ ദൗത്യമാണ് ജനാധിപത്യ സമൂഹം നിര്‍വഹിക്കേണ്ടത്. പകരം അതിനെ റദ്ദ് ചെയുന്ന തരത്തിലാണ് ഇന്നത്തെ കേരളം പെരുമാറുന്നത്. അതിന്റെ പ്രധാന കാരണം ജാതി ചിന്തയാണ്, മനോഭാവമാണ് എന്നൊക്കെ പറഞ്ഞാല്‍ സാക്ഷര കേരളം അത്ര പെട്ടെന്ന് സമ്മതിച്ചുതരില്ല. അത്തരമൊരവസ്ഥയിലൂടെയല്ല കേരളീയ സമൂഹത്തിന്റെ രാഷ്ട്രീയ വളര്‍ച്ച എന്നു പറഞ്ഞ് വാദിക്കുന്നവരാണ് ദീപ പി മോഹനന്‍ നടത്തിയ ജ്ഞാനസമരത്തിന്റെ സാമൂഹിക പ്രസക്തിയെ തിരിച്ചറിയേണ്ടത്. ഈ പ്രതിരോധം ഒരുപാട് ചോദ്യങ്ങളിലേക്ക് മലയാളികളെ കൊണ്ടുപോകുന്നുണ്ട്.

ചരിത്രപരമായ ഒട്ടനവധി നവോത്ഥാന പ്രസ്ഥാനങ്ങളും ഇടപെടലും കേരളത്തിന്റെ സാമൂഹിക വളര്‍ച്ചയെ നിര്‍ണയിച്ചിട്ടുണ്ട്. അത് എത്രകണ്ട് മനുഷ്യരെ പരിവര്‍ത്തനത്തിലേക്ക് നയിച്ചു എന്നതിന് തെളിവായി ഒട്ടനവധി സംഭവങ്ങള്‍ നമുക്ക് മുമ്പിലുണ്ട്. എന്നു മാത്രമല്ല, അത്തരമൊരു അന്വേഷണത്തില്‍ നാം എത്തിച്ചേരുക പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലായിരിക്കും. സര്‍വ അസമത്വങ്ങള്‍ക്കും കാരണമായ ജാതി വ്യവസ്ഥയെ ചോദ്യം ചെയ്തു കൊണ്ടാണ് അയ്യന്‍കാളി സ്വന്തം സമുദായത്തില്‍ നിന്ന് ബി എ വിജയിച്ചവരെ കാണണം എന്ന് പറഞ്ഞത്. അതിനു വേണ്ടി നടത്തിയ പോരാട്ടങ്ങള്‍ ഇപ്പോഴും പ്രസക്തമാണ് എന്നതിന്റെ തെളിവാണ് ദീപ പി മോഹനന്‍ നടത്തിയ സാമൂഹിക ഇടപെടല്‍. സമരത്തിന്റെ പ്രാധാന്യത്തെ ചര്‍ച്ച ചെയ്യുമ്പോള്‍ തന്നെ നമ്മുടെ സമൂഹത്തില്‍ ശക്തി പ്രാപിക്കുന്ന ജാതി വ്യവഹാരങ്ങളെ ക്കുറിച്ചും ചിന്തിക്കേണ്ടതുണ്ട്.

പഴയതുപോല പ്രത്യക്ഷത്തില്‍ ജാതി ചിഹ്നങ്ങളെ പൊതു വ്യവഹാരങ്ങളില്‍ സ്വാതന്ത്രമായി പ്രകടിപ്പിക്കാന്‍ മലയാളിയെ തന്റെ കപട പുരോഗമന ബോധം അനുവദിക്കുന്നില്ല. പകരം വിദ്യ കൊണ്ട് സമ്പന്നമാകാനുള്ള അയ്യന്‍കാളി മുതല്‍ ശ്രീനാരായണ ഗുരുവടക്കം നല്‍കിയ ആഹ്വാനത്തെ ജാതി കൊണ്ട് പ്രതിരോധിച്ച് പരാജയപ്പെടുത്തുകയാണ്. അറിവിന്റെ അധീശത്വ ഘടന വരേണ്യ ജാതി മേധാവിത്വത്തിന്റെ അധികാരത്തെ എക്കാലത്തും അരക്കിട്ട് ഉറപ്പിച്ചിട്ടുണ്ട്. ഇതിനു വേണ്ടത് സമ്പൂര്‍ണമായും ജാതിയാല്‍ പാര്‍ശ്വവത്കൃതമായ വിഭാഗത്തെ മുഖ്യധാരയില്‍ നിന്ന് ബഹുദൂരം അകറ്റി നിര്‍ത്തുക എന്നതാണ്. കാരണം, വിദ്യാഭ്യാസം എന്നത് ജനാധിപത്യ അധികാരത്തിലേക്കുള്ള സര്‍ഗാത്മകമായ വഴിയാണ്. ദളിത് സമൂഹത്തെ സംബന്ധിച്ച് സ്വന്തം ജനതയുടെ സ്വത്വത്തെ വികസിപ്പിച്ചെടുക്കാനുള്ള വഴി. ആ വഴിയെ ഇരുട്ടു കൊണ്ട് മൂടുക എന്നതാണ് ആധുനിക ജാതി ജീവികളുടെ രീതി. ഇതിനെ എല്ലാ കാലത്തും സമ്മതിച്ചു കൊടുക്കാന്‍ കഴിയില്ല എന്നതാണ് ദീപ പി മോഹനനെപ്പോലുള്ള ധീരവനിതകള്‍ പ്രഖ്യാപിക്കുന്നത്. “എല്ലാ കാലത്തും ഞങ്ങളുടെ യജമാനനായിരിക്കുക നിങ്ങളുടെ ആഗ്രഹമാണ്. എന്നാല്‍ എക്കാലത്തും നിങ്ങളുടെ അടിമയായിരിക്കുക എന്നത് ഞങ്ങളുടെ ആഗ്രഹം ആകുന്നത് എങ്ങനെ’ എന്ന അംബേദ്കറിന്റെ ചോദ്യം ഇക്കാലത്തും പ്രസക്തമാണ്.

ദീപ പി മോഹനന്റെ ഗവേഷണ പഠനം മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ തുടങ്ങുന്നത് 2011-12 അധ്യയന വര്‍ഷത്തിലാണ്. ഇതുവരെ ഗവേഷണം പൂര്‍ണമാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. അത് അവരുടെ ഏതെങ്കിലും വ്യക്തിപരമായ കാരണത്താല്‍ സംഭവിച്ചതല്ല. മറിച്ച് ഇപ്പോഴും നമ്മുടെ അക്കാദമിക്ക് രംഗത്ത് നിലനില്‍ക്കുന്ന ജാതി ബോധത്തിന്റെ ഫലമാണ്. എത്രമാത്രം അവഗണനയും തിരസ്‌കരണവുമാണ് സമാന രീതിയില്‍ പഠനം നടത്തുന്നവര്‍ അനുഭവിക്കുന്നത് എന്ന് അറിയാത്തവരല്ല നമ്മള്‍. രോഹിത് വെമുല അതിന്റെ ആഘാതം സഹിക്കാതെ ജീവനൊടുക്കിയതിന്റെ ഭീതി ഇപ്പോഴും അല്‍പ്പമെങ്കിലും മനുഷ്യത്വമുള്ളവരുടെ മനസ്സില്‍ നിന്ന് മാഞ്ഞു പോയിട്ടില്ല. അത്രമാത്രം മാനസിക പീഡനങ്ങള്‍ക്കാണ് ദളിത് വിദ്യാര്‍ഥി സമൂഹം ഇരയാകുന്നത്. അങ്ങനെ അവരുടെ സാമൂഹിക വികാസത്തെ റദ്ദ് ചെയ്യുക എന്നത് സവര്‍ണ അധികാര ഘടനയുടെ ആവശ്യമാണ്. ചിന്തയുടെ വികാസത്തെ നിയന്ത്രിച്ചാല്‍ മാത്രമേ ദളിത് പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക അംഗീകാരത്തെ പ്രതിരോധിക്കാന്‍ കഴിയൂ എന്ന് കേരളത്തിലെ അക്കാദമിക്ക് ജാതിവാദികള്‍ക്ക് അറിയാം. അതിനെ ധൈഷണികമായി പരാജയപ്പെടുത്തുന്നതിന് പുരോഗമന കേരളത്തിന് എന്തുകൊണ്ട് കഴിയുന്നില്ല എന്നുകൂടി ചര്‍ച്ച ചെയ്യേണ്ട കാലമാണിത്.

കേരളത്തില്‍ എന്തുകൊണ്ട് ഇപ്പോഴും ദുരഭിമാന കൊലയും വൈജ്ഞാനിക രംഗത്ത് കടുത്ത ജാതിവിവേചനവും നിലനില്‍ക്കുന്നു എന്ന ചോദ്യത്തിന് പുരോഗമന കേരളം ഉത്തരം നല്‍കണം. കാരണം, അത്രമാത്രം അവകാശവാദങ്ങളിലൂടെയാണ് കേരളത്തിന്റെ കുതിപ്പ്. അവിടെ തുല്യത എന്ന മനുഷ്യന്റെ അടിസ്ഥാന ചിന്തക്ക് ഇടമില്ലാതാകുന്നത് എന്തുകൊണ്ടാണ്. ജാതി വ്യവസ്ഥ സമ്പൂര്‍ണമായും തുല്യതയുടെ നിഷേധമാണ്. അതിനെ അങ്ങനെ നിലനിര്‍ത്തിയാല്‍ മാത്രമേ വരേണ്യ മേധാവിത്വത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയൂ. പതിറ്റാണ്ടുകളുടെ പഴക്കമുള്ള ജാതിബോധം ജനങ്ങളെ വിഭാഗീകരിക്കുന്ന സംവിധാനമായി നിലനില്‍ക്കേണ്ടത് ജാതിയാല്‍ സാമൂഹിക പദവികള്‍ നിലനിര്‍ത്തുന്നവരുടെ ആവശ്യകതയാണ്. ഇതിനെതിരെയാണ് ദീപ പി മോഹനന്‍ സമരം നടത്തിയത്. അവര്‍ ഉന്നയിച്ച ആവശ്യങ്ങളിലേക്ക് സര്‍ക്കാറിനെ എത്തിച്ചത് ശക്തമായ നീതി നിഷേധം സംഭവിച്ചു എന്നതിന്റെ തെളിവാണ്. ഇതിനെ കേവലം ഒരു സമരത്തിന്റെ വിജയം എന്നതിലുപരി അക്കാദമിക് തലത്തിലെ ജാതിക്ക് എതിരെയുള്ള സമരമായി തിരിച്ചറിയണം.

സമര വിജയത്തിന്റെ രാഷ്ട്രീയം
ദീപ പി മോഹനന്‍ തോറ്റവര്‍ക്ക് വേണ്ടി ജീവന്‍ നല്‍കാന്‍ തീരുമാനിച്ച് നടത്തിയ സത്യഗ്രഹ സമരം കേവലം ഒരു വ്യക്തിയുടെ ആവശ്യത്തിന് വേണ്ടിയായിരുന്നില്ല. ജാതിക്ക് എതിരെയാണത്. അതാകട്ടെ, കേരളീയ സമൂഹത്തിന് ശക്തമായ സൂചനയാണ് നല്‍കുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ദളിത് സമൂഹം എന്നത്തേക്കാളും സംഘടിത സമൂഹമായി മാറി എന്നതാണ്. അവിടെ വ്യത്യസ്ത സ്വത്വപ്രകടനങ്ങള്‍ അടിസ്ഥാന വിഷയത്തെ അഡ്രസ്സ് ചെയ്യുന്നതിന് തടസ്സമായി നില്‍ക്കുന്നില്ല. അതുവഴി നിരന്തരം പുരോഗമനവും നവോത്ഥാനവും ഉയര്‍ത്തിക്കാട്ടി കേരളത്തിന്റെ സാമൂഹിക അസമത്വങ്ങളെ മൂടിവെക്കുന്ന കാപട്യത്തെ തുറന്നുകാട്ടാനും കഴിഞ്ഞു. എന്നു മാത്രമല്ല, ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇപ്പോഴും നിലനില്‍ക്കുന്ന ജാതിവിവേചനത്തെ തുറന്ന് കാട്ടാനും പൊതു സമൂഹമധ്യേ എത്തിക്കാനും ഈ വിജയം കാരണമായി.

