Connect with us

സ്മൃതി

സമൃദ്ധമായി ഒഴുകിയ അരുവി

വ്യക്തി ജീവിതത്തില്‍ ഇത്രമാത്രം സൂക്ഷ്മത പുലര്‍ത്തിയിരുന്ന ഒരാളെ കണ്ടെത്തുക പ്രയാസമാണ്. കെ എം ബഷീര്‍ വേര്‍പെട്ടപ്പോള്‍ പത്രപ്രവര്‍ത്തനത്തിലെ സൂഫിയെന്ന് വിളിച്ചപോലെ ജാഫറിനെ എന്തുപേരുകൊണ്ടാണ് വിശേഷിപ്പിക്കുക എന്നറിയില്ല. "പിണങ്ങിയും ഇണങ്ങിയും പ്രപഞ്ചത്തെ സ്‌നേഹിച്ച്, ലോകരെ വിശ്വസിച്ച്, സ്‌നേഹവും കരുതലും നല്‍കുന്നവന്‍' എന്നാണ് ജാഫര്‍ എഫ് ബി അക്കൗണ്ടില്‍ സ്വയം പരിചയപ്പെടുത്തുന്നത്. ജാഫര്‍ എന്ന പേരിന് അറബിയില്‍ അരുവിയെന്നാണ് അര്‍ഥം. അവന്‍ ശാന്തമായൊഴുകിയ അരുവിയായിരുന്നു. പേരു സൂചിപ്പിക്കുന്നപോലെ അവന്‍ സമൃദ്ധിയേയും ഒഴുക്കിനേയും പ്രകടമാക്കി. സ്‌നേഹത്തിന്റെയും കരുതലിന്റെയും സമൃദ്ധി. ജീവിതത്തിന്റെ ശാന്തമായ ഒഴുക്ക്.

Published

|

Last Updated

സിറാജിന്റെ മുറ്റത്ത് പോക്കുവെയില്‍ തളര്‍ന്നു വീണിരുന്നു. നിറയെ ആള്‍ക്കാര്‍ കാത്തിരിക്കുകയാണ്. അവസാനയാത്രയില്‍ ജാഫര്‍ ഒരിക്കല്‍ക്കൂടി അവന്റെ തൊഴിലിടത്തിലേക്ക് വരികയാണ്.കഫന്‍ പുടവയില്‍ ശാന്തമായി ഉറങ്ങുന്ന അവന്റെ ദേഹം ആംബുലന്‍സില്‍ നിന്നിറക്കി സിറാജിന്റെ മുറ്റത്ത് കിടത്തിയപ്പോള്‍ സഹപ്രവര്‍ത്തകര്‍ നെഞ്ചുപൊട്ടുന്ന തേങ്ങലടക്കാന്‍ പാടുപെടുകയായിരുന്നു.

എന്നും ആഹ്ലാദം നിറഞ്ഞിരുന്ന ആ മുഖം നന്നേ ക്ഷീണിതമായിരുന്നു. ദീര്‍ഘകാലം ഉറക്കമിളച്ച് ജോലി ചെയ്തതിന്റെയാണോ വെന്റിലേറ്റര്‍ ഘടിപ്പിച്ച് നാലുനാള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ബോധമറ്റു കിടന്നതിന്റെയാണോ എന്നറിയില്ല. ആ മുഖവും കണ്‍തടവും നന്നേ കരിവാളിച്ചിരുന്നു…അതിയായി ആഗ്രഹിച്ചു നേടിയ പത്രപ്രവര്‍ത്തനമെന്ന ജോലിയോടും അതിലേറെ ഹൃദയത്തിലേറ്റിയ സിറാജെന്ന സ്ഥാപനത്തോടും വിട പറയാന്‍ വന്നിരിക്കുകയാണ് അവന്‍. കണ്ണൂരിലെ മുണ്ടേരി മൊട്ടയിലെ കോളില്‍മൂല പുതിയപുരയില്‍ കാത്തിരിക്കുന്ന ഉപ്പ അബ്ദുർറഹീമിന്റേയും ഉമ്മ ജമീലയുടേയും സഹോദരി റൈഹാനത്തിന്റേയും തന്റെ കടിഞ്ഞൂൽ കുഞ്ഞിനെ ഉദരത്തില്‍ വഹിക്കുന്ന പ്രിയ പത്‌നി സക്കിയയുടേയും അടുക്കലേക്ക് പോകാനായി കൈകളില്‍ ഒന്നുമില്ലാതെ അവന്‍ അവസാനമായി സിറാജിന്റെ പടികളിറങ്ങുകയാണ്…സിറാജിന്റെ മുറ്റത്ത് തേങ്ങല്‍ മാത്രം അവശേഷിച്ചു.

