Connect with us

Uae

അബൂദബിയിൽ പ്രകൃതി സംരക്ഷിത മേഖല വിസ്തൃതി വർധിപ്പിക്കും

മൊത്തം വിസ്തൃതി 22,821 ചതുരശ്ര കിലോമീറ്ററിലെത്തും.

Published

|

Last Updated

അബൂദബി| എമിറേറ്റിലെ പ്രകൃതി സംരക്ഷിത മേഖലകളുടെ വിസ്തൃതി വർധിപ്പിക്കാൻ യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ നിർദേശം നൽകി. എമിറേറ്റിന്റെ മൊത്തം വിസ്തൃതിയുടെ 20 ശതമാനമായി വർധിപ്പിക്കണമെന്നാണ് നിർദേശം. സുസ്ഥിരതയിലും പരിസ്ഥിതി സംരക്ഷണത്തിലും യു എ ഇ യുടെ ശ്രമങ്ങൾക്ക് ഇത് കരുത്തേകും.
അബൂദബി പരിസ്ഥിതി ഏജൻസി പുതിയ സംരക്ഷിത മേഖലകൾക്ക് മേൽനോട്ടം വഹിക്കും.

നിലവിലുള്ള സായിദ് പ്രകൃതി സംരക്ഷിത മേഖലകളുടെ ശൃംഖലയിൽ 13 കരയിലെയും ആറ് കടലിലെയും സംരക്ഷിത മേഖലകളാണുള്ളത്. പുതിയത് ഉൾപ്പെടുത്തുന്നതോടെ സംരക്ഷിത മേഖലകളുടെ ആകെ എണ്ണം 26 ആയി ഉയരും. ഇവയുടെ മൊത്തം വിസ്തൃതി 22,821 ചതുരശ്ര കിലോമീറ്ററിലെത്തും.

അൽ വത്ബ ഫോസിൽ ഡ്യൂൺസ് സംരക്ഷിത മേഖല, ലിവ ഭൂഗർഭ ജലസംഭരണി സംരക്ഷിത മേഖല, അൽ ഗാഫ് പ്രകൃതി സംരക്ഷിത മേഖല എന്നിങ്ങനെ കരയിൽ മൂന്ന് പുതിയ സംരക്ഷിത മേഖല കൂട്ടിച്ചേർക്കും. അബൂ അൽ അബിയദ് കടൽ സംരക്ഷിത മേഖല, സിർ ബനി യാസ്, മരുഭൂ ദ്വീപുകൾ കടൽ സംരക്ഷിത മേഖല എന്നിങ്ങനെ പുതിയ കടൽ സംരക്ഷിത മേഖലകൾ വരും. ഒപ്പം ഖസർ അൽ സറാബ് സംരക്ഷിത മേഖലയും റാസ് ഘനാദ കടൽ സംരക്ഷിത മേഖലയും വികസിപ്പിക്കും.
ഈ നിർദേശങ്ങൾ ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിനും ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിനും സംഭാവന നൽകുന്നുവെന്ന് അൽ ദഫ്റ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയും അബൂദബി പരിസ്ഥിതി ഏജൻസി ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്്യാൻ പറഞ്ഞു.

 

 

---- facebook comment plugin here -----

Latest