National
കേരളത്തിന് 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം; ധനമന്ത്രി കെ എന്‍ ബാലഗോപാല്‍
സംസ്ഥാനം മുന്നോട്ടുവച്ചിട്ടുള്ള സില്‍വര്‍ലൈന്‍ പദ്ധതിക്ക് എത്രയും പെട്ടെന്ന് എല്ലാ അനുമതികളും ലഭ്യമാക്കണം.വര്‍ധിച്ചുവരുന്ന റെയില്‍ ഗതാഗത ആവശ്യങ്ങള്‍ കുറ്റമറ്റ നിലയില്‍ നിറവേറ്റാന്‍ നിലവിലെ റെയില്‍ സംവിധാനങ്ങള്‍ക്ക് കഴിയുന്നില്ല.
ന്യൂഡല്‍ഹി | കേരളത്തിന് 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടു.കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രീ ബജറ്റ് ചര്‍ച്ചകളുടെ ഭാഗമായി വിളിച്ചുചേര്‍ത്ത സംസ്ഥാന ധനകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് ആവശ്യം ഉന്നയിച്ചത്. 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് അടുത്ത കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപിക്കണം. മനുഷ്യവിഭവ വികസനം, സുസ്ഥിര വികസന ലക്ഷ്യങ്ങള്‍, സ്റ്റാര്‍ട്ടപ്പ്, നൂതനത്വം തുടങ്ങിയ മേഖലയില്‍ രാജ്യത്തിന് അഭിമാനകരമായ നിലയിലുള്ള നേട്ടങ്ങള്‍ കേരളത്തിനുണ്ട്. അവ നിലനിര്‍ത്തുന്നതിനും കൂടുതല്‍ മുന്നേറുന്നതിനും സഹായകമായ നിലയിലുള്ള സാമ്പത്തിക സഹായം ആവശ്യമാണ്. നിലവിലെ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രയാസങ്ങളും മറികടക്കാന്‍ ഉതകുന്ന നിലയില്‍ രണ്ട് വര്‍ഷ കാലയളവിലെ പ്രത്യേക സാമ്പത്തിക സഹായമാണ് കേരളം ആവശ്യപ്പെട്ടത്.
കോവിഡ് ആഘാതത്തില്‍നിന്ന് കരകയറാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പല നയങ്ങളും നടപടികളും തടസ്സമാകുന്നു. കേരളത്തിന് നിയമപ്രകാരം അര്‍ഹതപ്പെട്ട പരിധയിലുള്ള വായ്പ പോലും എടുക്കാന്‍ അനുവാദം ലഭിക്കാത്ത സ്ഥിതിയാണുള്ളതെന്ന് ധനമന്ത്രി വ്യക്തമാക്കി. പബ്ലിക് അക്കൗണ്ടിലെ തുകയും, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എടുക്കുന്ന വായ്പയും സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍പ്പെടുത്തി, വായ്പാനുവാദത്തില്‍ വെട്ടിക്കുറവ് വരുത്തുന്നു. ഇതുമൂലം ഈവര്‍ഷവും അടുത്തവര്‍ഷവും 5710 കോടി രൂപ വീതമാണ് വായ്പയില്‍ കുറയുന്നത്. കിഫ്ബിയുടെയും പെന്‍ഷന്‍ കമ്പനിയുടെയും മുന്‍കാല കടങ്ങളെ ഈവര്‍ഷത്തെയും അടുത്തവര്‍ഷത്തെയും വായ്പാനുവാദത്തില്‍നിന്ന് കുറയ്ക്കുകയെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍, ദേശീയപാതാ വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കലിന്റെ ചെലവിന്റെ 25 ശതമാനമായ ഏതാണ്ട് 6000 കോടി രൂപ നല്‍കേണ്ടിവന്ന ഏക സംസ്ഥാനവും കേരളമാണെന്നും ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ ചൂണ്ടിക്കാട്ടി.
ഇതിന് തുല്യമായ തുക ഈവര്‍ഷം ഉപാധിരഹിതമായി കടം എടുക്കാന്‍ അനുവദിക്കണം.
പത്താം ധനകാര്യ കമീഷന്‍ ശുപാര്‍ശ ചെയ്ത 3.875 ശതമാനം കേന്ദ്ര നികുതി വിഹിതം പതിനഞ്ചാം ധനകാര്യ കമീഷന്‍ 1.92 ശതമാനമായി വെട്ടിച്ചുരുക്കിയതിലൂടെ സംസ്ഥാനത്തിന്റെ വരുമാനത്തില്‍ വലിയ കുറവുണ്ടായി. ജിഎസ്ടി നഷ്ടപരിഹാരം വെട്ടിക്കുറച്ചതും, റവന്യു കമ്മി ഗ്രാന്റ് അവസാനിക്കുന്നതും കടം എടുക്കുന്നത് വലിയതോതില്‍ വെട്ടിക്കുറച്ചതും സംസ്ഥാനത്തിന് വലിയ സാമ്പത്തിക പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നു. പ്രത്യേക പാക്കേജ് തീരുമാനത്തിനായി ഇവയെല്ലാം പരിഗണിക്കണം. ഒപ്പം, ഈവര്‍ഷത്തെ കടമെടുപ്പ് പരിധി ജിഎസ്ഡിപിയുടെ മൂന്നര ശതമാനമായി ഉയര്‍ത്തണം. ഉപാധിരഹിത കടമെടുപ്പ് അനുവാദവും ഉറപ്പാക്കണം. കിഫ്ബി, പെന്‍ഷന്‍ കമ്പനി എന്നിവ മുന്‍വര്‍ഷങ്ങളില്‍ എടുത്ത വായ്പ ഈവര്‍ഷത്തെയും അടുത്തവര്‍ഷത്തെയും കടപരിധിയില്‍ കുറയ്ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം. ജിഎസ്ടിയിലെ കേന്ദ്ര സംസ്ഥാന നികുതി പങ്ക് വയ്ക്കല്‍ അനുപാതം നിലവിലെ 60:40 എന്നത് 50:50 ആയി പുനര്‍നിര്‍ണയിക്കണം.
5000 കോടിയുടെ വിസില്‍ പാക്കേജ് വേണം
മൂലധന നിക്ഷേപ മേഖലയില്‍ കേരളം ഗണ്യമായ മുന്നേറ്റമാണ് നടത്തുന്നത്. രാജ്യത്തിന്റെ വികസനത്തില്‍ നിര്‍ണായ പങ്ക് വഹിക്കാന്‍ ഉതകുമെന്ന് പ്രതീക്ഷിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെയും തുറമുഖ മേഖലയുടെയും വികസനത്തിന് സംസ്ഥാനത്തിന്റെ ഭാഗമായി വലിയ തുക മുടക്കേണ്ടതുണ്ട്. അതിനാല്‍ കേന്ദ്ര ബജറ്റില്‍ 5000 കോടി രൂപയുടെ ‘വിസല്‍ പാക്കേജ്’ പ്രഖ്യാപിക്കണം.
കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന തുരങ്ക പാതയുടെ നിര്‍മ്മാണം ഉള്‍പ്പെടെ പദ്ധതികള്‍ക്കായും അടിയന്തിരമായി 5000 കോടി രൂപ വേണം. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ബജറ്റില്‍ പ്രഖ്യാപിച്ച മൂലധന നിക്ഷേപ വായ്പാ പദ്ധതിയില്‍നിന്ന് കേരളത്തിന് സഹായമൊന്നും ലഭിച്ചിട്ടുമില്ല എന്നതും പരിഗണിക്കണം.
സില്‍വര്‍ലൈനിന് അനുമതി നല്‍കണം
സംസ്ഥാനം മുന്നോട്ടുവച്ചിട്ടുള്ള സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിക്ക് (സില്‍വര്‍ലൈന്‍) എത്രയും പെട്ടെന്ന് എല്ലാ അനുമതികളും ലഭ്യമാക്കണം. വര്‍ധിച്ചുവരുന്ന റെയില്‍ ഗതാഗത ആവശ്യങ്ങള്‍ കുറ്റമറ്റ നിലയില്‍ നിറവേറ്റാന്‍ നിലവിലെ റെയില്‍ സംവിധാനങ്ങള്‍ക്ക് കഴിയുന്നില്ലെന്നത് അര്‍ദ്ധ അതിവേഗ പാതയുടെ നിര്‍മ്മാണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നുവെന്നതും പരിഗണിക്കണം. നിലിവിലുള്ള റെയില്‍ സംവിധാനങ്ങളുടെ മെച്ചപ്പെടുത്തലിനായുള്ള പദ്ധതികളും വേണം. കൂടുതല്‍ എകസ്പ്രസ്, പാസഞ്ചര്‍ ട്രയിനുകള്‍ അനുവദിക്കണം.
ഓണറേറിയങ്ങള്‍ ഉയര്‍ത്തണം
കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ കേന്ദ്ര വിഹിതം നിലവിലെ 60 ശതമാനത്തില്‍നിന്ന് 75 ശതമാനമായി ഉയര്‍ത്തണം. കേന്ദ്രാവിഷ്‌കൃത പദ്ധതി നടത്തിപ്പിലും മാനദണ്ഡ രൂപീകരണത്തിലും സംസ്ഥാനങ്ങള്‍ക്ക് അധികാരം ഉറപ്പാക്കണം. ഭക്ഷ്യസുരക്ഷാ പദ്ധതിക്കുകീഴിലെ ഭക്ഷ്യധാന്യങ്ങളുടെ സംസ്ഥാനാന്തര ചരക്കുകൂലിയും കൈകാര്യച്ചെലവും റേഷന്‍ വ്യാപരികളുടെ കമീഷനും വര്‍ധിപ്പിക്കണം. ആശ, അങ്കണവാടി ഉള്‍പ്പെടെ വിവിധ സ്‌കീം തൊഴിലാളികളുടെയും പ്രവര്‍ത്തകരുടെയും ഓണറേറിയം ഉയര്‍ത്തണം. എന്‍എസ്എപിയിലെ ക്ഷേമ പെന്‍ഷന്‍ തുകകള്‍, സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയിലെ പാചകച്ചെലവ്, ഭവന നിര്‍മ്മാണ പദ്ധതികളിലെ കേന്ദ്ര സര്‍ക്കാര്‍ വിഹിതം തുടങ്ങിയവയും ഉയര്‍ത്തണം.
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ സ്‌ക്രാപ്പ് പോളിസിയുടെ ഭാഗമായി സംസ്ഥാനത്ത് ഫയര്‍ സര്‍വീസിലെ 220 വാഹനങ്ങള്‍, ആരോഗ്യ വകുപ്പിലെ ആംബുലന്‍സുകള്‍ അടക്കം 800 വാഹനങ്ങള്‍, പൊലീസ് സേനയുടെ നിരവധി വാഹനങ്ങള്‍ ഉള്‍പ്പെടെ കാലഹരണപ്പെട്ടിരിക്കുകയാണ്. ഇവയ്ക്ക് പകരം വാഹനങ്ങള്‍ വാങ്ങാന്‍ കേന്ദ്ര സഹായം വേണം.
കേരളം കാലകാലങ്ങളായി ആവശ്യപ്പെടുന്ന എയിംസ്, കണ്ണൂര്‍ ഇന്റര്‍നാഷണല്‍ ആയൂര്‍വേദ റിസര്‍ച്ച് ഇന്‍സിറ്റിറ്റിയൂട്ട് തുടങ്ങിയ ഈ ബജറ്റില്‍ പ്രഖ്യാപിക്കണം. റബറിന്റെ താങ്ങുവില 250 രൂപയായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കണം. തലശേരി മൈസുരു, നിലമ്പൂര്‍ നഞ്ചന്‍ഗോഡ് റെയില്‍ പാതകളുടെ സര്‍വെയും വിശദ പദ്ധതിരേഖ തയ്യാറാക്കലും നടപടികള്‍ ആരംഭിക്കണം.
കേന്ദ്ര ബജറ്റില്‍ വിലക്കയറ്റം, തൊഴിലില്ലായ്മ, ദാരിദ്രം, സാമ്പത്തിക രംഗത്ത് മൊത്തത്തില്‍ ഡിമാണ്ടില്‍ അടക്കമുണ്ടായിട്ടുള്ള മരവിപ്പ്, അടിസ്ഥാന സൗകര്യങ്ങളിലെ കുറവ് തുടങ്ങിയവ നേരിടാനുള്ള ഊന്നലുകള്‍ ബജറ്റിലുണ്ടാകണമെന്ന് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടു.