അവനെ അവസാനമായി ഒരു നോക്കു കാണാന്‍ ഓടിയെത്തിയ ഒരമ്മ ആ മോന്‍ പോയി…എന്നു പറഞ്ഞു കണ്ണുനിറച്ചു. അവന് രാവിലെ ദോശ കൊടുക്കുന്ന സിറാജിനടുത്ത ഗീതാ ഹോട്ടലിലെ ബിന്ദു എന്ന അമ്മയാണത്. എത്രയോ മനുഷ്യര്‍ വിശപ്പാറ്റിപ്പോകുന്ന ആ ഹോട്ടലില്‍ ജാഫര്‍ അവര്‍ക്കു സുപരിചിതനായിരുന്നു. അധികമൊന്നും മിണ്ടാറില്ലെങ്കിലും അവനെ അവര്‍ ഓര്‍ത്തുവെച്ചു. അതിരാവിലെ അവന്‍ വരുമ്പോള്‍ മിക്കവാറും ദോശ ആയിട്ടുണ്ടാകില്ല. അവന്‍ അവിടെ ഇരുന്നു പത്രം വായിക്കും. മിക്കവാറും ദിവസങ്ങളിലെ അവരുടെ കൈനീട്ടക്കാരനായിരുന്നു ജാഫര്‍. പിന്നീട് അവന്‍ വരുമ്പോഴേക്കും അവര്‍ ദോശ ചുട്ടുവെച്ചു കാത്തിരുന്നു. അവസാന ദിവസം ഉച്ചയൂണ്‍ കഴിക്കാന്‍ വന്നപ്പോള്‍ തിരക്കിനിടെ ഒന്നു ചിരിച്ചിരുന്നു…അവര്‍ക്ക് കരച്ചിലടക്കാന്‍ കഴിഞ്ഞില്ല. ഒരു നേര്‍ത്ത ചിരികൊണ്ടു മനുഷ്യരുടെ ഹൃദയം കവരാന്‍ കഴിയുന്ന കരുണയും വിനയവും ആയിരുന്നു ജാഫര്‍.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുള്ള ഷിഫ്റ്റില്‍ ജാഫര്‍ ഓണ്‍ലൈന്‍ ഡസ്‌കില്‍ ഉണ്ടായിരുന്നു. അടുത്ത ദിവസം നടക്കാനിരിക്കുന്ന മൗലിദിനു ക്ഷണിച്ചുകൊണ്ടുള്ള നോട്ടീസിനെക്കുറിച്ചു പറഞ്ഞുകൊണ്ടാണ് അന്നത്തെ സംസാരം തുടങ്ങിയത്. ഒമ്പതുമണിയോടെ അവന്‍ നൈറ്റ് ഷിഫ്റ്റില്‍ സെന്‍ട്രല്‍ ഡസ്‌കിലേക്കു പോയി. എണീറ്റുപോകുമ്പോള്‍ മിക്കവാറും വാട്ടര്‍ ബോട്ടിലോ വാച്ചോ കണ്ണടയോ അവന്‍ മേശപ്പുറത്തു മറന്നുവെക്കും. അന്നും അവന്റെ കണ്ണട അവനിരുന്ന കന്പ്യൂട്ടറിനടുത്തുവെച്ചാണവന്‍ പോയത്. തിരികെ പോകുമ്പോള്‍ വീണ്ടും അകത്തു കയറും എന്തെങ്കിലും പറയും. മറന്നുവെച്ചത് എടുക്കും…അതാണ് രീതി. അന്ന് അര്‍ധരാത്രി പന്ത്രണ്ടു കഴിഞ്ഞ് പേജ് കൊടുത്ത് അവന്‍ പോകുമ്പോള്‍ ഓണ്‍ലൈന്‍ ഡസ്‌കിന്റെ വാതില്‍ അല്‍പ്പമൊന്നു തുറന്നു. പോകട്ടേ എന്നു യാത്ര പറഞ്ഞു. അകത്തേക്കു കയറിയില്ല. കണ്ണട എടുത്തുമില്ല.

അല്‍പ്പം കഴിഞ്ഞ് ഡസ്‌ക് കാലിയായി. സിറ്റി പേജും കൊടുത്ത് അവസാനത്തെ സബ് എഡിറ്ററും ഇറങ്ങി. അപ്പോഴും ഓണ്‍ലൈന്‍ ഡസ്‌ക് തുറന്നിരിക്കുകയായിരുന്നു. പോയ പ്രതീഷ് തിരികെ വന്നു വാതില്‍ തുറന്ന് ജാഫര്‍ ഏക്‌സിഡന്റായി എന്നു പറഞ്ഞു. രണ്ടുമണിയുടെ ആലസ്യത്താലാണോ എന്തോ ഒരു ഞെട്ടലുമുണ്ടായില്ല…നമ്മുടെ ജാഫറിനെ കാറിടിച്ചു തെറിപ്പിച്ചു എന്നു പ്രതീഷ് ആവര്‍ത്തിച്ചപ്പോളാണ് നടുങ്ങിപ്പോയത്. ഓടി താഴെ ഇറങ്ങിയപ്പോള്‍ പ്രസ്സിലെ ചിലരും സെക്യൂരിറ്റിയും ഏതാനും പേരും കൂടി നില്‍ക്കുന്നു. ആശുപത്രിയിലുള്ള മുഹമ്മദ് പയ്യോളിയെ വിളിച്ചപ്പോള്‍ അവന്റെ ശബ്ദത്തിന്റെ പതര്‍ച്ചയില്‍ ആ അപകടത്തിന്റെ ഭീതി അത്രയും ഉണ്ടായിരുന്നു. കെ എം ബഷീര്‍ എന്ന സിറാജിന്റെ പ്രിയപ്പെട്ട മാധ്യമ പ്രവര്‍ത്തകനെ തലസ്ഥാന നഗരിയില്‍ വാഹനമിടിച്ചു തെറിപ്പിച്ച അതേ സമയം. സമാനമായ മറ്റൊരു ദുരന്തം.

റോഡില്‍ ഇറങ്ങിനിന്നു. കിട്ടിയ ഓട്ടോയില്‍ ഞങ്ങള്‍ മെഡിക്കല്‍ കോളജിലെ കാഷ്വാലിറ്റിയില്‍ എത്തുമ്പോള്‍ ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും സംഘം ജാഫറിനെ വെന്റിലേറ്റര്‍ ഘടിപ്പിക്കുകയായിരുന്നു. അവന്റെ നെഞ്ച് അസാധാരണമായി ഉയരുന്നുണ്ടായിരുന്നു. കുഴ മറിഞ്ഞുപോയ കൈയും കാലും നേരെയാക്കി കാലില്‍ കനം തൂക്കിയിരുന്നു. അവനെ എക്‌സ് റേക്കും സ്‌കാനിംഗിനുമായി കൊണ്ടുപോകുമ്പോള്‍ തലയുടെ പിന്‍ഭാഗത്തുനിന്നു രക്തം നിലച്ചിരുന്നില്ല. അപ്പോഴേക്കും സിറാജിലെ ജീവനക്കാരും പത്ര ബന്ധുക്കളും അടക്കം നിരവധിപ്പേര്‍ ആശുപത്രിയിലേക്ക് എത്തിക്കൊണ്ടിരുന്നു. കണ്ണൂര്‍ ബ്യൂറോയില്‍ നിന്നു ജാഫറിന്റെ ബന്ധുക്കളെ വിവരം അറിയിച്ചിരുന്നു. നേരം വെളുത്തപ്പോഴേക്കും ഉപ്പയും ബന്ധുക്കളും ആശുപത്രിയില്‍ എത്തി.

ജാഫര്‍ ജീവിതത്തിലേക്കു തിരിച്ചുവരുമെന്ന പ്രതീക്ഷയിലും പ്രാര്‍ഥനയിലുമായിരുന്നു എല്ലാവരും…എല്ലാ കാത്തിരിപ്പും നിഷ്ഫലമായി നാലാം നാള്‍ അവന്‍ പോയി. അനുശോചന കുറിപ്പില്‍ കാന്തപുരം ഉസ്താദ് പറഞ്ഞപോലെ തിരുനബി(സ)യുടെ ജന്മത്താല്‍ അനുഗൃഹീതമായ ഈ മാസത്തിന്റെ പുണ്യംകൊണ്ട് പരലോകത്ത് അവന് ഹൃദ്യമായ വരവേല്‍പ്പുണ്ടാകട്ടെ എന്ന പ്രാര്‍ഥനയായിരുന്നു എല്ലാ മനസ്സുകളിലും.
കണ്ണൂരിലെ ഒരു ഉള്‍ഗ്രാമത്തില്‍നിന്നു മാധ്യമ പ്രവര്‍ത്തനം തിരഞ്ഞെടുക്കുമ്പോള്‍ അവന്റെ ഉള്ളില്‍ ഉറച്ച ഒരു ലക്ഷ്യമുണ്ടായിരുന്നു. അതു സിറാജിന്റെ ഭാഗമാകുക എന്നതു തന്നെയായിരുന്നു. ദീര്‍ഘ കാലത്തെ അനുഭവ സമ്പത്തുണ്ടായിട്ടും ഏതു വിഷയവും കൈകാര്യം ചെയ്യാനുള്ള ആത്മവിശ്വാസം കൈമുതലായിട്ടും അവന്‍ മറ്റൊരിടത്തെക്കുറിച്ചു ചിന്തിച്ചില്ല. മഅ്ദിന്‍ ജേണലിസം സ്‌കൂള്‍ പഠനത്തിനു തിരഞ്ഞെടുത്തതു മുതല്‍ അവന്റെ ജോലിയിലും ജീവിതത്തിലുമെല്ലാം ആ സമര്‍പ്പണം ദൃശ്യമായിരുന്നു. 2015ല്‍ പഠനം പൂര്‍ത്തിയാക്കി പത്രപ്രവര്‍ത്തകനായതു മുതല്‍ സ്വന്തം ജില്ലയില്‍ തൊഴില്‍ ചെയ്യണമെന്ന ആഗ്രഹം പോലും അവന്‍ പ്രകടമാക്കിയില്ല. ജോലിയില്‍ ഒരു മടുപ്പോ വിരസതയോ അവനില്ലായിരുന്നു. അത്രമേല്‍ അവനാ തൊഴിലിനെ സ്‌നേഹിച്ചിരുന്നു. എത്രയോ അര്‍ധരാത്രികളെ പകലാക്കി അവന്‍ തൊഴിലില്‍ മുഴുകി. പരിമിതമായ ഇടങ്ങളില്‍ ഉറങ്ങുകയും ഉണരുകയും ചെയ്തു. വിശപ്പാറ്റാന്‍ മാത്രം ഭക്ഷിച്ചു. കൈയിലുള്ള തുകകൊണ്ട് പലരേയും സഹായിച്ചു. ഉള്ളതിലെല്ലാം അവന്‍ ആഹ്ലാദം കണ്ടെത്തി. അവധി ചോദിക്കുമ്പോള്‍ പോലും മറ്റുള്ളവര്‍ക്കു ഭാരമാവുമോ എന്നവന്‍ ആശങ്കപ്പെട്ടു. ഈ മാസം ആദ്യം അവന്‍ നാല് ദിവസത്തെ ഇടവേളയില്‍ വീട്ടില്‍ പോയിരുന്നു. ഗര്‍ഭിണിയായ ഭാര്യക്ക് കൂട്ടിരുന്നു മതിയാകും മുമ്പ് അവന്‍ തിരികെ പോന്നു.

വ്യക്തി ജീവിതത്തില്‍ ഇത്രമാത്രം സൂക്ഷ്മത പുലര്‍ത്തിയിരുന്ന ഒരാളെ കണ്ടെത്തുക പ്രയാസമാണ്. കെ എം ബഷീര്‍ വേര്‍പെട്ടപ്പോള്‍ പത്രപ്രവര്‍ത്തനത്തിലെ സൂഫിയെന്ന് വിളിച്ചപോലെ ജാഫറിനെ എന്തുപേരുകൊണ്ടാണ് വിശേഷിപ്പിക്കുക എന്നറിയില്ല. “പിണങ്ങിയും ഇണങ്ങിയും പ്രപഞ്ചത്തെ സ്‌നേഹിച്ച്, ലോകരെ വിശ്വസിച്ച്, സ്‌നേഹവും കരുതലും നല്‍കുന്നവന്‍’ എന്നാണ് ജാഫര്‍ എഫ് ബി അക്കൗണ്ടില്‍ സ്വയം പരിചയപ്പെടുത്തുന്നത്. ജാഫര്‍ എന്ന പേരിന് അറബിയില്‍ അരുവിയെന്നാണ് അര്‍ഥം. അവന്‍ ശാന്തമായൊഴുകിയ അരുവിയായിരുന്നു. പേരു സൂചിപ്പിക്കുന്നപോലെ അവന്‍ സമൃദ്ധിയേയും ഒഴുക്കിനേയും പ്രകടമാക്കി. സ്‌നേഹത്തിന്റെയും കരുതലിന്റേയും സമൃദ്ധി. ജീവിതത്തിന്റെ ശാന്തമായ ഒഴുക്ക്.
ഒരു മനുഷ്യനും അവനെക്കുറിച്ച് ഒരു ആക്ഷേപമോ പരാതിയോ ഉണ്ടാകില്ല. അല്ലാഹുവിന്റെ അടുത്തും അങ്ങനെ തന്നെയാവട്ടെ- സയ്യിദ് ഇബ്്റാഹിം ഖലീലുല്‍ ബുഖാരി തങ്ങള്‍ ജാഫറിനെ ഓര്‍ക്കുമ്പോള്‍ കുറിച്ചത് ഇങ്ങനെയായിരുന്നു. അതുതന്നെയാണ് അവന് അത്യാഹിതം സംഭവിച്ച നിമിഷം മുതല്‍ എല്ലാവരും പറഞ്ഞത്. അത്രയും ശാന്തസുന്ദരമായിരുന്നു ആ ജീവിതം.

അവസാനമായി എല്ലാവരും കണ്ടുകണ്ണെടുത്തു. കഫന്‍ പുടവയുടെ മുഖം ആദരവോടെ മൂടി. സിറാജിന്റെ അങ്കണത്തില്‍ നിന്ന് ജാഫര്‍ അവസാനമായി ഇറങ്ങി. അവന്‍ ജോലി ചെയ്തിരുന്ന മുറിയില്‍ ഈ പാതിരാത്രിയില്‍ ഞാന്‍ തനിച്ചിരിക്കുന്നു. പുറത്ത് അവനെ കണ്ണീരോടെ യാത്രയാക്കിയ ബാനറില്‍ അവന്റെ ചിരിക്കുന്ന മുഖം പാറിക്കളിക്കുന്നു. റജിസ്റ്ററില്‍ അവന്‍ അവസാനമായി ഒപ്പുവെച്ച കോളത്തില്‍ ലീവെന്നു മാര്‍ക്ക് ചെയ്ത ചുവന്ന വര നീണ്ടുപോകുന്നു. ഉറക്കം വരാതിരിക്കുന്ന ആ നേരത്ത് വാതില്‍ തുറക്കുന്നു. ചിരിയുമായി അവന്‍ കടന്നു വരുന്നു. അവന്റെ ഇരിപ്പിടത്തില്‍ ഇരിക്കുന്നു. മറന്നുവെച്ച കണ്ണട ധരിക്കുന്നു. ഒരു മടുപ്പുമില്ലാതെ വൃത്താന്തങ്ങളില്‍ മുഴുകുന്നു… ഇല്ല അവന്‍ മരിച്ചിട്ടില്ല.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest