Connect with us

vs achuthananthan

സമരോത്സുക യൗവനം; പുന്നപ്ര വയലാറിന്റെ കരുത്ത്

പാര്‍ട്ടിയെക്കുറിച്ചും നേതാക്കളെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് ശരിയായ മറുപടി നല്‍കാത്തതിന്റെ പേരില്‍ ക്രൂര മര്‍ദ്ദനത്തിന് വി എസ് ഇരയായി. രണ്ടു കാലുകളും ലോക്കപ്പിന്റെ അഴികളിലൂടെ പുറത്തെടുത്തു. തുടര്‍ന്ന് രണ്ടുകാലിലും ലാത്തിവെച്ച് കെട്ടി മര്‍ദ്ദിച്ചു. ഇ എം എസും കെ വി പത്രോസും എവിടെ ഒളിച്ചിരിക്കുന്നുവെന്ന ചോദ്യത്തിന് മറുപടി തേടിയായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനം ശക്തമായപ്പോള്‍ വി എസിന്റെ ബോധം നശിക്കുന്ന അവസ്ഥയായി. അവസാനം തോക്കിന്റെ ബയണറ്റ് ഉള്ളംകാലിലേക്ക് ആഞ്ഞുകുത്തി. പാദം തുളഞ്ഞ് അത് അപ്പുറത്തിറങ്ങി. അതോടെ പാലാ ആശുപത്രിയില്‍ പോലീസുകാര്‍ വി എസിനെ കൊണ്ട് വന്നു ഉപേക്ഷിച്ചു പോയി. മരിച്ചു എന്നു കരുതി അന്ന് പോലീസ് ഉപേക്ഷിച്ച ഇടത്തു നിന്നാണ് വി എസ് വീണ്ടും ഉയര്‍ത്തെഴുന്നേറ്റത്.

Published

|

Last Updated

വി എസ് അച്യുതാനന്ദന്‍ ഓര്‍മയാവുമ്പോള്‍ ഉജ്ജ്വമായ സമരപാരമ്പര്യങ്ങളുടെ കരുത്തുറ്റ ഒരുകണ്ണിയാണു നഷ്ടമാകുന്നത്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് പത്ത് മാസം മുന്‍പ് നടന്ന കേരളത്തിലെ സമര ചരിത്രത്തില്‍ രക്തലിപികള്‍ എഴുതപ്പെട്ട പുന്നപ്ര വയലാര്‍ സമരത്തിന്റെ അനുഭവ സമ്പത്തുമായി വി എസ് നമുക്കിടയില്‍ ഇക്കാലമത്രയും തിളങ്ങി നിന്നു. സമര ഭടന്‍മാരുടെ ക്യാമ്പില്‍ രാഷ്ട്രീയം പകര്‍ന്നു നല്‍കാനെത്തിയ ആ യുവ പോരാളിക്ക് അദ്ഭുതകരമായാണ് ജീവന്‍ തിരികെ കിട്ടിയത്.

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളുടെ വിവിധ ഭാഗങ്ങളില്‍ ജന്മിമാര്‍ക്ക് എതിരേ കുടിയാന്മാരായ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും മുതലാളിമാരില്‍ നിന്നും ചൂഷണം നേരിട്ട കയര്‍ തൊഴിലാളികളും മത്സ്യത്തൊഴിലാളികളുമെല്ലാം ചേര്‍ന്നു നടത്തിയ സമരങ്ങളായിരുന്നു പിന്നീട് ചരിത്രത്തില്‍ പുന്നപ്ര-വയലാര്‍ സമരം എന്നപേരില്‍ അറിയപ്പെട്ടത്. സാര്‍ സി പി രാമസ്വാമി അയ്യര്‍ എന്ന അന്നത്തെ തിരുവിതാംകൂര്‍ ദിവാനെതിരെ നടന്ന ജനകീയപ്രക്ഷോഭങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് പുന്നപ്ര വയലാര്‍ പ്രക്ഷോഭം.

1946 ജനുവരി 15ന് അമേരിക്കന്‍ മോഡല്‍ ഭരണപരിഷ്‌കാരത്തിന്റെ കരട് വിജ്ഞാപനം പുറത്തുവന്നതോടെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി തുറന്ന സമരത്തിലേക്കിറങ്ങുന്നത്. തുടര്‍ച്ചയായ പണിമുടക്കുകള്‍ കയര്‍ ഫാക്ടറി തൊഴിലാളികളുടെയും കര്‍ഷക തൊഴിലാളികളുടെയും മല്‍സ്യത്തൊഴിലാളികളുടെയും ഭാഗത്തുനിന്നുണ്ടായി. രാജവാഴ്ച അവസാനിപ്പിക്കും, ദിവാന്‍ ഭരണം വേണ്ടേ വേണ്ട, അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍, ഉത്തരവാദിത്തഭരണം അനുവദിക്കുക… എന്നിങ്ങനെ പല മുദ്രാവാക്യങ്ങളും ആ സമരത്തില്‍ മുഴങ്ങി.

തൊഴിലാളിവര്‍ഗ്ഗ സമരവും അതിനെ നേരിട്ട പട്ടാള വെടിവെപ്പും രക്തരൂഷിതമായ ചരിത്രത്തിന്റെ ഭാഗമാണ്. പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം കോട്ടയത്തും പൂഞ്ഞാറിലും ഒളിവില്‍ കഴിഞ്ഞശേഷം കെ വി പത്രോസിന്റെ നിര്‍ദ്ദേശപ്രകാരം ആലപ്പുഴയില്‍ എത്തിയ വി എസിനെ സായുധപരിശീലനം ലഭിച്ച സമരസഖാക്കള്‍ക്ക് രാഷ്ട്രീയബോധം കൂടി നല്‍കുന്നതിന് പാര്‍ട്ടി ചുമതലപ്പെടുത്തുകയായിരുന്നു. പുന്നപ്രയില്‍ നിരവധി ക്യാമ്പുകള്‍ക്ക് വി എസ് അക്കാലത്ത് നേതൃത്വം നല്‍കി. ഒരു വോളണ്ടിയര്‍ ക്യാമ്പില്‍ 300 മുതല്‍ 400 വരെ പ്രവര്‍ത്തകരാണ് ഉണ്ടായിരുന്നത്. അത്തരത്തില്‍ മൂന്ന് ക്യാമ്പുകളുടെ ചുമതലയാണ് വി എസിന് ഉണ്ടായിരുന്നത്. പുന്നപ്ര വെടിവെപ്പും എസ് ഐ അടക്കം നിരവധി പോലീസുകാര്‍ മരിച്ചതും ദിവാന്‍ സി പിയുടെ ഉറക്കം കെടുത്തി. അതിനുശേഷമാണ് പൂഞ്ഞാറില്‍ നിന്ന് വി എസ് അറസ്റ്റിലായത്.

പാര്‍ട്ടിയെക്കുറിച്ചും നേതാക്കളെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് ശരിയായ മറുപടി നല്‍കാത്തതിന്റെ പേരില്‍ ക്രൂര മര്‍ദ്ദനത്തിന് വി എസ് ഇരയായി. രണ്ടു കാലുകളും ലോക്കപ്പിന്റെ അഴികളിലൂടെ പുറത്തെടുത്തു. തുടര്‍ന്ന് രണ്ടുകാലിലും ലാത്തിവെച്ച് കെട്ടി മര്‍ദ്ദിച്ചു. ഇ എം എസും കെ വി പത്രോസും എവിടെ ഒളിച്ചിരിക്കുന്നുവെന്ന ചോദ്യത്തിന് മറുപടി തേടിയായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനം ശക്തമായപ്പോള്‍ വി എസിന്റെ ബോധം നശിക്കുന്ന അവസ്ഥയായി. അവസാനം തോക്കിന്റെ ബയണറ്റ് ഉള്ളംകാലിലേക്ക് ആഞ്ഞുകുത്തി. പാദം തുളഞ്ഞ് അത് അപ്പുറത്തിറങ്ങി. അതോടെ പാലാ ആശുപത്രിയില്‍ പോലീസുകാര്‍ വി എസിനെ കൊണ്ട് വന്നു ഉപേക്ഷിച്ചു പോയി. മരിച്ചു എന്നു കരുതി അന്ന് പോലീസ് ഉപേക്ഷിച്ച ഇടത്തു നിന്നാണ് വി എസ് വീണ്ടും ഉയര്‍ത്തെഴുന്നേറ്റത്. ഈ മണ്ണില്‍ പിന്നെയും തലമുറകളെ ആവേശപൂര്‍വ്വം നയിച്ച നേതാവാണ് വി എസ്. വിപ്ലവ മനസ്സുകളില്‍ ഇന്നും അഗ്നി പടര്‍ത്തുന്ന ഓര്‍മ്മയാണ് പുന്നപ്ര വയലാര്‍ സമരം.

1923 ഒക്ടോബര്‍ 20 -നാണ് ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ വേലിക്കകത്ത് വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി എസ് അച്യുതാനന്ദന്‍ ജനിച്ചത്. പതിനൊന്നാമത്തെ വയസ്സാകുമ്പോഴേക്കും അമ്മയേയും അച്ഛനേയും അദ്ദേഹത്തിന് നഷ്ടപ്പെട്ടിരുന്നു. പിന്നെ വളര്‍ത്തിയത് സഹോദരിയാണ്.

1958ല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മറ്റിയില്‍ അംഗമായി വി എസ്. സി പി എമ്മിന്റെ രൂപീകരണത്തില്‍ പങ്കെടുത്ത വി എസ് അതേ ആവേശത്തോടെ സുധീര്‍ഘമായ കാലം പാര്‍ട്ടിയെ നയിച്ചു. ട്രേഡ് യൂണിയന്‍ നേതാവില്‍ നിന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗമായി വളര്‍ന്ന ആ നേതൃ പാടവം ഉശിരുള്ള പ്രതിപക്ഷ നേതാവായും ജനകീയ മുഖ്യമന്ത്രിയായും തിളങ്ങിനിന്നു. വി എസ് വിശ്രമ ജീവിതം നയിക്കും വരെ വിപ്ലവകാരിയുടെ കരുത്ത് പ്രകടമാക്കി.

2020 ഒക്ടോബറില്‍ തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടര്‍ന്ന് കുറച്ചുനാള്‍ അദ്ദേഹത്തിന് ആശുപത്രിയില്‍ കഴിയേണ്ടിവന്നിരുന്നു.ചികിത്സയ്ക്ക് ശേഷം പൂര്‍ണ്ണ വിശ്രം ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നതുവരെ അദ്ദേഹം പൊതു മണ്ഡലത്തില്‍ സജീവമായിരുന്നു.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest