Connect with us

From the print

ഉറ്റവരുടെ ഉടലുകള്‍ തേടി ജനകീയ തിരച്ചില്‍

ജനകീയ തിരച്ചിലിന്റെ ഭാഗായി പരുക്കേറ്റ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരടക്കം ഇന്നലെ സ്വന്തക്കാര്‍ മണ്ണിനടിയില്‍ പെട്ട് പോയിടത്ത് വീണ്ടുമെത്തുകയായിരുന്നു.

Published

|

Last Updated

കല്‍പ്പറ്റ | തലമുറകളായി ജീവിച്ചുപോന്ന വീടില്ല, പാറക്കല്ലുകള്‍ക്കും ചെളിക്കൂമ്പാരങ്ങള്‍ക്കും ഇടയില്‍ വീടുകള്‍ നിന്ന സ്ഥലം ചൂണ്ടിക്കാണിക്കാന്‍ പോലും പറ്റാത്ത അവസ്ഥ. വഴികളിലെല്ലാം ഗര്‍ത്തങ്ങള്‍, നാടിന് അറിവേകിയ പള്ളിക്കൂടമില്ല, കരുന്നുകള്‍ ഓടിനടന്ന കളിമുറ്റമില്ല, നിത്യവും പ്രാര്‍ഥനക്കെത്തിയ ആരാധനാലയങ്ങളില്ല. എങ്ങും മനം മടുപ്പിക്കുന്ന മണം മാത്രം. ശോഷിച്ച വയറുകളുമായി വളര്‍ത്തുമൃഗങ്ങള്‍ അലഞ്ഞ് തിരിയുന്നു. കുത്തിയൊലിച്ചെത്തിയ ഉരുള്‍ ഓര്‍മയാക്കിയ ഉറ്റവരുടെ ഉടലുകള്‍ തേടി തകര്‍ന്നടിഞ്ഞ മണ്ണില്‍ ഉടയവരെത്തിയപ്പോള്‍ കണ്ട കാഴ്ചകള്‍ ഏറെ നൊമ്പരപ്പെടുത്തുന്നതായിരുന്നു.

ആയുസ്സിന്റെ സമ്പാദ്യത്താല്‍ കെട്ടിപ്പൊക്കിയതെല്ലാം നിലംപരിശായിക്കിടക്കുന്നത് കണ്ട് ചിലര്‍ പൊട്ടിക്കരഞ്ഞു. തരിപ്പണമായ വീടിനുള്ളില്‍ കണ്ടെത്തിയ ഉറ്റവരുടെ ഫോട്ടോയും മറ്റും ചിലര്‍ നെഞ്ചോട് ചേര്‍ത്തുപിടിച്ചു. കരച്ചില്‍ പോലും വരാതെ ചിലര്‍ നിര്‍വികാരമായി നിന്നു. ജനകീയ തിരച്ചിലിന്റെ ഭാഗായി പരുക്കേറ്റ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരടക്കം ഇന്നലെ സ്വന്തക്കാര്‍ മണ്ണിനടിയില്‍ പെട്ട് പോയിടത്ത് വീണ്ടുമെത്തുകയായിരുന്നു. മന്ത്രിമാരും ഉദ്യോഗസ്ഥരുമടക്കം വന്‍ ജനാവലിയാണ് തിരച്ചിലിനായി എത്തിയത്.