വിദ്യാഭ്യാസം സാമൂഹിക മൂല്യവ്യവസ്ഥയുടെ ഉത്പന്നമാണ്. അതിനെ കൈയടക്കി വെച്ചാണ് ബ്രാഹ്മണിക്കല്‍ അധികാരം അസമത്വങ്ങളെ വളര്‍ത്തിക്കൊണ്ടുവന്നത്. വിദ്യാഭ്യാസം സകലമാന ജ്ഞാന വ്യവഹാരങ്ങളെയും വികസിപ്പിച്ച് മനുഷ്യനെ ഉന്നതമായ പദവിയിലെത്തിക്കുന്നു. ഇതിനെ ജാതിയുടെ ക്രൂരമായ അടയാളങ്ങള്‍ കൊണ്ട് തടസ്സപ്പെടുത്തുമ്പോള്‍ അതിനെതിരെയുള്ള പ്രതിരോധത്തിന് ജനാധിപത്യ സമൂഹം നേതൃത്വം നല്‍കേണ്ടതാണ്. അത് സംഭവിക്കുന്നില്ല. മറിച്ച് ഇത്തരം അനീതിക്കെതിരെയുള്ള ദളിത് ഒന്നിപ്പുകളെ സ്വത്വരാഷ്ട്രീയമായി ചിത്രീകരിക്കലാണ് പുരോഗമന കേരളത്തിന്റെ പതിവ് രീതി. അങ്ങനെ സമരത്തിന്റെ നൈതികതയെ തകര്‍ക്കുക. ഈ പരിപാടിക്ക് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. ആ പതിവ് രീതിയെ തോല്‍പ്പിച്ചാണ് ജയ് ഭീം ദീപ പി മോഹനന്റെ സമരത്തെ വിജയിപ്പിച്ചത്. ഇത് അത്ര എളുപ്പത്തില്‍ സംഭവിച്ചതല്ല. അത്തരമൊരു തീരുമാനത്തിലെത്തിക്കാന്‍ മാത്രം ദളിത് പാര്‍ശ്വവത്കൃത വിഭാഗങ്ങള്‍ രാഷ്ട്രീയ ശാക്തീകരണം നേടിയിട്ടുണ്ട്. പലവട്ടം ഇത്തരം ജനപക്ഷ സമരങ്ങളെ തീവ്ര രാഷ്ട്രീയത്തിന്റെ പേര് പറഞ്ഞ് പൊതുസമൂഹത്തിന് മുമ്പില്‍ നശിപ്പിച്ച ചരിത്രമുണ്ട് പ്രബുദ്ധ കേരളത്തിന്. അത്തരം ഇടപെടലിനെയൊക്കെ മറികടന്ന് സമരത്തെ വിജയിപ്പിക്കാന്‍ കഴിഞ്ഞത് ദീപ പി മോഹനന്‍ ഉന്നയിച്ച പരാതികള്‍ ശരിയായതുകൊണ്ടാണ്.

മര്‍ദിത ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള പോരാട്ടത്തിന് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. 1907-1910 വരെയുള്ള കാലത്ത് അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ നടന്ന വിദ്യാഭ്യാസ പ്രക്ഷോഭം ജാതിക്കെതിരെയുള്ള സമരമായിരുന്നു. 2021ല്‍ അതേ രീതിയിലുള്ള സമരത്തിന് അയ്യന്‍കാളിയുടെ പുതു തലമുറക്ക് തയ്യാറാകേണ്ടി വന്നത് എന്തുമാത്രം ലജ്ജാകരമാണ്. അതും പുരോഗമന കേരളത്തില്‍. ഈ പശ്ചാത്തലത്തിലാണ് ഈ സമര വിജയം അത്രമാത്രം രാഷ്ട്രീയ പ്രാധാന്യമര്‍ഹിക്കുന്നത്.