ഉരുള്‍ വലിയ നാശം വിതച്ച മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം എന്നിവിടങ്ങളില്‍ നിന്ന് ഇന്നലെ മൃതദേങ്ങളൊന്നും കണ്ടെത്താനായില്ല. എന്നാല്‍ ഉരുളൊഴുകിയ കാന്തന്‍പാറയില്‍ നിന്ന് നാല് മൃതദേഹങ്ങള്‍ കണ്ടെത്തിയെങ്കിലും ദുര്‍ഘടപ്രദേശമായതിനാല്‍ എയര്‍ലിഫ്റ്റ് ചെയ്യാനായില്ല. ഇന്ന് പ്രധാനമന്ത്രിയുടെ സന്ദര്‍ശനമുള്ളതിനാല്‍ തിരച്ചില്‍ നടക്കുന്നില്ല. അതോടെ ഒരു ദിവസം കൂടി ഈ മൃതദേഹങ്ങള്‍ അനാഥമായി പുഴയോരത്ത് കിടക്കേണ്ടിവരും. സന്നദ്ധ പ്രവര്‍ത്തകരാണ് സൂചിപ്പാറ വനമേഖലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഉടനെ വനം, റവന്യൂ അധികൃതരെയും കലക്്ടറേറ്റിലെ കണ്‍ട്രോള്‍ റൂമിലും വിവരമറിയിച്ചു. മണിക്കൂറുകള്‍ക്ക് ശേഷം ഹെലികോപ്റ്റര്‍ സംഭവസ്ഥലത്തെത്തിയെങ്കിലും രണ്ട് മൂന്ന് തവണ വട്ടം ചുറ്റിയതല്ലാതെ ഒന്നും ചെയ്യാതെ മടങ്ങി. വൈകീട്ട് മൂന്നിന് വീണ്ടുമെത്തിയ ഹെലികോപ്റ്ററില്‍ നിന്ന് പി പി കിറ്റോ മറ്റ് അനുബന്ധ സൗകര്യങ്ങളോ ഒരുക്കാതെ മൃതദേഹം പൊതിയാനുള്ള കവറും ഗ്ലൗസും മാത്രം ഇട്ടുനല്‍കി മടങ്ങുകയാണുണ്ടായതെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ പറഞ്ഞു. അരമണിക്കൂറിന് ശേഷം തിരച്ചില്‍ അവസാനിപ്പിക്കാനുള്ള നിര്‍ദേശം നല്‍കി സന്നദ്ധ പ്രവര്‍ത്തകരെ ഹെലികോപ്റ്ററില്‍ ബത്തേരിയിലെത്തിക്കുകയായിരുന്നു.

അതിനിടെ, ദുരന്തത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 408 ആയി. 226 മരണങ്ങള്‍ സ്ഥിരീകരിച്ചു. 403 ശരീരഭാഗങ്ങള്‍ കണ്ടെത്തി. 133 പേരെയാണ് കാണാതായത്. ഒരു മൃതദേഹവും മൂന്ന് ശരീര ഭാഗങ്ങളും വെള്ളിയാഴ്ച സംസ്‌കരിച്ചു. 90 ഡി എന്‍ എ സാമ്പിളുകള്‍ കൂടി ശേഖരിച്ചു. പരിശോധനകള്‍ക്കായി 126 പേരുടെ രക്തസാമ്പിളുകള്‍ ശേഖരിച്ചു.

78 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇന്ന് പ്രധാനമന്ത്രിയുടെ സന്ദര്‍ശനമുള്ളതിനാല്‍ ജനകീയ തിരച്ചില്‍ ഇല്ല. ഞായറാഴ്ചയും തിരച്ചില്‍ തുടരും. ക്യാമ്പിലുള്ളവരില്‍ സന്നദ്ധരായവരെ കൂടി ഉള്‍പ്പെടുത്തിയാകും തിരച്ചില്‍. എത്ര ദിവസം കൂടി തിരച്ചില്‍ തുടരുമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രിമാര്‍ അറിയിച്ചു.

തിരച്ചിലില്‍ എന്‍ ഡി ആര്‍ എഫ്, ഫയര്‍ഫോഴ്സ്, പോലീസ് വിഭാഗങ്ങള്‍ക്കൊപ്പം റവന്യൂ ജീവനക്കാരും പ്രദേശവാസികളും ജനപ്രതിനിധികളും സന്നദ്ധപ്രവര്‍ത്തകരും അണിനിരന്നു. ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും മറ്റുമായി കഴിയുന്നവരില്‍ 90 പേരും സംഘത്തോടൊപ്പം ചേര്‍ന്നിരുന്നു. പുഞ്ചിരിമട്ടം, മുണ്ടക്കൈ ടൗണ്‍ഭാഗം, ചൂരല്‍മല സ്‌കൂള്‍ റോഡ് എന്നിവിടങ്ങളിലെല്ലാം പ്രത്യേക വിഭാഗങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍ നടത്തിയത്.

ആറ് വിഭാഗങ്ങളിലായുള്ള സംഘം പ്രധാനയിടങ്ങളെല്ലാം അരിച്ചുപെറുക്കി. ഉത്തരമേഖലാ ഐ ജി. കെ സേതുരാമന്‍ തിരച്ചില്‍ സംഘത്തിന് നേതൃത്വം നല്‍കി. കാണാതായവരുടെ ബന്ധുക്കളും പ്രദേശവാസികളും ജനപ്രതിനിധികളും ചൂണ്ടിക്കാണിച്ച സ്ഥലങ്ങളിലും ആവശ്യപ്പെട്ട സ്ഥലങ്ങളിലുമെല്ലാം വിശദമായ പരിശോധന നടത്തി.